തിരുവനന്തപുരം: ബിജെപിക്കെതിരെയോ സംഘപരിവാറിന് എതിരെയോ ചാനലുകളിൽ വാർത്താധിഷ്ഠിത പരിപാടികൾ വന്നാൽ അതെല്ലാം പാൽപ്പായസം. പിണറായിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതെല്ലാം പാഷാണവും! പിണറായി സർക്കാരിനെ വിമർശിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിൽ സിന്ധു സൂര്യകുമാർ സ്ഥിരം പംക്തിയായ കവർ‌സ്റ്റോറി അവതരിപ്പിച്ചപ്പോൾ പൊള്ളിയത് ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജിനാണ്.

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് കാരണമായ കായൽ കയ്യേറ്റം ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു തുടങ്ങിയതുമുതൽ ഏഷ്യാനെറ്റിന് എതിരെ സംഘടിതമായ നീക്കമാണ് ഇടതു കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഉടമകൂടിയായ ബിജെപി എംപി രാജീവ് ചന്ദ്രശേഖർ എംപിയുടെ റിസോർട്ട് കയ്യേറ്റഭൂമിയിലാണെന്ന് ദേശാഭിമാനി നിരന്തരം വാർത്തയെഴുതുകയും അതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ റിസോർട്ട് തല്ലിത്തകർക്കുകയും ചെയ്തു. ഇത്തരത്തിൽ ചാനലിനെതിരെ പലവിധ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിന്ധു സൂര്യകുമാറിന്റെ കവർ സ്റ്റോറി പുറത്തുവരുന്നത്.

മുമ്പ് സംഘപരിവാറിനെ വിമർശിച്ചും മറ്റും സിന്ധു കവർ‌സ്റ്റോറി ചെയ്തിരുന്ന കാലത്തെല്ലാം അതിന് കയ്യടിയുമായി എത്തിയിരുന്നു സൈബർ സഖാക്കൾ. എന്നാൽ ഇപ്പോൾ സിപിഎമ്മിനെ വിമർശിച്ചപ്പോൾ അത് പിടിച്ചില്ല പലർക്കും. ആ പശ്ചാത്തലത്തിലാണ് കടുത്ത വിമർശനവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റർ തന്നെ എത്തുന്നത്.

പിഎം മനോജിന്റെ പോസ്റ്റ് ഇങ്ങനെ:

#സിന്ധു സൂര്യകുമാറും #മുതലാളിക്കു വേണ്ടി അമിതാധ്വാനത്തിൽ മുഴുകിയവരും മാധ്യമ വിമർശം വരുമ്പോഴാണ് അസ്വസ്ഥരാകുന്നത്. വിമർശിച്ചാൽ അവർ കവർ സ്റ്റോറിയിൽ ഡിക്ലറേറ്റീവ് സ്റ്റേറ്റ്‌മെന്റുമായി സ്വയം ദുരന്തമായി മാറുന്നത് കണ്ട് സഹതാപമൊന്നും തോന്നിയില്ല. ദുർഗാ വിഷയത്തിൽ പച്ചത്തെറിയും ബലാത്സംഗ ഭീഷണിയുമായി അവർക്കെതിരെ സംഘ പരിവാർ ആഞ്ഞടിച്ചപ്പോൾ, ഒരേ തരത്തിൽ അനേകം ഭീഷണിക്കോളുകൾ അവരുടെ ഫോണിലേക്ക് പ്രവഹിച്ചപ്പോൾ അതിനെതിരെ പ്രതികരിക്കാനും സിന്ധുവിനോട് ഐക്യപ്പെടാനും ഇടതു പക്ഷം ഉണ്ടായിരുന്നു.

അത് സിന്ധുവിന്റെ മാധ്യമ ന്യായാധിപസ്ഥാനത്തിന് ഓശാന പാടലായിരുന്നില്ല. താനാണ് സാമൂഹിക വിഷയങ്ങളിലെ അവസാന വാക്ക് എന്ന അഹന്തയ്ക്ക് കുട പിടിക്കലുമല്ല. അവരെയും അവർ ഉൾക്കൊള്ളുന്ന ജനവിരുദ്ധ മാധ്യമങ്ങളെയും വിമർശിക്കാനും തുറന്നു കാട്ടാനുമുള്ള അവകാശം നിലനിർത്തിക്കൊണ്ടുള്ള സമീപനമാണത്. സിന്ധു എന്തിനിങ്ങനെ അസഹിഷ്ണുവാകണം എന്നാണ് കവർ സ്റ്റോറി കണ് അത്ഭുതപ്പെട്ടത്. മാധ്യമ വിമർശനം നിയമവിരുദ്ധമോ നിരോധിതമോ ആണോ? നിങ്ങളെ വിമർശിക്കുന്നവരെ നിങ്ങൾക്ക് തോന്നും വിധം ഭർത്സിക്കാൻ നിങ്ങൾക്കുള്ള സ്വാതന്ത്ര്യം പോലെ തന്നെ രാജീവ് ചന്ദ്രശേഖർ എന്ന ബിജെപി നേതാവായ മുതലാളിയുടെ ശമ്പളം പറ്റി നിങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ സേവ നടത്തുന്നതിനെ തുറന്നു കാട്ടാനുള്ള സ്വാതന്ത്ര്യം ഇന്നാട്ടിലെ ഓരോരുത്തർക്കുമുണ്ട്.

സാധാരണ പൗരനുള്ളതിൽ കവിഞ്ഞ ഒരധികാരവും പ്രത്യേക അവകാശവും ഭരണഘടന ശ്രീമതി സിന്ധുവിനോ ഞാനടക്കമുള്ള മാധ്യമ പ്രവർത്തകർക്കോ നൽകുന്നില്ല. ക്യാമറയും ലൈറ്റും കണ്ടാൽ നമുക്കാർക്കും തോന്നിപ്പോകരുത് - ശിക്ഷ വിധിക്കാനും വിധി നടപ്പാക്കാനുമുള്ള കസേരയാണ് തന്റേതെന്ന്. നിങ്ങൾക്കുള്ളത് ആരെയും ആക്രമിക്കാനുള്ള സ്വാതന്ത്ര്യമാണെന്നും നിങ്ങൾ വിമർശിക്കപ്പെടുന്നത് അനുവദനീയമല്ലാത്ത കൃത്യം എന്നുമുള്ള ഭാവമുണ്ടല്ലോ.... അത് വിമർശിക്കപ്പെടുക തന്നെ ചെയ്യും.