ന്യൂഡൽഹി: തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെടുത്തി സോണിയ ഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനങ്ങളുടെ പേരിൽ രാജ്യസഭയിൽ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. പ്രധാനമന്ത്രി നുണയനാണെന്ന് കോൺഗ്രസ് അംഗങ്ങൾ സഭയിൽ മുദ്രാവാക്യം മുഴക്കി.

പാർലമെന്റിൽ ചർച്ച നടക്കുന്ന വിഷയത്തെക്കുറിച്ച് സഭയിൽ പറയാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി പുറത്ത് പൊതുവേദിയിൽ രാഷ്ട്രീയ പ്രസംഗത്തിന് ഉപയോഗിക്കുന്നത്. ഇത് സഭയുടെ അന്തസിനു ചേർന്ന നടപടിയല്ലെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടം 267 പ്രകാരം മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് ചർച്ച ചെയ്യണമെന്നും കോൺഗ്രസ് അംഗം ആനന്ദ് ശർമ ആവശ്യപ്പെട്ടു.

അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ആർക്കാണ് ബന്ധമെന്നും ഇറ്റലിയുമായി ആർക്കാണ് ബന്ധമെന്നും ചോദിച്ചായിരുന്നു മോദി തിരുവനന്തപുരത്ത് സോണിയയ്ക്കെതിരേ രംഗത്തുവന്നത്. പ്രചാരണ വേദിയിൽ അണികളോട് നിങ്ങൾക്ക് ആർക്കെങ്കിലും ഇറ്റലിയുമായി ബന്ധമുണ്ടോ എന്നും മോദി പരിഹസിച്ചു. ഇടപാടിൽ സോണിയയ്ക്കുള്ള പങ്ക് പറഞ്ഞത് കേന്ദ്ര സർക്കാരല്ലെന്നും ഇറ്റലിയിലെ കോടതിയാണെന്നുമാണ് മോദി പ്രസംഗിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട പേരുകളെല്ലാം വന്നത് ഇറ്റലിയിൽ നിന്നാണെന്നും കോഴ വാങ്ങിയവർ ഉടൻ അകത്താകുമെന്നും മോദി പറഞ്ഞിരുന്നു.

ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ടു തങ്ങളാരും സോണിയ ഗാന്ധി അടക്കമുള്ള ആരുടെയും പേരുകൾ പറഞ്ഞിട്ടില്ലെന്നു മോദി പറഞ്ഞു. ഇറ്റാലിയൻ ഹൈക്കോടതിയാണു പേരുകൾ പുറത്തുവിട്ടത്. ഇറ്റലിയിൽ പരിചയമുള്ളവരാണു പിന്നിലെന്ന് എല്ലാവർക്കും അറിയാം. വില്പന നടത്തിയവർ അകത്തായി. ഇനി വാങ്ങിയവർ എപ്പോൾ അകത്താകും എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. ഹെലികോപ്റ്റർ ഇടപാടിൽ എത്ര കോടി രൂപ കമ്മീഷൻ ലഭിച്ചുവെന്നു വാങ്ങിയവർ തന്നെ വെളിപ്പെടുത്തണം. ഇന്നലെ നടന്ന യോഗങ്ങളിൽ ഹെലികോപ്റ്റർ ഇടപാടിനെക്കുറിച്ചു താൻ പ്രതികരിക്കാതിരുന്നതു കോൺഗ്രസ് നേതാക്കളിൽ സന്തോഷം ഉളവാക്കിയിരുന്നിരിക്കാം.

എന്നാൽ, ഇനി കോൺഗ്രസ് നേതാക്കൾക്കു രാത്രി ഉണർന്നിരിക്കേണ്ടിവരുമെന്നും മോദി പറഞ്ഞു. 2013ൽ കൽക്കരി കുംഭകോണവും ടു ജി- ത്രി ജി തട്ടിപ്പുകളുമെല്ലാം കേട്ടിരുന്നു. കൽക്കരി കുംഭകോണം ഇരുട്ടിന്റെ മറവിലാണു നടത്തിയത്. എന്നാൽ, കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ കേന്ദ്രനേതാക്കളെ കടത്തിവെട്ടി. കേന്ദ്രത്തിൽ ഇരുട്ടിന്റെ മറവിൽ തട്ടിപ്പു നടത്തിയപ്പോൾ കേരള നേതാക്കൾ സൂര്യ പ്രകാശത്തിൽ സോളാർ തട്ടിപ്പു നടത്തുകയായിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതാണ് രാജ്യസഭയിൽ കോൺഗ്രസ് ഉയർത്തിയത്.