- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടക്കാക്കി തനിക്കാക്കുന്ന സർക്കാർ തന്ത്രം വീണ്ടും! പ്ലസ് വൺ സീറ്റ് ക്ഷാമമെന്ന തുടർ നിലവിളികൾക്ക് പിന്നാലെ അധികബാച്ച് അനുവദിക്കാൻ ആലോചിച്ചു സർക്കാർ; ലക്ഷങ്ങൾ കൈക്കൂലിയായി മറിയുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനങ്ങൾക്ക് വീണ്ടും കളമൊരുങ്ങും; ഖജനാവിൽ നിന്നും കോടികൾ ചോരും
തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ തവണ പ്ലസ് വൺ അഡ്മിഷൻ വാങ്ങാതെ നിരവധി സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. എന്നിട്ടും ഇക്കുറിയും പ്ലസ് വൺ സീറ്റുകൾ ഇല്ലെന്ന നിലവിളികളാണ് പതിവുപോലെ കേട്ടത്. പ്ലസ് വൺ സീറ്റുകൾക്ക് ക്ഷാമമാണ് അതിനാൽ കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ഇക്കുറിയും ശക്തമായിരുന്നു. എന്നാൽ, ഇ നിലവിളികൾക്ക് പിന്നിൽ ശരിക്കും എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങളായിരുന്നു. അതിന് സർക്കാർ വഴങ്ങുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
മാനേജ്മെന്റുകൾക്ക് ലക്ഷങ്ങളാണ് ഒരു അദ്ധ്യാപക നിയമനത്തിനായി കൈക്കൂലിയായി ലഭിക്കുന്നത്. അധിക ബാച്ചുകൾ അനുവദിക്കുമ്പോൾ ഇതിന്റെ ഗുണഭോക്താക്കളായി ഇവരും മാറുമെന്നതാണ് പ്രത്യേകത. സർക്കാർ എയഡഡ് കോളേജുകളുടെ സമ്മർദ്ദത്തിന് വഴങ്ങി പുതിയ ബാച്ചുകൾ അനുവദിക്കുമ്പോൾ ലക്ഷങ്ങൾ ഖജനാവിൽ നിന്നും ചോരുകയും ചെയ്യും. രണ്ട് അലോട്മെന്റിലും സീറ്റ് ലഭിക്കാത്ത കുട്ടികൾ കൂടുതലുള്ള ജില്ലകളിൽ മാത്രമാവും പുതിയ ബാച്ചുകൾ അനുവദിക്കുക എന്നതാണ് സർക്കാർ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. അധിക ബാച്ചുകൾക്കുള്ള ചെലവുമായി ബന്ധപ്പെട്ടു ധനവകുപ്പിന്റെ റിപ്പോർട്ട് കൂടി കണക്കിലെടുത്ത ശേഷമാകും അന്തിമ തീരുമാനം. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കു പോലും പ്ലസ് വൺ പ്രവേശനം കിട്ടുന്നില്ലെന്ന പരാതികളെത്തുടർന്നാണ് നീക്കം. നിയമസഭയിൽ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചു. മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക് പേജിലും രക്ഷിതാക്കൾ പരാതി അറിയിക്കുന്നുണ്ട്. മുഴുവൻ എ പ്ലസുകാർക്ക് ഇഷ്ടപ്പെട്ട സ്കൂളുകളിൽ ഇഷ്ടപ്പെട്ട ബാച്ചുകൾ ലഭിക്കുന്നില്ലെന്നും വ്യാപക പരാതികളുണ്ട്. അതേസമയം, ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിനാൽ സ്ഥിരം അഡീഷനൽ ബാച്ചുകൾ ആവശ്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്.
അപേക്ഷകരുടെ എണ്ണം കൂടുതലായപ്പോൾ 2012 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് താൽക്കാലികമായി അധിക ബാച്ചുകൾ അനുവദിച്ചിരുന്നു. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 40 ബാച്ചുകളാണ് അന്നു നൽകിയത്. 2013 ൽ പുതിയ ബാച്ചുകൾ അനുവദിച്ചതുമില്ല. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 1,21,318 പേരിൽ 1.12 ലക്ഷം പേർക്കും അലോട്മെന്റ് നൽകിയതായി ഹയർ സെക്കൻഡറി വകുപ്പ്. ബാക്കിയുള്ളവരിൽ വിഎച്ച്എസ്ഇ, പോളി ടെക്നിക് കോഴ്സുകൾ തിരഞ്ഞെടുത്തവരും അൺ എയ്ഡഡ് സ്കൂളുകളിൽ പോയവരും ഉണ്ടാകാം. ഓപ്ഷൻ നൽകിയതിലെ അപാകത മൂലം സീറ്റ് ലഭിക്കാത്തവരുമുണ്ട്. ഇവർക്ക് ഓപ്ഷൻ പുതുക്കി നൽകിയാൽ സപ്ലിമെന്ററി അലോട്മെന്റിൽ സീറ്റ് ലഭിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
അതേസമയ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതോടൊപ്പം ഓൺലൈൻവഴിയും വിക്ടേഴ്സ് ചാനൽ വഴിയുമുള്ള ക്ലാസുകളും തുടരുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖയിൽ കോവിഡ് കാലത്ത് ആരംഭിക്കുന്ന ക്ലാസുകൾക്ക് പുതിയ അക്കാദമിക് കലണ്ടറും അക്കാദമിക് അപ്രോച്ചും നടപ്പാക്കുമെന്നും പ്രമോദ് നാരായണിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇതിനായി എസ്ഇആർടിസി, എസ്എസ് കെ, വിക്ടേഴ്സ് ചാനൽ എന്നിവ വഴി പുതിയ പദ്ധതികൾ നടപ്പാക്കും.
കോവിഡ് മാനദണ്ഡം പാലിച്ചു വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. പിടിഎയും പ്രദേ?ശത്തെ ജനകീയ സമിതികളും നേതൃത്വം നൽകും. പൊതു അവധിയല്ലാത്ത ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും. സ്കൂളുകളിലെ 68.19% അദ്ധ്യാപകർ 2 ഡോസ് വാക്സീനും സ്വീകരിച്ചവരാണ്. 23.86% പേർ ആദ്യ ഡോസ് മാത്രം. അനധ്യാപകരിൽ ഇത് യഥാക്രമം 65.52%, 24.42% ആണ്. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു സ്കൂളിലെത്തി ഒക്ടോബർ 20 ന് അകം സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകും. സ്കൂളുകൾ പ്രവർത്തിക്കാനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫിറ്റ്നസ് ഇല്ലെങ്കിൽ കുട്ടികളെ തൊട്ടടുത്ത സ്കൂളിൽ ഇരുത്തും. സ്കൂളിൽ ഡോക്ടറുടെ സേവനം, സിക്ക് റൂം, ഹെൽപ്ലൈൻ എന്നിവയുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ