കൊച്ചി: ദിലീപ് ശിക്ഷിക്കപ്പെടണമെന്നും ഇതിനാവശ്യമായ നിരവധി തെളിവുകൾ പൊലീസിന് കൈമാറിക്കഴിഞ്ഞെന്നും പൾസർ സുനി. ദിലീപിന് കേസിൽ ശിക്ഷ കിട്ടാൻ വേണ്ട ശക്തമായ തെളിവുകൾ പൊലീസിന്റെ പക്കലുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ഇക്കാര്യത്തിൽ കോടതി ഉത്തരവ് ഉണ്ടാവും വരെ ജയിലിൽ തുടരുമെന്നും തന്നെ കാണാനെത്തിയ അഭിഭാഷകൻ അഡ്വ. ആളൂരിനോട് പൾസർ സുനി വ്യക്തമാക്കി. ദിലീപിന്റെ കാര്യത്തിൽ കോടതി ഉത്തരവ് ഉണ്ടാവും വരെ ജയിലിൽ തുടരുമെന്നും ഇനി ആരും തന്നെ പുറത്തിറക്കാൻ മെനക്കെടണ്ടെന്നുമാണ് സുനിയുടെ നിലപാടെന്ന് ജാമ്യഹർജി സമർപ്പിക്കുന്നത് സംമ്പന്ധിച്ച ചർച്ചകൾക്കായി ജയിലിൽച്ചെന്ന് കണ്ട തന്നോട് പൾസർ സുനി പറഞ്ഞതായി അഡ്വ. ആളൂർ മറുനാടനോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ തന്നെ ബലിയാടാക്കി ആരും തലയൂരാൻ ശ്രമിക്കണ്ടന്നും കേസിൽ വിചാരണ നേരിടാൻ താൻ കാത്തിരിക്കുകയാണെന്നും സുനിൽകുമാർ വ്യക്തമാക്കിയതായും ആളൂർ അറിയിച്ചു. കാക്കനാട് ജയിലിൽ ചിലർ തന്നെ വകവരുത്താൻ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സുനിൽകുമാർ ജയിൽ മാറ്റത്തിന് നേരത്തേ അപേക്ഷ നൽകിയിരുന്നു. ദിലീപിന്റ അടുപ്പക്കാരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അഡ്വ. ആളൂർ മുഖേന അങ്കമാലി കോടതിയിലും തുടർന്ന് ഹൈക്കോടതിയിലും നൽകിയ ഹർജികളിൽ സുനിൽകുമാർ ചൂിക്കാട്ടിയിരുന്നു.

ഇത് കണക്കിലെടുത്ത് അടുത്തിടെ കോടതി നിർദ്ദേശപ്രകാരം സുനിൽകുമാറിനെ വിയ്യൂർ ജയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.തുടർന്നും സുനിൽകുമാറിന്റെ അഭിഭാഷകൻ ജാമ്യത്തിനായി ശ്രമിച്ചുവരികയായിരുന്നു.ഇതിനിടെയാണ് ഇനി ജാമ്യത്തിനായി ശ്രമിക്കേണ്ടെന്നും താൻ വിചാരണ നേരിടാൻ മനസ്സാൽ തയ്യാറെടുത്ത് കഴിഞ്ഞതായും സുനിൽകുമാർ അഭിഭാഷകനെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജയിലിലെ കൊയിൻ ബൂത്തിൽ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോഴും സുനി തന്റെ നിലപാട് കുടുംമ്പാംഗങ്ങളോട് വ്യക്തമാക്കിയിരുന്നു.കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള നടൻ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് കേസിലെ മുഖ്യപ്രതി നയം വ്യക്തമാക്കിയിട്ടുള്ളത്. ദിലീപ് ശിക്ഷിക്കപ്പെടാൻ ആവശ്യമായ തെളിവുകൾ പൊലീസിന്റെ പക്കലുണ്ടെന്ന് സുനി പറയുന്നതോടെ കേസിൽ തനിക്ക് അറിയാവുന്ന കാര്യങ്ങളും തെളിവുകളും പൊലീസിന്റെ പക്കലെത്തിയെന്ന് സുനി ഉറപ്പുവരുത്തിയെന്ന സൂചനകളാണ് ലഭിക്കുന്നത്.

പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പൊലീസ് തന്റെ കക്ഷിയെ കേസിൽപ്പെടുത്തിത് എന്നായിരുന്നു ദിലീപിന്റെ ജാമ്യഹർജിയിൽ വാദം നടക്കവെ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ള പ്രോസിക്യൂഷൻ വിഭാഗത്തിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. ഇതേത്തുടർന്ന് മുദ്രവച്ച കവറിൽ പൊലീസ് കോടതിക്ക് തെളിവുകൾ കൈമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ നാല് അപേക്ഷകളിലും ദിലീപിന്റെ ജാമ്യഹർജി കോടതി തള്ളിയത്. കുറ്റപത്രം സമർപ്പിക്കേണ്ട തീയതി അടുത്ത സാഹചര്യത്തിലും കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നതും പരിഗണിച്ചാണ് ഒടുവിൽ 85 ദിവസത്തെ കസ്റ്റഡി അവസാനിപ്പിച്ച് കോടതി ദിലീപിന് കർശന ഉപാധികളോടെ ജാമ്യം നൽകിയത്.

പൊലീസ് സമർപ്പിച്ചിട്ടുള്ള തെളിവുകളകൾ സംമ്പന്ധിച്ച് ഇതുവരെ പുറത്ത്് വന്നിട്ടുള്ളത് ഊഹാപോഹങ്ങൾ മാത്രമാണ്. അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ ദിലീപിനെതിരെ തങ്ങൾക്ക് ലഭിച്ചിട്ടുള്ള തെളിവുകളിൽ കൃത്യത ഉറപ്പിക്കാൻ സുനിയുമായി പലവട്ടം ആശയവിനിമയം നടത്തിയിരുന്നെന്നും ഈ ഘട്ടത്തിൽ ലഭ്യമായ വിവരങ്ങളിൽ നിന്നാണ് ദിലീപിനെ ശിക്ഷ ലഭിക്കാൻ പര്യപ്തമായ തെളിവ് പൊലീസിന്റെ പക്കലുണ്ടെന്ന് സുനി ഉറപ്പിച്ചതെന്നുമാണ് ലഭിക്കുന്ന സൂചനകൾ.

തനിക്ക് ലഭിച്ച വിവരങ്ങൾ സുനി അഭിഭാഷകന് കൈമാറിയിരുന്നു. ഇക്കാര്യത്തിലെ നിയമവശങ്ങൾ അഡ്വ.ആളൂർ സുനിയെ വ്യക്തമായി ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ഇതുകൂടി കണക്കിലെടുത്താണ് ദിലീപ് ശിക്ഷിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിൽ വിചാരണ നേരിടാൻ സുനിൽകുമാർ തയ്യാറെടുത്തിട്ടുള്ളതെന്നാണ് വിവരം. ഇതിനിടെ ദിലീപ് ആണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് പിടിയിലാകുന്നതിന് മുമ്പ് ഒളിവിൽ കഴിയുന്ന വേളയിൽ കോയമ്പത്തൂരിൽ വച്ച് കൂട്ടുകാരൻ ചാർളിയോട് പൾസർ സുനി പറഞ്ഞതായും വെളിപ്പെടുത്തൽ ഉണ്ടായി. ചാർളി കേസിൽ മാപ്പുസാക്ഷിയാകാനാണ് സാധ്യതയെന്നും വിലയിരുത്തലുകൾ വന്നു. പൾസർ പൊലീസ് കസ്റ്റഡിയിലാകുന്നതിന് മുമ്പ് സ്വമേധയാ വെളിപ്പെടുത്തിയതാണ് ഇത് എന്നതിനാൽ തന്നെ ഇത് കേസിൽ നിർണായക മൊഴിയാകുമെന്ന കണക്കുകൂട്ടലും നിയമജ്ഞർ പങ്കുവച്ചിരുന്നു.

ഇതോടൊപ്പം നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടാവാനുള്ള കാര്യം ഉറപ്പിക്കുന്നതിന് വേണ്ട മൊഴികൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദേശയാത്രകൾക്കിടെ ഉൾപ്പെടെ ഉണ്ടായ സംഭവങ്ങളുടെ മൊഴിയാണ് ഗായികയും നടിയുമായ റിമി ടോമിയുടേതുൾപ്പെടെ മജിസ്‌ട്രേറ്റിന് മുന്നിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്.

ദിലീപ് പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ ജയിലിലാണ് സുനിൽകുമാർ കൂടുതൽ സുരക്ഷിതൻ എന്ന നിലയിൽ ആണ് ജാമ്യത്തിന് ശ്രമിക്കേണ്ടതില്ല എന്ന നിലയിലേക്ക് പൾസറും അടുപ്പക്കാരും എത്തിയതെന്നാണ് സൂചന. നേരത്തെ പൾസർ സുനി കേസിലെ മാഡം കാവ്യ മാധവനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കാവ്യ മാധവനുമായി തനിക്ക് അടുത്ത പരിചയമുണ്ട്. പലപ്പോഴും തനിക്ക് പണം തന്നിട്ടുണ്ടെന്നം സുനി പറഞ്ഞിരുന്നു. അതേസമയം സുനി കാവ്യയുടെ സ്ഥാപനമായി ലക്ഷ്യയിൽ എത്തിയെന്നതിന് തെളിവുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യ സ്ഥിരീകരിക്കുന്നതിന പൊലീസിന് സാധിച്ചിരുന്നില്ല. കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചതിൽ പൊലീസിന് സംശയം ഉണ്ട്.

നടി ആക്രമിക്കപ്പെട്ടതിനും മുമ്പും അതിനുശേഷമുള്ള സന്ദർശക രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാർ പറഞ്ഞിരുന്നത്. ദിലീപിനെ അഴിക്കുള്ളിലാക്കിയതിൽ നിർണായകമായത് പൾസർ സുനിയുടെ മൊഴികളായിരുന്നു എന്നതിനാൽ തന്നെയാണ് രജിസ്റ്റർ മനഃപൂർവ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നത്. കാവ്യയുടെ വില്ലയിൽ പോയിട്ടുണ്ടെന്ന് പൾസർ സുനി പൊലീസിന് മൊഴി നൽകിയിരുന്നു. പേരും ഫോൺ നമ്പറും രജിസ്റ്ററിൽ കുറിച്ചെന്നായിരുന്നു പൾസറിന്റെ മൊഴി. അതിനാൽ തന്നെ ഇപ്പോൾ പുറത്തിറങ്ങിയ ദിലീപ് കൂടുതൽ കരുത്തനായ സാഹചര്യത്തിൽ തൽക്കാലം ജയിലിൽ തന്നെ തുടരാൻ പൾസർ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.