പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വർധനവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ വിദഗ്ധ നിർമ്മാർജ്ജന ആശയവുമായി അയർലന്റ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുറയ്ക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിക്കാനും സാധിക്കുന്ന ബോട്ടിൽ റിട്ടേൺ സ്‌കീം ആരംഭിക്കാനൊരുങ്ങുകയാണ് ഐറിഷ് എൻവയോൺമെന്റൽ വകുപ്പ്.

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകൾ ഉപയോക്താക്കളിൽ നിന്നും തിരികെ വാങ്ങി ഈ പ്ലാസ്റ്റിക്കിനെ പുനരുപയോഗം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി ഉപയോഗരഹിതമായ എട്ടു മുതൽ 22 % പ്ലാസ്റ്റിക് വരെ പുനരുപയോഗം ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ളവ വെൻഡിങ് മെഷീനുകളിൽ നിക്ഷേപിക്കുകയോ റിട്ടേൺ സെന്ററുകളിൽ മടക്കി നൽകുകയോ ചെയ്യാം. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകൾ ചവറ്റുകുട്ടയിൽ വലിച്ചെറിയാതെ തിരികെ നൽകിയാൽ പണവും ലാഭിക്കാം. ബോട്ടിൽ റിട്ടേൺ ചെയ്താൽ ഒരു നിശ്ചിതതുക തിരികെ ലഭിക്കും.

ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളേജ് എൻവയോൺമെന്റൽ പോളിസിഫെലോ Cara Augustenborg ആണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. ഈ പദ്ധതി നടപ്പിലാകുന്നതോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയുമെന്നാണ് പ്രതീക്ഷ.