ജിദ്ദ: രാജ്യത്ത് പ്ലാസ്റ്റി ഉപയോഗത്തിന് കടുത്ത നിയന്ത്രണം വരുന്നു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് കവറുകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും പാർസൽ ഭക്ഷണം നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വരുന്ന മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബൂഫിയകൾ തുടങ്ങി ഭക്ഷണസാധനങ്ങൾ വിൽക്കുന്ന മുഴുവൻ സ്ഖാപനങ്ങൾക്കും നിയമം ബാധകമാണ്. പ്ലാസ്റ്റിക് കവറുകൾക്കും പാത്രങ്ങൾക്കും പകരം പേപ്പർ ബാഗുകളും അലൂമിനിയം ഫോയിൽ പാത്രങ്ങളും ഉപയോഗിക്കണം. പ്ലാസ്റ്റിക്കിനു പകരം പരിസ്ഥിതി സൗഹൃദവും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ചുള്ള പാത്രങ്ങളും ബാഗുകളും ഉപയോഗിക്കാം.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി അടച്ചുപൂട്ടും. പുതിയ നിയന്ത്രണം സംബന്ധിച്ച് മുഴുവൻ ഭക്ഷണശാലകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് മാർച്ച് ഒന്നു മുതൽ ജിദ്ദയിലെ 14 മുനിസിപ്പാലിറ്റികളും പരിശോധന നടത്തുമെന്ന് മേയർ വ്യക്തമാക്കി.