ന്യൂഡൽഹി: പഞ്ചാബ് തിരഞ്ഞെടുപ്പ് ലാസ്റ്റ് ലാപ്പിലേക്ക് നീങ്ങിയിരിക്കയാണ്. ഈ ഘട്ടത്തിൽ സിഖ് വോട്ടുകൾ കൂടെ നിർത്താനുള്ള അവസാന വട്ട ശ്രമങ്ങളിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പഞ്ചാബിൽ എത്തിയത് സിഖ് വോട്ടുകൾ ലക്ഷ്യമിട്ടാണ്. ഇതിനായി സിഖ് നേതാക്കളെ കണ്ട മോദി തന്റെ അടിയന്തരാവസ്ഥ കാലത്തെ അനുഭവങ്ങളും പങ്കുവെച്ചു.

ഇന്ത്യയുണ്ടായത് 1947 ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിലെ വസതിയിൽ മുതിർന്ന സിഖ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്. 'ഇന്ത്യ പിറന്നത് 1947ൽ അല്ല. നമ്മുടെ ഗുരുക്കന്മാർ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് നാം വലിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്. അക്കാലത്ത് ഞാൻ ഒളിവിലായിരുന്നു. സിഖുകാരുടെ വേഷം ധരിച്ചായിരുന്നു അക്കാലത്ത് ഞാൻ ഒളിച്ചു കഴിഞ്ഞിരുന്നത്', പ്രധാനമന്ത്രി സിഖ് നേതാക്കളോട് പറഞ്ഞു.

1947-ലെ വിഭജനകാലത്ത് സിഖ് ആരാധനാലയമായ കർതാർപുർ സാഹിബ് ഗുരുദ്വാരയെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പഞ്ചാബിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള ഗുരുദ്വാരയെ ഇന്ത്യയിൽ നിലനിർത്താനായി പാക്കിസ്ഥാനുമായി ധാരണയിലെത്താൻ അവർക്കായില്ല.

നയതതന്ത്ര ബന്ധങ്ങളുപയോഗിച്ച് താൻ അതിനായി ശ്രമിച്ചു. പഞ്ചാബിൽ വരുമ്പോഴെല്ലാം ദൂരദർശിനിയിലൂടെ താൻ ഗുരുദ്വാരയിലേക്ക് നോക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ എന്തെങ്കിലും ചെയ്യണമെന്ന് തന്റെ മനസ്സ് പറഞ്ഞു. ഗുരുക്കന്മാരുടെ അനുഗ്രഹത്താൽ അക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ നമുക്ക് കഴിഞ്ഞു. ദൈവാനുഗ്രഹമില്ലായിരുന്നെങ്കിൽ നമുക്കത് സാധിക്കില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിഖ് നേതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരെ ഷാൾ പുതപ്പിച്ച് ആദരിക്കുകയും ചെയ്ത

അതിനിടെ കെജരിവാളിനെതിരായ ഖലിസ്ഥാൻ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചന്നി അയച്ച കത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത്ഷായും രംഗത്തുവന്നു. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് അമിത്ഷാ പറഞ്ഞു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന് എഎപി ക്ക് പിന്തുണ പ്രഖ്യാപിച്ചതും കുമാർ ബിശ്വാസിന്റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര്യ ഖാലിസ്ഥാൻ രാജ്യത്തെ പ്രധാനമന്ത്രിയോ ആകും താന്നെന് കെജരിവാൾ പറഞ്ഞെന്നാണ് കുമാർ ബിശ്വാസ് ഇന്നലെ വാർത്താ എജൻസിയോട് പറഞ്ഞത്. കെജരിവാളിനെതിരായ ഖാലിസ്ഥാൻ ആരോപണം പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാന ആയുധമാക്കി മാറ്റുകയാണ് കോൺഗ്രസും ബിജെപിയും. ആരോപണമുന്നയിച്ച കുമാർ ബിശ്വാസിന് കേന്ദ്രം സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭീകരവാദിയാണെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെന്ന് കെജരിവാൾ പ്രതികരിച്ചു.

വിഘടനവാദമാണ് കെജരിവാൾ നടത്തുന്നതെന്ന ബിജെപി ആഞ്ഞടിച്ചു. കെജരിവാളിന്റെ മനസ്സിലിരിപ്പ് പുറത്ത് വന്നെന്ന് കോൺഗ്രസ് പറഞ്ഞു. പ്രചാരണങ്ങളിൽ ഇക്കാര്യം ഉയർത്തുന്നത് അവസാനലാപ്പിൽ എഎപിക്ക് തിരിച്ചടിയായതോടെ വിശദീകരണവുമായി കെജരിവാൾ രംഗത്തെത്തി. ഭീകരനെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്ന പ്രതികരിച്ച കെജരിവാൾ , രാഹുൽ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്നും പറഞ്ഞു.