ന്യൂഡൽഹി: ജനാധിപത്യത്തിൽ ജനങ്ങൾക്കൊപ്പം തന്നെയാണ് അധികാര സ്ഥാനത്തിരിക്കുന്നവരുടെ സ്ഥാനമെന്നാണ് പൊതുവിൽ പറയാറ്. എന്നാൽ അധികാരത്തിലെത്തിയാൽ പിന്നീട് ജനത്തെ ഭരിക്കുന്നവനായി രാഷ്ട്രീയക്കാർ മാറാറുണ്ട്. സ്വന്തം ശമ്പളം എത്രയെന്ന് നിശ്ചയിക്കുന്ന ഏകവിഭാഗം ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ അത് ഇന്ത്യയിലെ രാഷ്ട്രീയക്കാരാണ്. സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരുടെ പെൻഷൻ പങ്കാളിത്ത പെൻഷനാക്കി മാറ്റിയ ഭരണക്കാർ തന്നെയാണ് തങ്ങളുടെ സ്വന്തം കാര്യത്തിൽ നയാപൈസ ചെലവില്ലാതെ ലക്ഷങ്ങളുടെ ആനുകൂല്യം പ്രതിമാസം പറ്റുന്നത്. ഇപ്പോൾ തന്നെ ശമ്പളവും ആനുകൂല്യങ്ങളും അടക്കം ലക്ഷങ്ങൾ പറ്റുന്ന എംപിമാരുടെ പെൻഷൻ കുത്തനെ ഉയർത്താനാണ് മോദി സർക്കാറിന്റെ പുതിയ തീരുമാനം.

ഒരു ദിവസമെങ്കിലും എംപിയായി സഭയിൽ എത്തിയാൽ പിന്നീട് ജീവിതകാലം മുഴുവൻ ശമ്പള ആനുകൂല്യങ്ങൾ നേടാമെന്ന വിധത്തിലേക്കാണ് പാർലമെന്റ് അംഗങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്‌ക്കരിക്കുന്നത്. ലളിത ജീവിതം നയിക്കണമെന്ന് പറയുകയും സാമ്പത്തിക പ്രതിസന്ധി മൂലം ചെലവുചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോഴാണ് എംപിമാരുടെ പെൻഷൻ ആനുകൂല്യം കുത്തനെ ഉയർത്താൻ മോദി സർക്കാർ ഒരുങ്ങുന്നതെന്നത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുന്നതാണ്. കുടുംബപെൻഷന് അർഹരായ ആശ്രിതരുടെ പട്ടികയിൽ വിധവയായ പെൺമക്കൾ, വിവാഹമോചനം നേടിയ പെൺമക്കൾ എന്നിവരെ ഉൾപ്പെടുത്താനും നിർദ്ദേശിച്ച് രാഷ്ട്രീയക്കാരുടെ കുടുംബത്തെ ഒന്നടങ്കം സംരക്ഷിക്കുന്ന വിധത്തിലാണ് പെൻഷൻ പരിഷ്‌ക്കരണം.

പെൻഷൻ പരിഷ്‌ക്കരണം സംബന്ധിച്ച നിർദ്ദേശം പാർലമെന്ററികാര്യ മന്ത്രാലയം അംഗീകരിച്ച നിർദ്ദേശം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. നിർദ്ദേശത്തിന് മന്ത്രിസഭ അനുമതി നൽകിയാൽ ഇതിനുള്ള ഭേദഗതിബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. സ്വന്തം കാര്യത്തിൽ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ എല്ലാവരും ഒരുമിച്ച് കൈയടിച്ച് പാസാക്കുകയാണ് പതിവായി നടക്കുന്ന കാര്യം എന്നതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ യാതൊരു എതിർപ്പും പാർലമെന്റിൽ ഉയരാനും ഇടയില്ല.

2009ലാണ് എംപിമാരുടെ പെൻഷൻ പരിഷ്‌ക്കരിച്ചുകൊണ്ട് സർക്കാർ തീരുമാനം കൈക്കൊണ്ടത്. ഇത് കഴിഞ്ഞ് അഞ്ച് വർഷം തികയുമ്പോഴാണ് പ്രതിമാസ പെൻഷൻ 75 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. നിലവിൽ 20,000 രൂപയാണ് പാർലമെന്റ് അംഗങ്ങളുടെ പെൻഷൻ. ഇത് 35,00 രൂപയാക്കി ഉയർത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ഈ പെൻഷൻ ഒരു ദിവസമെങ്കിലും പാർലമെന്റിൽ എത്തിയവർക്കാണെങ്കിൽ പാർലമെന്റിലെ സീനിയോരിറ്റി അനുസരിച്ച് ഇതിൽ വൻ വർ്ധനവുണ്ട് താനും. അഞ്ചുകൊല്ലത്തിൽ കൂടുതൽ എംപി.യായി സേവനമനുഷ്ഠിച്ചുവെങ്കിൽ ഓരോ വർഷത്തിനും ഇപ്പോൾ നൽകിവരുന്ന പെൻഷൻ 1500 രൂപയെന്നത് 2000 രൂപയാക്കാനാണ് ഒരുങ്ങുന്നത്. അതായത് പത്തുവർഷം എംപി.യായ ഒരാൾക്ക് 35,000 രൂപ ചുരുങ്ങിയ പെൻഷനും അഞ്ചുവർഷത്തേക്ക് 10,000 രൂപ അധികത്തുകയായും ലഭിക്കും.

നിലവിൽ തന്നെ ശമ്പള ഇനത്തിൽ 50,000 രൂപ എംപിക്ക് ലഭിക്കുന്നുണ്ട്. കൂടാതെ മണ്ഡല അലവൻസായി 45,000 രൂപയും നൽകുന്നു. പാർലമെന്റിന്റെ സമ്മേളന വേളയിലും എംപിമാർക്ക് പ്രതിദിനബത്തയായി 2000 രൂപയാണ് നൽകിവരുന്നത്. ഓഫീസ് ആനുകൂല്യങ്ങളും യാത്രാബത്തയും എല്ലാം നൽകുന്നത് സർക്കാറാണ്. പാർലമെന്റിന്റെ സമിതികളിൽ അംഗങ്ങളായാൽ അതുവഴിയും എംപിമാരുടെ പോക്കറ്റിലേക്ക് പണമെത്തും. ഒരുവർഷത്തേക്ക് ജീവിതപങ്കാളിക്കൊപ്പമോ അല്ലെങ്കിൽ സഹായിക്കൊപ്പമോ 34 സൗജന്യവിമാനയാത്രയും തീവണ്ടികളിൽ എവിടേക്കേ വേണമെങ്കിലും സഹായിക്കൊപ്പം ഫസ്റ്റ് ക്ലാസ് എസി യാത്രയും ഒരു എം പിക്ക് ലഭിക്കും.

എംപിയായിരിക്കുന്ന വേളയിൽ ഡൽഹിയിൽ വാടകയില്ലാതെ ഫ്‌ലാറ്റ് സൗജന്യ വെള്ളവും വൈദ്യതിയും മൂന്നു സൗജന്യ ടെലിഫോണും ലഭിക്കും. കൂടാതെ മെഡിക്കൽ ആനൂകൂല്യങ്ങളും എംപിയായ ആൾക്ക് ലഭിക്കും. ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ മുൻ എംപിമാരുടെ പെൻഷൻ ആനുകൂല്യങ്ങൾ കുത്തനെ വർധിപ്പിക്കാൻ ഒരുങ്ങുന്നത്.

എംപിമാരുടെ സുഖസൗകര്യങ്ങൾക്കായി മാത്രം നടപ്പാക്കുന്ന ഈ നിർദ്ദേശം മൂലം പ്രതിവർഷം 100 കോടിയുടെ അധിക ബാധ്യതയാണ് സർക്കാറിന് ഉണ്ടാകുക. ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന തസ്തികകളിൽ നിയമിതരാകുന്ന ഉദ്യോഗസ്ഥർക്ക് പോലും ലഭിക്കാത്ത ആനുകൂല്യമാണ് പ്രത്യേകിച്ച് യാതൊരു യോഗ്യതയും ആവശ്യമില്ലാത്ത സാമൂഹ്യസേവനത്തിന്റെ പേരിൽ എംപിമാർക്ക് ലഭിക്കുന്നത്. കേന്ദ്രസർവീസിൽനിന്ന് ജോയന്റ് സെക്രട്ടറിയായി വിരമിക്കുന്ന ഉദ്യോഗസ്ഥന് 40,000 രൂപയാണ് ഇപ്പോൾ പെൻഷൻ ലഭിക്കുന്നത്.

എംപിമാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അർഹരായ ആശ്രിതരുടെ പട്ടിക വിപുലപ്പെടുത്താൻ ശ്രമം നടത്തുന്നതും വിമർശനങ്ങൾക്ക് വഴിവെക്കുന്നതാണ്. കുടുംബപെൻഷന് അർഹരായ ആശ്രിതരുടെ പട്ടികയിൽ ഇപ്പോൾ ഭാര്യ, വിവാഹം കഴിയാത്ത പെൺമക്കൾ, പ്രായപൂർത്തിയാകാത്ത ആൺമക്കൾ എന്നിവരാണുള്ളത്. അക്കൂട്ടത്തിൽ വിവാഹമോചനം നേടിയ പെൺമക്കൾ, വിധവയായ പെൺമക്കൾ എന്നിവരെക്കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. 1954ലെ 'എംപി.മാരുടെ ശമ്പളം, അലവൻസ്, പെൻഷൻ ബിൽ' ഇതിനായി ഭേദഗതി ചെയ്യാനാണ് നീക്കം.

എംപി.മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും സംബന്ധിച്ച വിഷയങ്ങൾക്കായി സമിതിയുണ്ട്. ഈ സമിതിയുടെ ശുപാർശപ്രകാരമാണ് പാർലമെന്ററികാര്യ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സാമ്പത്തിക ഞെരുക്കം മൂലം നിയമനങ്ങൾ പോലും തടഞ്ഞുവെക്കുന്ന വേളയിലാണ് കേന്ദ്രസർക്കാർ എംപിമാരുടെ കാര്യത്തിൽ അമിത ശുഷ്‌ക്കാന്തി എടുക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് എംപിമാർക്ക് 3000 രൂപ പെൻഷൻ നിശ്ചയിച്ചത്. അന്ന് ഈ പെൻഷന് അർഹരായവർ അഞ്ച് വർഷമെങ്കിലും കാലാവധി തികച്ചിരിക്കണെന്ന നിബന്ധനയുമുണ്ടായിരുന്നു. എന്നാൽ ഇതാണ് ഇപ്പോൾ ഒരു ദിവസം എംപിയായ ആൾക്കും 35,000 രൂപ പെൻഷൻ ലഭിക്കുന്ന വിധത്തിലേക്ക് സർക്കാർ പരിഷ്‌ക്കരിച്ചിരിക്കുന്നത്.