മനാമ: എണ്ണവില കുറഞ്ഞതു മൂലമുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിനായി മാംസത്തിനും മാംസ ഉത്പന്നങ്ങൾക്കും സർക്കാർ നൽകി വന്നിരുന്ന സബ്‌സിഡി പിൻവലിക്കുന്നത് ഒരു മാസം കൂടി നീട്ടി വച്ചു. ഓഗസ്റ്റ് ഒന്നു മുതൽ മാംസത്തിനുള്ള സബ്‌സിഡി പിൻവലിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും എംപിമാരുടേയും ഷൂറാ കൗൺസിലിന്റെയും എതിർപ്പിനെ തുടർന്ന് സബ്‌സിഡി പിൻവലിക്കുന്നത് സെപ്റ്റംബർ ഒന്നു വരെ നീട്ടി വയ്ക്കുകയായിരുന്നു.

സബ്‌സിഡി പിൻവലിക്കുന്നത് പൗരന്മാർക്ക് മേൽ എത്രത്തോളം സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് പഠിച്ച ശേഷമായിരിക്കും ഇനി സബ്‌സിഡി പിൻവലിക്കുന്നത് എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ഒക്ടോബർ വരെ സബ്‌സിഡി നൽകാനാണ് പുതിയ തീരുമാനം. ഈ കാലയളവിൽ ജോയിന്റ് പാർലമെന്റ്- പാർലമെന്ററി കമ്മിറ്റികൾ ഇതിനെക്കുറിച്ച് പഠനം നടത്തും. മാംസത്തിന്റെ സബ്‌സിഡി പിൻവലിക്കുന്നതിനു പിന്നാലെ മറ്റു പല അവശ്യ വസ്തുക്കൾക്കും നൽകി വരുന്ന സബ്‌സിഡി പിൻവലിച്ചേക്കുമെന്നാണ് കരുതുന്നത്. ഇത് വിലക്കയറ്റത്തിന് കാരണമായേക്കും.