റോം:  സ്വന്തം കാറാണെന്നു കരുതി അമിത ഉച്ചത്തിൽ പാട്ടുവയ്ക്കാമെന്ന് ആരും കരുതേണ്ട. കാറിനുള്ളിൽ ഉറക്കെ പാട്ടുവയ്ക്കുന്നത് കുറ്റകരമാണെന്ന് പരമോന്നത കോടതി വിധിച്ചു. രാത്രിയിൽ കാറിനുള്ളിൽ ഉച്ചത്തിൽ പാട്ടു വച്ചതിന് ഒരു സിസിലി സ്വദേശി പൊലീസ് പിടിയിലായിരുന്നു. മറ്റുള്ളവരുടെ ഉറക്കത്തെ ശല്യം ചെയ്തുവെന്ന് ആരോപിച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇക്കാര്യം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. 200വാട്ട്‌സിനും 1500 വാട്ട്‌സിനും മധ്യേ ശബ്ദം പുറപ്പെടുവിക്കാൻ കഴിയുന്ന മൂന്ന് ആംപ്ലിഫയർ ഉപയോഗിച്ചാണ് ഇയാൾ കാർ സ്റ്റീരിയോ പ്രവർത്തിപ്പിച്ചിരുന്നത്. മെസിന തെരുവിലൂടെ കാറോടിച്ചു വന്ന ഇയാളെ ശബ്ദമലിനീകരണത്തിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ 300 യൂറോ പിഴയടയ്ക്കാനും കോടതി ചെലവിലേക്ക് 1,000 യൂറോ അടയ്ക്കാനും കോടതി വിധിക്കുകയായിരുന്നു. ഇറ്റലിയുടെ ഭരണഘടനയിൽ 659-ാം വകുപ്പനുസരിച്ച് ശബ്ധമലിനീകരണത്തിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. ഇയാളുടെ കാർ സ്റ്റീരിയോ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.