- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നത് ആരും ആവശ്യപ്പെട്ടിട്ടല്ല; അതുരാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്; അതുപോലെയാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതും; നിയമങ്ങൾ പാസാക്കിയ ശേഷം ഒരു മണ്ഡിപോലും അടച്ചിട്ടില്ല; താങ്ങുവില എടുത്തു കളഞ്ഞിട്ടുമില്ല': പ്രധാനമന്ത്രി ലോക് സഭയിലും കാർഷിക നിയമങ്ങളെ ന്യായീകരിച്ചതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രസംഗത്തിലാണ് നിയമങ്ങളെ മോദി ന്യായീകരിച്ചത്. കർഷക സമരം തെറ്റിദ്ധാരണ കൊണ്ടാണെന്ന് മോദി പറഞ്ഞു.
മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നത് ആരും ആവശ്യപ്പെട്ടിട്ടില്ല. അത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്. അതുപോലെയാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്കരിച്ചു.
'സർക്കാർ സമരം ചെയ്യുന്ന കർഷകരെ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് മന്ത്രിമാർ അവരുമായി ചർച്ച നടത്തുന്നത്.' എന്ന് മോദി പറഞ്ഞു. ഇതിന് പിന്നാലെ പ്രതിഷേധം ഉയർത്തി കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്കരിക്കുകയായിരുന്നു. കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിന് ശേഷം ഒരു മണ്ഡിപോലും അടച്ചിട്ടില്ല. താങ്ങുവില എടുത്തു കളയില്ലെന്ന വാദവും മോദി ആവർത്തിച്ചു.
കർഷകസമരത്തിന്റെ ശൈലി 'സമരജീവി'കളുടേതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങൾ പൊളിഞ്ഞു. തെറ്റിദ്ധാരണ പരത്തിയുള്ള തന്ത്രം ഫലിക്കാത്തതിനാൽ പ്രതിപക്ഷം ബഹളം വയ്ക്കുന്നു. പ്രതിപക്ഷം നിയമങ്ങളുടെ നിറത്തെക്കുറിച്ചല്ല ഉള്ളടക്കത്തെക്കുറിച്ച് ചർച്ചയ്ക്ക് തയാറാകണമെന്നും മോദി പറഞ്ഞു. നിയമങ്ങളിൽ കുറവുകളുണ്ടെങ്കിൽ ചർച്ച ചെയ്ത് തിരുത്താൻ ഇപ്പോഴും തയ്യാറെന്നും മോദി വ്യക്തമാക്കി.സമരം ചെയ്യുന്ന കർഷകരോട് ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർഷികരംഗം വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. ഇത് നേരിടാൻ ആത്മാർത്ഥമായ ശ്രമം നടത്തുകയാണ് സർക്കാർ. കർഷകരുമായി സർക്കാർ നിരന്തരം ചർച്ച നടത്തുന്നു. കാർഷികനിയമങ്ങളിൽ കുറവുണ്ടെങ്കിൽ മാറ്റാൻ തയാറാണ്. നിയമം വന്ന ശേഷം ഒരു ചന്തയും അടഞ്ഞു പോയില്ല. നിയമം വന്ന ശേഷം താങ്ങുവില കൂടിയിട്ടേ ഉള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം വച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളം ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് മോദി ആരോപിച്ചു. ഇതോടെ പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപോയി.
മറുനാടന് മലയാളി ബ്യൂറോ