പത്തനംതിട്ട: കേരളത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയിൽ എത്തി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഇത് രണ്ടാം തവണയാണ് മോദി കേരളത്തിൽ എത്തുന്നത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗം് കോന്നിയിലെ പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തി.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് വൻ സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് കോന്നിയിലെ ബിജെപി സ്ഥാനാർത്ഥി. ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് കോന്നി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ നിന്നും അദ്ദേഹം മത്സരിച്ചിരുന്നു.

കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടത്തിയ പ്രസംഗത്തിൽ നരേന്ദ്ര മോദി ശബരിമല വിഷയത്തിൽ മോദി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കോന്നിയിലെ പ്രചാരണത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. അവിടെ നിന്ന് വൈകിട്ടോടെ നാഗർകോവിലിലേക്ക് പോകും.