പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് 6 മാസത്തേക്കു സസ്‌പെൻഡ് ചെയ്തശേഷം പി.കെ. ശശി എംഎൽഎ ആദ്യമായി പങ്കെടുത്ത ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടിയിൽ വേദി പങ്കിട്ട് സിപിഎം നേതാക്കളും. ശശിയെ അധ്യക്ഷനാക്കിയും പാർട്ടി ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനെ ഉദ്ഘാടകനാക്കിയുമാണ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ ആശുപത്രി ചെയർമാന്റെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിച്ചത്.

മികച്ച സേവനത്തിനു കേന്ദ്ര സർക്കാരിന്റെ സഹകരണ വികസന ഏജൻസിയായ നാഷനൽ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോർപറേഷന്റെ(എൻസിഡിസി) ദേശീയ അവാർഡ് ആശുപത്രിക്കു ലഭിച്ചതിന്റെ ആഘോഷത്തിലാണ് ജില്ലാ സെക്രട്ടറിയും ശശിയും വേദി പങ്കിട്ടത്. പി.കെ. ശശിയുമായി വേദി പങ്കിടില്ലെന്ന് യുഡിഎഫും ബിജെപിയും നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ പ്രതിനിധികളാരും പങ്കെടുത്തില്ല.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ് ചെർപ്പുളശ്ശേരി സഹകരണ ആശുപത്രി. ശശി പരിപാടിയിൽ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ പരിപാടിയിൽ നിന്നും വിട്ട് നിന്നിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ആശുപത്രിയുടെ സ്ഥാപക ചെയർമാനുമായ പി.കെ. സുധാകരനും ചെർപ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ.ബി. സുഭാഷും ചടങ്ങിൽനിന്നു വിട്ടുനിന്നതു ശശിയെ പരിപാടിയിൽ പങ്കെടുപ്പിച്ചതിന്റെ എതിർപ്പാണെന്നാണു സൂചന. സിപിഎം ജില്ലാ സെക്രട്ടറി ഉദ്ഘാടകനായ പരിപാടിയിൽ പാർട്ടി അച്ചടക്ക നടപടി നേരിട്ട പി.കെ. ശശി എംഎൽഎയെ അധ്യക്ഷനാക്കിയത് പാർട്ടിയുടെ ഒരു ഘടകത്തിലും ചർച്ച ചെയ്യാതെയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.

നടപടിക്ക് വിധേയനായ ശശിയുമായി വേദി പങ്കിട്ടതിലെ അമർഷം ഈ നേതാക്കളുൾപ്പെടെയുള്ള പ്രവർത്തകർ ജില്ലാ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സ്ഥലം എംഎ‍ൽഎ നിലയിൽ മാത്രമാണ് ശശിയുമായി വേദി പങ്കിട്ടതെന്നും ഇതിനെ സംഘടനാ നടപടിയുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. പരാതിയിൽ ഉചിതമായ അന്വേഷണം നടന്നില്ലെന്ന പരാതിക്കാരി ആക്ഷേപിക്കുന്നുണ്ട്. ഈ അവസരത്തിലാണ് പി.കെ.ശശി വേദികളിൽ സജീവമാകുന്നത്. ശശിക്കെതിരെ കർശന നടപടികൾ വേണ്ടെന്ന് സംസ്ഥാന സമിതിയോഗത്തിൽ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.