- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് പുതിയ ജനസ്സിൽ പെട്ട മലമ്പനി കണ്ടെത്തി; പ്ലാസ്മോദിയം ഓവേൽ ജനുസിലുള്ള രോഗാണുവിൽ നിന്നുള്ള മലേറിയ ബാധ കണ്ടെത്തിയത് കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൈനികനിൽ; മറ്റുള്ളവരിലേക്ക് രോഗം പകരാതെ തടയാൻ സാധിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; നിപയെ തടഞ്ഞു നിർത്തിയ ആരോഗ്യ വകുപ്പിനും മന്ത്രിക്കും മറ്റൊരു പൊൻതൂവൽ കൂടി
തിരുവനന്തപുരം: നിപ വൈറസിനെ ജാഗ്രത കൊണ്ട് നേരിട്ട നാടാണ് കേരളം. ലോകത്തിന്റെ ഓരോ കോണിലുമുള്ള മലയാളികൾ പലയിടങ്ങളിൽ നിന്നായി കേരളത്തിലേക്ക് എത്തുമ്പോൾ കേട്ടുകേൾവിയില്ലാത്ത രോഗവും പുറകേ എത്താറുണ്ട്. കോവിഡിനെ കേരളത്തിൽ ആദ്യം കണ്ടെത്തിയതും ഇങ്ങനെയാണ്. ഇപ്പോഴിതാ നിപയെ തുരത്തിയ ആരോഗ്യവകുപ്പിന് മറ്റൊരു നേട്ടം കൂടി കൈവന്നിരിക്കുന്നു. സംസ്ഥാനത്ത് പുതിയ ജനുസ്സിൽ വെട്ട മലമ്പനി ബാധയാണ് കണ്ടെത്തിയത്. ഇത് മറ്റുള്ളവരിലേക്ക് പടരും മുമ്പ് തന്നെ ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചത് ആരോഗ്യ വകുപ്പിന്റെ നേട്ടമായി മാറി.
ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്മോദിയം ഓവേൽ ജനുസിലുള്ള രോഗാണുവിൽ നിന്നുള്ള മലേറിയ ബാധയാണിത്. കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു സൈനികനിലാണ് ഈ രോഗം കണ്ടെത്തിയത്. സൈനികൻ സുഡാനിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു. ഒഴിവാക്കാൻ സമയബന്ധിതമായ ചികിത്സ നടത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ ഈ ഈ രോഗം പടരുന്നത് ഒഴിവാക്കാമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസിൽപ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാൽ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്നും മന്ത്രി പറഞ്ഞു. സൈനികന് രോഗം കണ്ടെത്തിയ ഉടൻ തന്നെ മാർഗരേഖ പ്രകാരമുള്ള സമ്പൂർണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഈർജിതമാക്കുകയും ചെയ്തതിനാൽ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാൻ സാധിച്ചുവെന്ന മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്മോദിയം ഓവേൽ രോഗാണു പരത്തുന്ന മലമ്പനി റിപ്പോർട്ട് ചെയ്ത് വരുന്നത്. ഫാൽസിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേൽ കാരണമാകുന്ന മലമ്പനിയെന്നും മറ്റ് മലമ്പനി രോഗങ്ങൾക്ക് സമാനമായ ചികിത്സയാണ് ഓവേൽ കാരണമാകുന്ന മലമ്പനിക്കും നൽകുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിൽ അപൂർവമാണ് ഇത്തരം ജനുസിൽപ്പെട്ട മലമ്പനി റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്സ്, ഫാൽസിപ്പാറം എന്നീ രോഗാണുക്കളാണ് മലമ്പനിക്ക് കാരണമായി കണ്ടുവരുന്നതെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മലമ്പനി
ഒരു കൊതുകുജന്യ രോഗമാണ് മലമ്പനി. ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ, പ്ലാസ്മോദിയം ജനുസിൽപ്പെട്ട ഏകകോശ പരാദ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്. അനോഫിലസ് വിഭാഗത്തിൽ പെട്ട പെൺ കൊതുകുകൾ ആണ് മലമ്പനി പരത്തുന്നത്. വെവാക്സ്, മലേറിയേ, ഓവേൽ, ഫാൽസിപ്പാറം, നോവേല്സി എന്നിങ്ങനെ അഞ്ച് തരം മലമ്പനികളാണുള്ളത്.
രോഗ ലക്ഷണങ്ങൾ
രോഗാരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംമറിച്ചിൽ, ഛർദി, ക്ഷീണം, തൊണ്ടവേദന മുതലായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. കടുത്തതും ഇടവിട്ടുള്ളതുമായ പനിയാണ് മലേറിയയുടെ പ്രത്യേകത. കുളിരും വിറയലും തുടർന്നു പനിയും പ്രത്യക്ഷപ്പെടും. പിന്നീട് രോഗി നന്നായി വിയർക്കുമ്പോൾ ശരീരതാപം താഴുന്നു. നിശ്ചിത ഇടവേളയിലാണ് പനി വീണ്ടും വരിക. ഇടവിട്ടുണ്ടാകുന്ന ഈ പനിക്കിടയിൽ രോഗിക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും കാണുകയുമില്ല. പരിശോധനയിൽ കരളിനും പ്ലീഹയ്ക്കും വീക്കം, വിളർച്ച എന്നിവയുണ്ടാകും. എന്നാൽ ഫാൽസിപ്പാറം മൂലമുള്ള മലേറിയയിൽ മേൽപറഞ്ഞ കൃത്യമായ ഇടവേള കാണുകയില്ല.
പരിശോധനയും ചികിത്സയും
രക്ത സ്മിയർ പരിശോധന, ആർഡിടി എന്നീ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.ചികിത്സഎല്ലാ വിഭാഗത്തിൽപ്പെട്ട മലമ്പനി രോഗങ്ങൾക്കും അംഗീകൃത മാർഗരേഖ പ്രകാരമുള്ള ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. അതിനാൽ മുൻകൂട്ടി കണ്ടുപിടിച്ചു ചികിത്സിച്ചാൽ രോഗം പൂർണമായി ഭേദമാക്കാനും, മറ്റുള്ളവരിലേയ്ക്ക് പകരുന്നത് തടയാനും സാധിക്കും.
രോഗപ്രതിരോധം
മലമ്പനിക്കെതിരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ രോഗം വരാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് അഭികാമ്യം. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. കൊതുകുകൾ മുട്ടയിട്ടു വളരാൻ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം ഒഴിവാക്കുക.
മറുനാടന് ഡെസ്ക്