- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനം നൽകി പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ്; താൻ ഉയർത്തുന്ന വിഷയങ്ങളിൽ രണ്ട് ദിവസത്തിനകം പരിഹാരം കാണമെന്ന് എ.വി. ഗോപിനാഥ്; പെരിങ്ങോട്ടു കുറിശ്ശി പഞ്ചായത്തിലെ 11 കോൺഗ്രസ് അംഗങ്ങളും രാജിഭീഷണിയുമായി രംഗത്ത്; ഗോപിനാഥിനൊപ്പം 42 കൊല്ലമായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തും നഷ്ടമായേക്കും
പാലക്കാട്: കോൺഗ്രസിൽ ഗ്രൂപ്പ് താത്പര്യത്തിന് ഉപരിയായി പാവപ്പെട്ട പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ സാഹചര്യമൊരുക്കണമെന്ന ആവശ്യത്തിലുറച്ച് മുൻ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ്. ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപിയും രമ്യ ഹരിദാസ് എംപിയും ഗോപിനാഥിനെ നേരിൽ കണ്ടെങ്കിലും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം. താൻ ഉയർത്തിക്കാട്ടുന്ന വിഷയങ്ങളിൽ രണ്ട് ദിവസത്തിനകം പരിഹാരം കാണമെന്ന അന്ത്യശാസനവും അദ്ദേഹം പാർട്ടി നേതൃത്വത്തിന് നൽകി. എ.വി.ഗോപിനാഥടക്കം പെരിങ്ങോട്ടു കുറിശ്ശി പഞ്ചായത്തിലെ 11 കോൺഗ്രസ് അംഗങ്ങളാണ് രാജിഭീഷണി ഉയർത്തുന്നത്.
'ഗ്രൂപ്പ് താത്പര്യത്തിന് ഉപരിയായി പാവപ്പെട്ട പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ സാഹചര്യമൊരുക്കിയില്ലെങ്കിൽ താൻ രണ്ടു ദിവസത്തിനകം ഉചിതമായ നടപടി സ്വീകരിക്കും. മറ്റുള്ളവർ ആരൊക്കെ ഒപ്പം വരുമെന്നത് പ്രശ്‌നമല്ല' ഗോപിനാഥ് പറഞ്ഞു. ഒരു മാസം മുമ്പ് ഡിസിസി പ്രസിഡന്റാകാൻ ഒരുങ്ങാൻ രമേശ് ചെന്നിത്തല പറഞ്ഞതാണ്. എന്നാൽ രാത്രി ആയപ്പോഴേക്കും കാര്യങ്ങൾ മാറി മറഞ്ഞു. തന്നെ വെട്ടി. കഴിഞ്ഞ അഞ്ചു വർഷമായി ഇത്തരത്തിൽ അവഗണനയുണ്ട്. കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചിരുന്നു. അദ്ദേഹം വിചാരിച്ചാൽ പ്രശ്‌നം തീരില്ല. നാളെ കെ.സുധാകരൻ വരുന്നുണ്ട്. എന്നാൽ ഗ്രൂപ്പില്ലാതെ നിൽക്കുന്നതാണ് തന്റെ പ്രശ്‌നമെന്നും എന്തൊക്കെ പറഞ്ഞാലും രണ്ടു ദിവസം മാത്രമേ കാത്ത് നിൽക്കൂവെന്നും ഗോപിനാഥ് പറഞ്ഞു.
കഴിഞ്ഞ കുറേവർഷമായി തന്നെയും ഒപ്പമുള്ള പ്രവർത്തകരെയും അവഗണിക്കുന്നതായാരോപിച്ചാണ് എ.വി. ഗോപിനാഥ് പരസ്യമായി രംഗത്തെത്തിയത്. കോൺഗ്രസിന്റെ ജില്ലയിലേതടക്കമുള്ള ജംബോ കമ്മിറ്റികൾ സ്വന്തക്കാരെ കുത്തിനിറയ്ക്കാനുള്ള സ്ഥലമാക്കിയെന്നാരോപിച്ചും കഴിവുള്ളവരെ അംഗീകരിക്കുന്നില്ലെന്ന് വിഷാദിച്ചുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപി. ബുധനാഴ്ച വൈകീട്ട് പെരിങ്ങോട്ടുകുറിശ്ശിയിലെ എ.വി. ഗോപിനാഥിന്റെ വീട്ടിലെത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു സന്ദർശനം. തൊട്ടുമുമ്പ് രമ്യ ഹരിദാസ് എംപി.യും ഗോപിനാഥിനെ സന്ദർശിച്ചിരുന്നു.
നേതൃത്വം ഇഷ്ടപ്പെടാത്തവരെ ഗ്രൂപ്പ് തിരിഞ്ഞു വേട്ടയാടുകയും ഒതുക്കുകയുമാണെന്നു ഗോപിനാഥ് ആരോപിച്ചിരുന്നു. താൻ ഉറച്ച കോൺഗ്രസുകാരനാണ്. സംഘടന ഇല്ലാതാകുന്നതു കണ്ടുനിൽക്കാനാകില്ല. വേണ്ട സമയത്ത് പാർട്ടി അംഗീകാരവും സ്ഥാനങ്ങളും തന്നിട്ടുണ്ട്. സീറ്റും ഭാരവാഹിത്വവും ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തനരീതിയും സമീപനവും മാറ്റാൻ നേതൃത്വം ഒരുക്കമല്ലെങ്കിൽ സ്വന്തം നയവുമായി മുന്നോട്ടു പേകേണ്ടി വരും. തിരഞ്ഞെടുപ്പിൽ സജീവമായിരിക്കുമെന്നും ഏതു മുന്നണിയിലായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നു ഗോപിനാഥ് പറഞ്ഞെങ്കിലും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന രീതിയിലായിരുന്നു എ.വിജയരാഘവന്റെയും മന്ത്രി എ.കെ. ബാലന്റെയും ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ശശി എംഎൽഎയുടെയും പ്രതികരണം. ചർച്ച നടന്നുവെന്നു സൂചിപ്പിച്ച ബാലൻ, എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടുവന്നാൽ ഒറ്റപ്പെടില്ലെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ