മോസ്‌കോ: മോസ്‌കോയിൽ റഷ്യൻ യാത്രാ വിമാനം തകർന്ന് വീണു. വിമാനത്തിൽ 71 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടന്നാണ് സൂചനകൾ. സറാത്തോ എയർ ലൈൻസിന്റെ വിമാനമാണ് തകർന്ന് വീണത്. 65 യാത്രക്കാരും 6 ക്രൂ മെമ്പർമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന റഷ്യൻ യാത്രാ വിമാനം ക്ഷണനേരം കൊണ്ട് റഡാറിൽ നിന്ന് കാണാതാവുകയായിരുന്നു.

സറാത്തോ എയർലൈൻസിന്റെ എ.എൻ 148 വിമാനമാണ് റഷ്യൻ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം തകർന്നു വീണത്. ആറുവർഷം പഴക്കമുള്ളതാണ് വിമാനമെന്നാണ് സൂചന. സറാത്തോ എയർലൈൻസ് റഷ്യയിലെ ആഭ്യന്തര വിമാന സർവീസ് നടത്തുന്ന സ്ഥാപനമാണ്. മോസ്‌കോയിൽ നിന്ന് ഉറാലസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

മോസ്‌കോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് രണ്ട് മിനിട്ടിനുള്ളിൽ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായെന്ന് അധികൃതർ അറിയിച്ചു. തെക്ക് കിഴക്ക് മോസ്‌കോയിൽ നിന്ന് 80 കിലോമീറ്റർ അകലെ അർഗുനോവോ ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. അപകട സമയത്ത് 65 യാത്രക്കാരും ആറു വിമാന ജീവനക്കാരും അപകട സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരോ ജീവനക്കാരെ രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക വിവരം.

മഞ്ഞുമൂടിയ സ്ഥലത്ത് വിമാനം തകർന്നുകിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ തകർന്ന ഭാഗങ്ങളാണ് ദൃശ്യങ്ങളിൽ കാണാവുന്നത്. രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയാണ് മോസ്‌കോയിലും പരിസര പ്രദേശങ്ങളിലും ഇതാണോ അപകടകാരണമെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം സോഷ്യൽ മീഡിയവഴി അപകടത്തിന്റെ വിവരങ്ങൾ പലതും പ്രചരിക്കുന്നുമുണ്ട്.