ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവനുണ്ടോയെന്ന അന്വേഷണം ശാസ്ത്രം ആരംഭിച്ചിട്ട് കാലങ്ങളേറെയായി. ഇക്കാലത്തിനിടെ ഇതുമായി ബന്ധപ്പെട്ട നിരവധി സൂചനകളും മറ്റും ശാസ്ത്രജ്ഞർക്ക് കണ്ടെത്താൻ സാധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഭൂമിയിലെ പോലെ ജീവനുള്ള അനേകം ഗ്രഹങ്ങൾ ലോകത്ത് പലയിടത്തുമുണ്ടെന്ന റിപ്പോർട്ടുകൾ ശാസ്ത്രലോകം ശരി വച്ചിരിക്കുകയാണ്. ഇതനുസരിച്ച് 39 പ്രകാശ വർഷം അപ്പുറം മറ്റൊരു സൗരയൂഥം കൂടി കണ്ടെത്തിയെന്നാണ് ശാസ്ത്രം അവകാശപ്പെടുന്നത്. ഇതിൽ ഭൂമിയെപ്പോലുള്ള ഏഴ് ഗ്രഹങ്ങൾ ഉള്ളതായി സൂചനയും ലഭിച്ചിട്ടുണ്ട്. അതായത് ഭൂമിയിലെ പോലെ തന്നെയുള്ള താപനിലയും സമുദ്രങ്ങളും അടക്കം ജീവനുള്ള എല്ലാ ലക്ഷണങ്ങളും ഇവിടെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പുതിയ സൗരയൂഥത്തിന്റെ കേന്ദ്രമായി വർത്തിക്കുന്ന നക്ഷത്രത്തിന് ശാസ്ത്രജ്ഞർ ട്രാപ്പിസ്റ്റ്-1 എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിൽ പെട്ട മൂന്ന് ഗ്രഹങ്ങളിൽ ജീവന് വളരാൻ വളരെ അനുകൂലമായ സാഹചര്യങ്ങളാണുള്ളതെന്നും സൂചന ലഭിച്ചിരിക്കുന്നു. അതിനാൽ ഇവയിൽ ഇപ്പോൾ തന്നെ ജീവൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. ഈ ഗ്രഹങ്ങളിൽ ജീവനുണ്ടോ ഇല്ലയോ എന്ന് ഒരു ദശാബ്ദങ്ങൾക്കുള്ളിൽ സ്ഥിരീകരിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും അവർ വ്യക്തമാക്കുന്നു. മറ്റൊരു സ്റ്റാർ സിസ്റ്റത്തിലും ഇത്രയ്ക്കും ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹങ്ങൾ ഇതിന് മുമ്പ് കണ്ടെത്തിയിട്ടില്ല.

ഭൂമിയുടെ ഘടനയ്ക്ക് സമാനമായ വിധത്തിൽ പാറകൾ കൂടിക്കലർന്ന കോമ്പോസിഷനിലാണീ ഗ്രഹങ്ങളും രൂപം കൊണ്ടിരിക്കുന്നത്. ഇവയ്ക്ക് ഭൂമിയുടെ അതേ വലുപ്പവുമാണ്. ഇവയിൽ ആറെണ്ണത്തിലെ ഉപരിതല ഊഷ്മാവ് പൂജ്യം ഡിഗ്രിക്കും 100 ഡിഗ്രിക്കും മധ്യത്തിലാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം ജീവന് വളരാൻ ഏറ്റവും അനുകൂലമായ സാഹചര്യങ്ങളായതിനാൽ ഇവിടങ്ങളിൽ ജീവനുണ്ടാകാൻ സാധ്യതയേറെയാണെന്ന് ഗവേഷകർ ആവർത്തിച്ച് പറയുന്നു. ഈ ഏഴ് ഗ്രഹങ്ങളിൽ മൂന്നെണ്ണം ഹാബിറ്റബിൽ സോണിലാണ് നിലകൊള്ളുന്നതെന്നും അതായത് ഇവയിൽ ജലം നിറഞ്ഞ സമുദ്രങ്ങളും ജീവനും ഇപ്പോൾ തന്നെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.

ഈ ഏഴ് ഗ്രഹങ്ങളിൽ ജീവനുണ്ടോയെന്ന് തങ്ങൾ വിശദമായ പഠനം നടത്താൻ പോകുകയാണെന്നാണ് ബെൽജിയത്തിലെ യൂണിവേഴ്സിറ്റി ഓഫ് ലീജിലെ ആസ്ട്രോണമറും ഈ ഗവേഷണത്തിന്റെ മുഖ്യ ഓഥറുമായ മൈക്കൽ ഗില്ലോൻ പ്രതികരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മാസങ്ങളിലും വർഷങ്ങളിലുമായി ആളുകൾക്ക് പുതിയ സൗരയൂഥത്തെക്കുറിച്ചുള്ള കൂടുതൽ നിർണായകമായ കാര്യങ്ങൾ അറിയാനാകുമെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു. ഓരോ ഗ്രഹത്തെയും 1ബി മുതൽ 1എച്ച് എന്നിങ്ങനെ ലേബൽ ചെയ്തിരിക്കുന്നു. ഇവയെ കണ്ടെത്തിയിരിക്കുന്നത് ട്രാൻസിസ്റ്റ് മെത്തേഡിലൂടെ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ്. ഗവേഷകരുടെ ഒരു അന്താരാഷ്ട്ര ഗ്രൂപ്പാണ് നിരവധി സ്പേസ്, ഗ്രൗണ്ട് ബേസ്ഡ് ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് ട്രാപ്പിസ്റ്റ്- 1 സിസ്റ്റത്തിലെ ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്. അകത്തുള്ള മൂന്ന് ഗ്രഹങ്ങളായ 1ബി, 1സി, 1ഡി എന്നിവ താരതമ്യേന കൂടുതൽ ചൂടേറിയവയായിരിക്കുമെന്നും എന്നാൽ പുറത്തുള്ള ഗ്രഹമായ 1 എച്ച് ഐസ് നിറഞ്ഞ ശീതഗ്രഹമായിരിക്കുമെന്നും ഗവേഷകർ കണക്ക് കൂട്ടുന്നു.