ന്യൂയോർക്ക്: നഗ്നചിത്രങ്ങളുമായി പ്ലേ ബോയ് മാഗസിൻ ഇനി പുറത്തിറങ്ങില്ല. അടിമുടി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടേയും മറ്റും നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് പ്ലേബോയ് മാഗസിൻ അധികൃതർ വ്യക്തമാക്കി.

ഇന്റർനെറ്റിന്റേയും മറ്റും അതിപ്രസരത്തോടെ ഇനി ഇത്തരം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പ്രസക്തിയില്ലെന്നും അതുകൊണ്ട് മാഗസിൻ അടിമുടി പരിഷ്‌ക്കരിച്ചായിരിക്കും വിപണിയിൽ എത്തിക്കുകയെന്നും ഉടമസ്ഥർ അറിയിക്കുന്നു. ഇന്റർനെറ്റിൽ നഗ്നചിത്രങ്ങളും മറ്റും യഥേഷ്ടം ലഭ്യമായിരിക്കേ, ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രിന്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിൽ വാണിജ്യപരമായ നേട്ടമൊന്നും ഇക്കാലത്ത് ഉണ്ടാകാൻ പോകുന്നില്ല. ഈയൊരു തിരിച്ചറിവിലാണ് സ്ത്രീകളുടെ നഗ്നചിത്രങ്ങൾ മാഗസിൻ താളുകളിൽ നിന്ന് പിൻവലിക്കുന്നത്.

അടുത്തകാലത്തായി പ്ലേബോയ് മാഗസിന്റെ പ്രചാരത്തിൽ ഏറെ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 1970-കളിൽ 5.6 മില്യൺ ആയിരുന്നത് നിലവിൽ എട്ടു ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. പൂർണമായും നഗ്നത വെളിവാക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കില്ലെങ്കിലും സ്ത്രീകളെ പല ഭാവത്തിൽ അവതരിപ്പിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്ന് ഉടമസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

മാഗസിൻ അടിമുടി പരിഷ്‌ക്കരിക്കുന്ന തീരുമാനം പ്ലേബോയ് ഫൗണ്ടറും നിലവിൽ എഡിറ്റർ ഇൻ ചീഫുമായി ഹഗ് ഹെഫ്‌നർ പങ്കെടുത്ത യോഗത്തിലാണ് എടുത്തത്. 1953-ൽ സ്ഥാപിതമായ പ്ലേബോയ് കാലഘട്ടത്തിന് അനുസരിച്ച് മാറുകയാണെന്നാണ് യോഗം പ്രഖ്യാപിച്ചത്. ഇപ്പോൾ തന്നെ പ്ലേബോഗ് വെബ് സൈറ്റിൽ നിന്ന് നഗ്നചിത്രങ്ങൾ എല്ലാം തന്നെ എടുത്തുമാറ്റിക്കഴിഞ്ഞു. ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകൾക്കു കൂടി പ്രാപ്യമായ രീതിയിലാണ് വെബ് സൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.