ജൂലിയ ഹാർട്‌ലെബ്രീവെർ എന്ന മാധ്യമപ്രവർത്തകയുടെ നിതംബത്തിൽ ബോധപൂർവം സ്പർശിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കൽ ഫാലൻ രാജി വച്ചുവെന്നായിരുന്നു ഇന്നലെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. എന്നാൽ 15 വർഷങ്ങൾക്ക് മുമ്പുണ്ടായ ഈ സംഭവത്തെ തുടർന്ന് മാത്രമല്ല ബ്രിട്ടീഷ് പ്രതിരോധ മന്ത്രിയുടെ പണി തെറിച്ചതെന്നും മറിച്ച് വനിതാ മന്ത്രിയും കോമൺസ് ലീഡറുമായ ആൻഡ്രിയ ലീഡ്‌സമിനോട് അശ്ലീലതമാശ പറഞ്ഞതിന്റെ പേരിൽ അവർ പരാതിപ്പെട്ടതിനാലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

തന്റെ കൈ ആകെ തണുത്ത് മരവിച്ചിരിക്കുന്നുവെന്ന് മൈക്കലിനോട് ലീഡ്‌സം പറഞ്ഞപ്പോൽ 'എനിക്കറിയാം ഈ കൈ ചൂടാക്കാൻ എവിടെ വയ്ക്കണം.....' എന്ന കമന്റ് ഫാലൻ പറഞ്ഞതാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിക്കാൻ പ്രധാന കാരണമായിത്തീർന്നിരിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഈ വിഢിത്തമാശ കേട്ട് ദേഷ്യം വന്ന ലീഡ്‌സം ഇക്കാര്യം നമ്പർ 10ന് മുന്നിൽ റിപ്പോർട്ട് ചെയ്യുകയും ഫാലനെ സ്ഥാനത്ത് നിന്നും തെറിപ്പിക്കുകയുമായിരുന്നു. മാധ്യമപ്രവർത്തകയുടെ നിതംബത്തിൽ ഫാലൻ തൊട്ടുവെന്ന കേസിൽ ഡൗണിങ് സ്ട്രീറ്റ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് തനിക്കുണ്ടായ സമാനഅനുഭവം വെളിപ്പെടുത്തിയ ലീഡ്‌സം രംഗത്തെത്തിയിരുന്നത്.

ജൂലിയയെ ഫാലൻ പീഡിപ്പിച്ച സംഭവം വ്യക്തമായിട്ടും ഇക്കാര്യം മൂടി വയ്ക്കാനും ഔപചാരിക അന്വേഷണത്തിനായി ഇക്കാര്യം കാബിനറ്റ് സെക്രട്ടറിക്ക് റഫർ ചെയ്യാതിരിക്കാനുമായിരുന്നും നമ്പർ 10 ശ്രമിച്ചത്. തുടർന്ന് ഇതിൽ കുപിതയായ ലിഡ്‌സം ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫായ ഗാവിൻ ബാർവെലിനെ കാണാൻ നിർബന്ധം പിടിക്കുകയായിരുന്നു. 2010നും 2012നും ഇടയിൽ തങ്ങൾ രണ്ട് പേരും ട്രഷറി സെലക്ട് കമ്മിറ്റി അംഗങ്ങളായിരിക്കുമ്പോൾ ഒരു മീറ്റിംഗിനിടെ ഫാലൻ തന്നെ അപമാനിക്കുന്ന വിധത്തിൽ അശ്ലീല തമാശ പറഞ്ഞുവെന്നാണ് ലീഡ്‌സം പരാതിപ്പെട്ടിരിക്കുന്നത്.

തുടർന്ന് പ്രധാനമന്ത്രിക്കുള്ള ചോദ്യോത്തര പരിപാടി കഴിഞ്ഞതിന് ശേഷം തെരേസ ബുധനാഴ്ച വൈകുന്നേരം ഫാലനെ വിളിച്ച് വരുത്തുകയും ആൻഡ്രിയ ലീഡ്‌സമിന്റെ ആരോപണത്തിന്റെ നിജസ്ഥിതി ആരായുകയും ചെയ്തിരുന്നു. എന്നാൽ കൈ ചൂടാക്കുന്നതിനെ കുറിച്ചുള്ള തമാശ താൻ ആ മീറ്റിംഗിനിടെ ലീഡ്‌സമിനോട് പറഞ്ഞില്ലെന്നാണ് ഫാലൻ ആരോപണം നിഷേധിച്ച് കൊണ്ട് വാദിച്ചത്. എന്നാൽ മീറ്റിംഗിനിടെ പറയാൻ പറ്റാത്ത കാര്യം താൻ ലീഡ്‌സമിനോട് പറഞ്ഞിരുന്നുവെന്ന് ഫാലൻ തെരേസയോട് സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാൽ എന്താണ് അതെന്ന് തനിക്ക് ഓർമിക്കാൻ സാധിക്കുന്നില്ലെന്നും ഫാലൻ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഇത്തരം വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ രാജിവയ്ക്കുകയാണ് നല്ലതെന്ന് തെരേസ ഫാലനോട് നിർദേശിക്കുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ തന്റ രാഷ്ട്രീയ ജീവിതം സുരക്ഷിതമാക്കുന്നതിനാണ് ആൻഡ്രിയ ലീഡ്‌സം ഫാലനെതിരെ ഇത്തരത്തിൽ വ്യാജ ആരോപണം കെട്ടിച്ചമച്ചതെന്നാണ് ഫാലന്റെ അനുയായികൾ കുറ്റപ്പെടുത്തുന്നത്.