സിഡ്‌നി: വഴിതെറ്റിപ്പോയെന്ന് ഏത് വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞാലും അത്ഭുതമില്ല. എന്നാൽ പൈലറ്റ് പറഞ്ഞാലോ ? അതും വിമാനം തടാകത്തിൽ വീണ ശേഷം. പസഫിക്ക് സമുദ്രത്തിലെ മൈക്രൊനീഷ്യയുടെ ഭാഗമായ വെനോ ദ്വീപിലാണ് സംഭവം. ഇവിടെ ശക്തമായ മഴയ്ക്കിടെ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തൽപെട്ടത്. ചുക്ക് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനമാണ് പൈലറ്റിന് റൺവേയിലേക്കുള്ള ദൂരം തെറ്റിയതിനാൽ തടാകത്തിലേക്ക് വീണത്.

വിമാനം പാതി മുങ്ങിയ അവസ്ഥയായിരുന്നെങ്കിലും ഇതിൽ സഞ്ചരിച്ചിരുന്ന 47 പേരെയും നാട്ടുകാർ ചെറു വള്ളങ്ങളിൽ എത്തി രക്ഷപെടുത്തുകയായിരുന്നു.എയർ ന്യൂഗിനിയുടെ ബോയിങ് 737-800 വിമാനത്തിലെ 35 യാത്രക്കാരും 11 ജീവനക്കാരുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. നാലുപേർക്ക് അസ്ഥികൾ പൊട്ടിയതുൾപ്പെടെ പരുക്കുകളുണ്ട്. നാട്ടുകാർ വള്ളങ്ങളുമായി കുതിച്ചെത്തുമ്പോൾ ക്യാബിനുള്ളിൽ അരയൊപ്പം വെള്ളമുണ്ടായിരുന്നു. യാത്രക്കാരിൽ ചിലർ നീന്തി കരയ്‌ക്കെത്താൻ ശ്രമിച്ചു.

എന്നാൽ മറ്റു ചിലരാകട്ടെ വിമാനത്തിന്റെ ചിറകിൽ ഉൾപ്പടെ കയറി നിന്ന് രക്ഷാ ബോട്ടുകൾക്കായി കാത്തു നിന്നു. ലാൻഡ് ചെയ്യാൻ ഉദ്ദേശിച്ച സ്ഥലത്ത് നിന്നും 150 മീറ്ററിലധികം വിമാനം നീങ്ങിയതാണ് പൈലറ്റിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചതും അപകടത്തിലേക്ക് നീങ്ങിയതും. അപകടത്തിൽപെട്ട വിമാനത്തിന്റെ റജിസ്‌ട്രേഷൻ രേഖകൾ പ്രകാരം ഇത് 2005ൽ നിർമ്മിച്ചതാണെന്നും എയർ ഇന്ത്യ എക്സ്‌പ്രസും മുംബൈ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന വിമാന കമ്പനി ഉപയോഗിച്ചരുന്ന വിമാനമാണെന്നും തെളിഞ്ഞിട്ടുണ്ട്.

മൈക്രൊനീഷ്യ തലസ്ഥാനമായ പോൻപെയിൽനിന്ന് വെനോ ദ്വീപിലിറങ്ങിയശേഷം പോർട്ട് മോസ്ബിയിലേക്കു പോകാനുള്ള വിമാനമായിരുന്നു. പ്രാദേശിക സമയം രാവിലെ ഒൻപതരയോടെയാണ് അകടമുണ്ടായത്. മൂന്നു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട റൺവേയ്ക്ക് 1831 മീറ്റർ നീളമേയുള്ളൂ. രണ്ടാം ലോകയുദ്ധ കാലത്ത് പോരാട്ടങ്ങൾ നടന്നിട്ടുള്ള മേഖലയാണിത്. ഒട്ടേറെ ജപ്പാൻ കപ്പലുകളും വിമാനങ്ങളും ചുക് തടാകത്തിന്റെ അടിത്തട്ടിൽ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. സ്‌കൂബ ഡൈവിങ് വിനോദത്തിനുള്ള പ്രിയമേഖലയാണിപ്പോൾ.

മൈക്രനേഷ്യയിൽ ഇതാദ്യമല്ല ഇത്തരത്തിൽ വിമാനം അപകടത്തിൽ പെടുന്നത്. 2008ൽ ഏഷ്യ പസഫിക്ക് വിമാനമായ ബോയിങ് 737 വിമാനം ഇത്തരത്തിൽ നിയന്ത്രണം വിട്ട് ക്രാഷ് ലാൻഡ് ചെയ്ത സംഭവവും ഉണ്ടായിരുന്നു. മൈക്രോനേഷ്യയിൽ വിമാനം അപകടത്തിൽ പെട്ടതിന് പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ ഉൾപ്പടെ പ്രചരിച്ചിരുന്നു.

മൈക്രോനീഷ്യ എന്ന ദ്വീപ്

ഓസ്‌ട്രേലിയയ്ക്കു വടക്കുകിഴക്കായി, പശ്ചിമ പസിഫിക് സമുദ്രത്തിലെ ആയിരക്കണക്കിന് ചെറുദ്വീപുകളുടെ സമൂഹം. അഞ്ചു സ്വതന്ത്ര രാജ്യങ്ങൾ. അറുനൂറിൽ പരം ദ്വീപുകൾ അടങ്ങുന്ന ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനീഷ്യയാണ് പൊതുവെ 'മൈക്രോനീഷ്യ' എന്നറിയപ്പെടുന്നത്. പലൗ, കിരിബാറ്റി, മാർഷൽ ദ്വീപുകൾ, നൗറു എന്നിവയാണ് മറ്റു സ്വതന്ത്ര രാജ്യങ്ങൾ.