കൊച്ചി: മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ജിജി തോംസണെ നിയമിച്ചതിനെതിരെ കണ്ണൂർ സ്വദേശി എ.കെ. ഷാജി സമർപ്പിച്ച പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ പൊതുതാല്പര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ജിജി തോംസനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കുന്നത് നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ചീഫ് സെക്രട്ടറിയായിരിക്കെ ജിജി തോംസൺ നടത്തിയ സുവിശേഷ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്നും പകരം വിരമിച്ച ശേഷം അദ്ദേഹത്തിന് പദവികൾ നൽകുകയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.