മോസ്‌കോ: റഷ്യയിൽ വിമാനം പറന്നുയരുന്നതിനിടെ യുവാവിനെ ഇടിച്ചു തെറുപ്പിച്ചു. മോസ്‌കോയിലെ വിമാനത്താവളത്തിലെ റൺവേയിൽ നിന്നും വിമാനം പറന്നുയരുന്നതിനിടെ ആയിരുന്നു അപകടം. ഏഥൻസിലേക്ക് പറന്നുയർന്ന ബോയിങ് 737 വിമാനം ഇടിച്ച് 25കാരനാണ് മരിച്ചത്. 

റഷ്യയിലെ ഷെറെമെത്യെവോ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് എട്ടിനാണ് ദാരുണ സംഭവം നടന്നത്. യുവാവിന്റെ ശരീരഭാഗങ്ങളും കോട്ട്, ഷൂലേസ് തുടങ്ങിയവയും മറ്റും ചിതറിയ നിലയിൽ റൺവേയിൽനിന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ ഇതുവരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അർമേനിയയിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവ്.

അപകടത്തിനിടയാക്കിയ വിമാനം ഏതൻസിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. വിമാനത്തിൽ അപകട സമയത്ത് ഉണ്ടായ പാടുകൾ കണ്ടെത്തി. അപകടം നടന്ന റൺവേ താൽക്കാലികമായി അടച്ചു. വിമാനക്കമ്പനിയുടെ വിവിധ സർവീസുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.