മനാമ: രാജ്യത്ത് അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ വിദേശികൾക്ക് ഡ്രൈവിങ് ഫീസ് ചുമത്തണമെന്ന നിർദേശവുമായി എംപി. 100 ദിനാർ ഫീസായി ചുമത്തിയാൽ അതുവഴി ഖജനാവിലേക്ക് പണം കണ്ടെത്താനാവുമെന്നും എംപി ജലാൽ ഖാദിം നിർദേശിക്കുന്നു.

രാജ്യത്ത് ഗതാഗതക്കുരുക്ക് ഒരു പ്രശ്‌നമായി മാറുകയാണെന്നും കൂടുതൽ പേർ വാഹനവുമായി പുറത്തിറങ്ങുന്നതു മൂലം റോഡുകൾ സ്തംഭിക്കുകയാണെന്നും എംപി ചൂണ്ടിക്കാട്ടി. വിദേശ ഡ്രൈവർമാർക്ക് ഫീസ് ഏർപ്പെടുത്തുക, വിദേശികൾക്കുള്ള വെഹിക്കിൾ രജിസ്‌ട്രേഷൻ, ലേണിങ് ലൈസൻസ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയയ്ക്കുള്ള തുക ഇരട്ടിയാക്കുക എന്നിവയാണ് എംപിയുടെ നിർദ്ദേശം.

നിലവിലുള്ള ട്രാഫിക് നിയമം പരിഷ്‌ക്കരിച്ച് വിദേശികൾക്ക് കൂടുതൽ ബാധ്യത വരുത്തുന്ന തരത്തിൽ നിയമനിർമ്മാണം നടത്താനാണ് ജലാൽ ഖാദിം നിർദേശിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് ഒരു പരിഹാരം കാണാൻ ഇത്തരത്തിൽ ശേഖരിക്കുന്ന തുക കൊണ്ട് സാധിക്കുമെന്നും എംപി വിലയിരുത്തുന്നു.

മുമ്പും ഖജനാവിലേക്കുള്ള വരുമാനം വർധിപ്പിക്കാൻ ഏതാനും നിർദേശങ്ങൾ സമർപ്പിച്ചിരുന്ന വ്യക്തിയാണ് എംപി ഖാദിം. പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന നോൺ ബഹ്‌റിനികളായ കുട്ടികൾക്ക് 400 ദിനാർ ഫീസ് ഏർപ്പെടുത്തണമെന്നുള്ളത് ഖാദിമിന്റെ നിർദേശങ്ങളിലൊന്നായിരുന്നു.