മൂന്നാർ: കാന്തല്ലൂരിൽ തോട്ടം സൂപ്പർവൈസറെ യുവാവ് വെട്ടിക്കൊന്നു. ആനച്ചാൽ ചെങ്കുളം സ്വദേശി തോപ്പിൽ ബെന്നി(59) യെയാണ് മറയൂരിനടുത്ത് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാന്തല്ലൂർ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ(27) പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെന്നിയെ വെട്ടിക്കൊന്നത് താനാണെന്ന് സമ്മതിച്ചതായും, ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. ഭാര്യയുമായി അകന്നു ജീവിക്കുന്ന ബെന്നി മൂന്ന് വർഷത്തിലേറെക്കാലമായി അടയ്ക്കാ തോട്ടത്തിൽ ജോലി നോക്കി വരികയായിരുന്നു. തോട്ടത്തിലെ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്നു താമസം. സ്ഥിരമായി മദ്യപിക്കുമായിരുന്ന ബെന്നിയ്‌ക്കൊപ്പം മൂന്ന് ദിവസത്തോളമായി യദുകൃഷ്ണയും ഉണ്ടായിരുന്നതായിട്ടാണ് സൂചന.

രാത്രി വൈകി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വടി കൊണ്ട് അടിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കുപ്പിക്ക് കുത്തിയുമാണ് കൊല നടത്തിയിരിക്കുന്നത്. നേരത്തെയുണ്ടായ ഒരു അപകടത്തിൽ ബെന്നിയുടെ ഒരു കൈയുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.

ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മറയൂർ സിഐ ബിജോയ് പി.ടിയുടെ നേതൃത്വത്തിൽ എസ്‌ഐ ബജിത് ലാൽ, എഎസ്‌ഐ ഗോപി, അശോകൻ സിപിഒമാരായ ഷെമീർ, അനിൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം മറയൂർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

ഭിന്നശേഷിക്കാർക്ക് എന്നും സഹായിയായി ബെന്നി

മറയൂരിൽ കൊല്ലപ്പെട്ട ബെന്നി ഭിന്നശേഷിക്കാർക്ക് എക്കാലവും സഹായിയായിരുന്നു. ജോലിയോടൊപ്പം പൊതുപ്രവർത്തനത്തിലും സജീവമായിരുന്നു. ഭിന്നശേഷിക്കാരുടെയും പ്രദേശവാസികളായ കർഷകരുടെയും പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അവർക്ക് സർക്കാർ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിന് ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.

ഭിന്നശേഷിക്കാരുടെ സംഘടനയുടെ സജീവപ്രവർത്തകനായിരുന്ന ബെന്നി, രോഗികൾക്ക് അർഹമായ ചികിത്സ സഹായങ്ങൾ ലഭ്യമാക്കുന്നതിനും അവർക്ക് അർഹമായ സർട്ടിഫിക്കേറ്റുകളും മറ്റും വാങ്ങി നൽകുന്നതിനുമായി ഏറെ സമയം ചെലവിട്ടിരുന്നു.
കോവിഡ് കാലത്ത് ഭിന്നശേഷിക്കാർക്ക് മുടങ്ങാതെ കഴിക്കേണ്ട മരുന്നുകളും ഭക്ഷ്യ സാധനങ്ങളും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എത്തിച്ചു നൽകിയിരുന്നു.

ബെന്നിയെ കൊലപ്പെടുത്തിയ യദുകൃഷ്ണയും സഹോദരങ്ങളും മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളാണ്. ഇവരുടെ ചികിത്സക്കും ലഭിച്ചിരുന്ന സാമ്പത്തിക ആനുകൂല്യങ്ങളും മറ്റും എത്തിച്ച് നൽകിയിരുന്നതും ബെന്നിമയായിരുന്നു. ബുധനാഴ്‌ച്ച ചെറുവാട് ആദിവാസി കോളനിയിലെ അഡ്വക്കേറ്റ് എ രാജ എം എൽ എ പങ്കെടുത്ത ഭിന്നശേഷിക്കാരുടെ സംഗമത്തിൽ ബെന്നി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ആനുകൂല്യങ്ങൾ സർക്കാർ മറയൂർ മൂന്നാർ , കാന്തല്ലൂർ അടിമാലി മേഖലകളിലേക്ക് അനുവദിച്ചിട്ടുണ്ടെന്ന് അടുപ്പമുള്ളവരെ അറയിക്കുകയും ചെയ്തിരുന്നു. മറയൂർ സ്വദേശി അല്ലങ്കിലും ഈ പ്രദേശത്തെ എന്ത് പ്രശ്നങ്ങളിലും ബെന്നി സജീവമായി ഇടപെട്ടിരുന്നെന്നാണ് നാടുകാർ പറയുന്നത്.