തിരുവനനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.96 ശതമാനം വിജയമാണ് ഹയർസെക്കൻഡറിയിൽ. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 91.63 ശതമാനമാണ് വിജയം.

ഏറ്റവും കൂടുതൽ വിജയ ശതമാനം കോഴിക്കോടാണ്. കുറവ് പത്തനംതിട്ടയിലും. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് തിരുവനന്തപുരം ജില്ലയിലാണ്. ഉച്ചയ്ക്ക് 12നു സെക്രട്ടേറിയറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണു ഫലം പ്രഖ്യാപിച്ചത്.

ഫലപ്രഖ്യാപനത്തിലെ പിഴവുകൾ ഒഴിവാക്കാൻ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിൽ ഇരട്ടമൂല്യ നിർണയം നടത്തിയിരുന്നു. കഴിഞ്ഞ വർഷം 79.39 ആയിരുന്നു വിജയശതമാനം.2,88,368 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 1,63,908 പെൺകുട്ടികളും 1,24,498 ആൺകുട്ടികളും വിജയിച്ചു.

10839 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 59 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഇതിൽ ഒൻപതെണ്ണം സർക്കാർ സ്‌കൂളുകളാണ്. പട്ടം സെന്റ് മേരീസ് സ്‌കൂളിന് മികച്ച നേട്ടമാണുണ്ടായത്. ഇവിടെ പരീക്ഷയെഴുതിയ കുട്ടികളിൽ 94.8 ശതമാനം പേരും വിജയിച്ചു.

ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ല കോഴിക്കോടും(87.05) ശതമാനം കുറവ് പത്തനംതിട്ട(76.17) ജില്ലയിലുമാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,46,000 വിദ്യാർത്ഥികളും വൊക്കേഷണൽ വിഭാഗത്തിൽ 35,000 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയിരുന്നത്. ടെക്‌നിക്കൽ ഹയർസെക്കൻഡറിയിൽ 78.67 ശതമാനവും കലാമണ്ഡലം ഹയർസെക്കൻഡറിയിൽ 90 ശതമാവും ഓപ്പൺ ഹയർ സെക്കൻഡറിയിൽ 36.95 ശതമാനം വിദ്യാർത്ഥികളും ഉന്നതപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

ഇത്തവണ എല്ലാ ജില്ലകളിലും ഓൺലൈൻ ടാബുലേഷൻ ഏർപ്പെടുത്തിയിരുന്നു. എസ്എസ്എൽസി ഫലത്തിൽ തെറ്റുകൾ കടന്നുകൂടിയ പശ്ചാത്തലത്തിൽ പ്‌ളസ് 2 മൂല്യനിർണയം, ടാബുലേഷൻ, ഡാറ്റാ എൻട്രി എന്നിവ അതീവ ശ്രദ്ധയോടെ ചെയ്യണമെന്ന നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നു. വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് ഒന്നും രണ്ടും വർഷങ്ങളിലായി അൻപത്തിഎണ്ണായിരം കുട്ടികൾ പരീക്ഷ എഴുതിയിരുന്നു.

www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി +2 പരീക്ഷാഫലം അറിയാം. വി.എച്ച്.എസ്.ഇ പരീക്ഷാഫലം www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in, www.itmission.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.