ഉത്തരാഖണ്ഡ്: രാജ്യത്ത് പ്ലാസ്റ്റിക് അരി വ്യാപകമാകുന്നെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ ഉത്തരാഖണ്ഡിൽ പ്ലാസ്റ്റിക് അരി വിൽക്കുന്നു. ഉത്തർപ്രദേശിലെ ഹാൽഡ്വാനിയിലാണ് പുതുതായി പ്ലാസ്റ്റിക് അരിവിൽപന കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭഗങ്ങളിൽ നേരത്തെയും ഇത്തരം അരിയുടെ വിൽപന കണ്ടെത്തിയിരുന്നു. എന്നാൽ ഉത്തരാഖണ്ഡിലെ ഒരു കുടുംബം വാങ്ങിയ പ്ലാസ്റ്റിക് അരി ഉപയോഗിച്ച് നിർമ്മിച്ച പന്തു കൊണ്ട് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവത്തിന് വൻ മാധ്യമശ്രദ്ധ ലഭിച്ചത്.

ഹാൽഡ്വാനിയിലെ ഒരു കുടുംബം വാങ്ങിയ അരി രുചിവ്യത്യാസത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് അരിയാണെന്ന് കണ്ടെത്തിയത്. ചൂടായ അരി പന്തിന്റെ ആകൃതിയിൽ ഉരുട്ടിയെടുത്താണ് കുട്ടികൾ ക്രിക്കറ്റ് പന്തായി ഉപയോഗിച്ചത്. അരി ഉരുള റബർ പന്തുപോലെ നിലത്ത് എറിഞ്ഞ പൊങ്ങിവരുന്നതും ദൃശ്യങ്ങളിൽ കാണാം.

വാർത്ത പുറത്തു വന്നതോടെ വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് അരി വിൽപന ശ്രദ്ധയിൽ പെട്ടതായും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഹാൽഡ്വാനി സിറ്റി മജിസ്ട്രേറ്റ് കെ.കെ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നേരത്തെ വൻ തോതിൽ പ്ലാസ്റ്റിക് അരി കണ്ടെത്തിയിരുന്നു. തെലങ്കാനയിലെ സരൂർ നഗറിൽ ബിരിയാണിയിൽ പ്ലാസറ്റിക് അരി കണ്ടതിനെ തുടർന്ന് പരാതിപ്പെട്ട മാധ്യമപ്രവർത്തകനെ ഹോട്ടലുടമ മർദ്ദിച്ചത് കഴിഞ്ഞദിവസം വാർത്തയായിരുന്നു.