- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം കാക്കുന്ന കോവിഡ് വാക്സിൻ ഉടനെയോ? പിപിഇ കിറ്റ് ധരിച്ച് വാക്സിൻ നിർമ്മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി; ഒറ്റദിവസം സൈഡസ് കാഡിലയിലും ഭാരത് ബയോടെക്കിലും സെറം ഇൻസ്റ്റിറ്റ്യൂട്ടിലും സന്ദർശനം; വാക്സിൻ ലക്ഷ്യം കാണാനുള്ള യാത്രയിൽ ശാസ്ത്രജ്ഞർക്ക് പിന്തുണയ്ക്ക് ഒപ്പം അഭിനന്ദനങ്ങളും നേർന്ന് മോദി
ന്യൂഡൽഹി: ഇന്ത്യൻ ജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിൻ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കോവിഡ് വാക്സിനുകളുടെ വികസന, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഫാർമ പ്ലാന്റുകളിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.
സൈഡസ് കാഡിലയുടെ അഹമ്മദാബാദിലെ പ്ളാന്റിലാണ് രാവിലെ പ്രധാനമന്ത്രി സന്ദർശനത്തിന് തുടക്കം കുറിച്ചത്. സൈഡസ് കാഡില വികസിപ്പിച്ച കോവിഡ് വാക്സിൻ സികോവ്-ഡിയുടെ ആദ്യഘട്ട വാക്സിൻ പരീക്ഷണം പൂർത്തിയായതായി നിർമ്മാതാക്കൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വാക്സിന്റെ രണ്ടാം ഘട്ടത്തിന് ഓഗസ്റ്റിൽ തുടക്കമായതായും ബന്ധപ്പെട്ടവർ വിശദീകരിച്ചു.
ഡിഎൻഎ അടിസ്ഥാനമാക്കി സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്സിൻ വിതരണത്തെക്കുറിച്ച് കൂടുതലറിയാനായി അഹമ്മദാബാദ് ചങ്കോദറിലെ സൈഡസ് ബയോപാർക്കും സന്ദർശിച്ചു. പി.പി.ഇ കിറ്റുൾപ്പടെ സുരക്ഷാമുൻകരുതലുകളോടെയാണ് പ്രധാനമന്ത്രി ബയോപാർക്കിലെത്തിയത്. സന്ദർശനത്തിന് ശേഷം കോവിഡ് വാക്സിൻ നിർമ്മാണത്തിൽ കമ്പനികളുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. വാക്സിൻ വിതരണത്തെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാർ കമ്പനികൾക്കൊപ്പമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഹൈദരാബാദിലെ ജീനോം വാലിയിലെ ഭാരത് ബയോടെകിന്റെ വാക്സിൻ നിർമ്മാണ കേന്ദ്രവും പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി സന്ദർശിച്ചു .കോവിഡിനെതിരെ ഐ.സി.എം.ആറുമായി സഹകരിച്ച് കോവാക്സിൻ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്.പൂണെയിൽ ആസ്ട്ര സെനെക്കയുടെ ഓക്സ്ഫഡ് വാക്സിൻ ആണ് നിർമ്മിക്കുന്നത്.
രാജ്യത്തെ കോവിഡ് വാക്സിൻ നിർമ്മാണ ഒരുക്കങ്ങളും, അവയിലെ വെല്ലുവിളികളും ജനങ്ങളിലെത്തിക്കുന്നതിനുള്ള മാർഗങ്ങൾ അറിയാനും അവ ശാസ്ത്രജ്ഞരുമായി ചർച്ച ചെയ്യാനുമാണ് പ്രധാനമന്ത്രി വാക്സിൻ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.
ഈയാഴ്ച ആദ്യം മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനങ്ങളോട് വലിയ അളവിൽ കോൾഡ് സ്റ്റോറേജ് സംവിധാനം തയ്യാറാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിതരണവുമായി ബന്ധപ്പെട്ട പദ്ധതികൾ സമർപ്പിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ