ഡബ്ലിൻ: ഡാർട്ട് സർവീസുകളുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതികൾ നീട്ടി വച്ചതായി ഐറീഷ് റെയിൽ. യൂണിയന്റെ അനവസരത്തിലുള്ള ഇടപെടലാണ് ഡാർട്ട് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസം നിൽക്കുന്നതെന്നാണ് ഐറീഷ് റെയിൽ വ്യക്തമാക്കുന്നത്.

ഏപ്രിൽ പത്തു മുതൽ പത്തു മിനിട്ട് ഇടവിട്ട് ഡാർട്ട് സർവീസുകൾ ഏർപ്പെടുത്താനായിരുന്നു ഐറീഷ് റെയിലിന്റെ തീരുമാനം. എന്നാൽ ഡ്രൈവർമാരുടെ യൂണിയനിൽ നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഐറീഷ് റെയിലിന്റെ തീരുമാനവുമായി മുന്നോട്ടു പോകുകയാണെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള ഭീഷണിയാണ് യൂണിയൻ നടത്തിയത്. 

നിലവിലുള്ള ഷെഡ്യൂളിൽ നിന്ന് മാറി സർവീസ് നടത്താൻ യൂണിയൻ വിസമ്മതിക്കുകയാണെന്നാണ് അധികൃതരുടെ ഭാഷ്യം. കൂടാതെ വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷനുമായി നടത്തിയ ചർച്ചക്കിടയിലും യൂണിയൻ വാക്കൗട്ട് നടത്തിയെന്നും ഐറീഷ് റെയിൽ ആരോപിക്കുന്നു.
25 ശതമാനം വരെ ശമ്പള വർധന ആവശ്യപ്പെട്ടാണ് ഡ്രൈവർമാർ ഇപ്പോൾ ഡാർട്ട് സർവീസിന് എണ്ണം വർധിപ്പിക്കുന്നതിന് തടസം പറയുന്നത്. അധിക സർവീസ് നടത്തുന്നതിന് കൂടുതൽ ഡ്രൈവർമാരെ പരിശീലിപ്പിക്കണമെന്നും പറയപ്പെടുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വന്ന വൻ വർധന മൂലമാണ് ഡാർട്ട് സർവീസ് എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.