ലിപ്പക്കുറവിന്റെ പേരിൽ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പട്ടികയിൽനിന്ന് പുറത്തായ പ്ലൂട്ടോയുടെ കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ നാസയുടെ ന്യൂ ഹൊറൈസൺസ് പേടകം പുറത്തുവിട്ടു. നാസ ഇന്നേവരെ പകർത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും തെളിമയാർന്ന പ്ലൂട്ടോ ചിത്രങ്ങളാണിവ. പ്ലൂട്ടോയിലെ 11,000 അടി ഉയരമുള്ള മലനിരകളുൾപ്പെടെ ഈ ദൃശ്യങ്ങൾ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്.

വെള്ളം തണുത്തുറഞ്ഞ് കട്ടിയായായി സൃഷ്ടിക്കപ്പെട്ട മലനിരകളാണ് പ്ലൂട്ടോയിലുള്ളത്. പ്ലൂട്ടോയിലെ അന്തരീക്ഷം ഇപ്പോഴും സജീവമാണെന്ന് തെളിയിക്കുന്നതാണ് ഈ അറിവുകൾ. അവിടെ ജീവൻ മൊട്ടിടുമോ എന്നും ശാസ്ത്രലോകം കൗതുകത്തോടെ അന്വേഷിക്കുന്നു. പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളായ കെയ്‌റണിന്റെയും ഹൈഡ്രയുടെയും പുതിയ ചിത്രങ്ങളും നാസ പുറത്തുവിട്ടുണ്ട്.

10 കോടി വർഷം മുമ്പെങ്കിലും സൃഷ്ടിക്കപ്പെട്ടവയാണ് പ്ലൂട്ടോയിലെ മഞ്ഞുമലകളെന്ന് ബഹിരാകാശ വിദഗ്ദ്ധർ കരുതുന്നു. സൗരയൂഥത്തിലെ ഏറ്റവും പുതിയ ഗ്രഹോപരിതലങ്ങളിലൊന്നാണ് പ്ലൂട്ടോയുടേതെന്ന് ന്യൂ ഹൊറൈസൺസ് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ അലൻ സ്റ്റേൺ പറഞ്ഞു. പ്ലൂട്ടോയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഗവേഷകരെ പ്രേരിപ്പിക്കുന്നതാണ് ഈ കണ്ടെത്തൽ.

ഏതാണ്ടു 12,500 കിലോമീറ്ററോളംവരെ അടുത്തുനിന്നാണ് ന്യൂ ഹൊറൈസൺസ് ചിത്രങ്ങൾ പകർത്തിയത്. . വലുപ്പക്കുറവുകൊണ്ടു ഗ്രഹങ്ങളുടെ പട്ടികയിൽനിന്നു പുറത്തായ പ്ലൂട്ടോ വിചാരിച്ചതിലും വലുതാണെന്നതാണു ഈ ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. 2370 കിലോമീറ്ററാണു പ്ലൂട്ടോയുടെ വ്യാസം എന്നാണു കണക്കുകൂട്ടൽ. 1930-ൽ പ്ലൂട്ടോ കണ്ടെത്തിയതുമുതൽ അതിന്റെ വലുപ്പത്തെക്കുറിച്ചുള്ള തർക്കമുണ്ടായിരുന്നു.

പ്ലൂട്ടോയുടെ അന്തരീക്ഷം, പ്രതലം, അകക്കാമ്പ്, ഉപഗ്രഹങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള നിരീക്ഷണങ്ങളും ചിത്രങ്ങളിൽനിന്നു ഗവേഷകർ നടത്തിവരികയാണ്. ഇത്രയും വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താനായതോടെ, പ്ലൂട്ടോയെക്കുറിച്ചുള്ള പഠനം എളുപ്പമാകുമെന്ന് അവർ കരുതുന്നു.

പ്ലൂട്ടോയെക്കുറിച്ചും അതു സ്ഥിതിചെയ്യുന്ന സൗരയൂഥഭാഗമായ കിയ്പർ വലയത്തെക്കുറിച്ചും പഠിക്കാൻ ഒൻപതു വർഷം മുൻപാണു നാസ ന്യൂ ഹൊറൈസൺസ് പേടകം അയച്ചത്. 2006 ജനുവരി 19-നു കേപ് കനാവറൽ സ്‌പേസ് സ്റ്റേഷനിൽനിന്നു പേടകം അതിന്റെ യാത്ര ആരംഭിച്ചപ്പോൾ പ്ലൂട്ടോ സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹമായിരുന്നു. എന്നാൽ, വലിപ്പക്കുറവിന്റെ പേരിൽ 2006 ഓഗസ്റ്റിൽ രാജ്യാന്തര ജ്യോതിശാസ്ത്ര സമിതി പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി.