ദോഹ: ഖത്തർ മിലിട്ടറി സർവീസിലേക്ക് യുവതികളേയും പരിഗണിക്കുന്നതായി റിപ്പോർട്ട്. അതേസമയം പുരുഷന്മാരെപ്പോലെ ഇതു നിർബന്ധിത റിക്രൂട്ട്‌മെന്റ് അല്ലെന്നും യുവതികൾ തങ്ങൾക്ക് ഇഷ്ടമാണെങ്കിൽ മാത്രം സൈന്യത്തിൽ ചേർന്നാൽ മതിയെന്നുമാണ് ഡിഫൻസ് മിനിസ്ട്രി വ്യക്തമാക്കിയിരിക്കുന്നത്.

മിലിട്ടറി സർവീസിലേക്ക് യുവതികളായ കേഡറ്റുകളെ പ്രവേശിപ്പിക്കുന്നതിന് നിലവിൽ ഒരു സ്‌പെഷ്യൽ പ്രോഗ്രാം നടന്നുവരികയാണെന്ന് ഡിഫൻസ് മിനിസ്റ്റർ വ്യക്തമാക്കി. നാഷണൽ സർവീസിലേക്ക് ചേരുന്ന യുവതികളിൽക്ക് ക്യാമ്പുകളിൽ പുരുഷന്മാരെ പോലെ രാത്രിയിൽ തങ്ങേണ്ട ആവശ്യമില്ലെന്നും അവർക്ക് രാവിലെയായിരിക്കും പരിശീലനം നൽകുന്നതെന്നും മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, യുവതികൾക്ക് പരിശീലനം നൽകുന്നത് സ്ത്രീകൾ തന്നെയായിരിക്കുമെന്ന് മേജർ ജനറൽ ഹമദ് ബിൻ അലി അൽ അത്തിയാ അറിയിച്ചു.
രാജ്യത്തിനു വേണ്ടി സേവനം ചെയ്യുകയെന്നത് ഏതൊരു ഖത്തറിയുടേയും ഉത്തരവാദിത്വമാണെന്നും യുവതികൾക്കും ഇതിനുള്ള സാഹചര്യമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അൽ അത്തിയാ കൂട്ടിച്ചേർത്തു.

ഈ രീതിയിൽ നാഷണൽ സർവീസ് സ്‌കീം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും വേണ്ടി വന്നാൽ ഇതുസംബന്ധിച്ച നിയമപരിഷ്‌ക്കാരങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.