- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ ന്യൂനപക്ഷ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പ്; വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം; ഫാ സ്റ്റാൻ സ്വാമിയുടെ മോചനത്തിൽ ഇടപെടണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ മേലദ്ധ്യക്ഷന്മാർ; സൗഹാർദ്ദപരമെന്ന് പ്രതികരണം
ന്യൂഡൽഹി: ഇന്ത്യയിലെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരായ മൂന്നു കർദിനാൾമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സിബിസിഐ പ്രസിഡന്റും ലത്തീൻ സഭയുടെ തലവനുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷനും മേജർ ആർച്ച്ബിഷപുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണു ഇന്നു രാവിലെ 11ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും ഉന്നയിച്ച വിവിധ വിഷയങ്ങളിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സഭ അധ്യക്ഷന്മാർ പ്രതികരിച്ചു. വളരെ സൗഹാർദപരവും ക്രിയാത്മകവുമായിരുന്നു കൂടിക്കാഴ്ച.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 152 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സഭയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു. ഭീമ കൊറേഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ മോചനം ഉൾപ്പടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
ഫാ. സ്റ്റാൻ സ്വാമിയുടെ മേൽ ആരോപിക്കുന്ന കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരിൽ മനുഷ്യാവകാശം പോലും ലംഘിക്കപ്പെടുന്നു. 83 വയസുകാരനായ വൈദികന്റെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർദിനാൾമാർ ആവശ്യപ്പെട്ടു.
സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളിൽ രേഖാമൂലം ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയതായും സഭ അധ്യക്ഷന്മാർ പറഞ്ഞു. ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിൽ പ്രധാനമന്ത്രി അനുകൂല നിലപാടാണ് പങ്കുവച്ചതെന്നും അവർ കൂടിക്കാഴ്ചയ്ക്കു ശേഷം വ്യക്തമാക്കി.
മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണു കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്.
രാവിലെ ഒമ്പതരയോടെ മിസോറാം ഹൗസിൽ എത്തിയ ശേഷമാണ് കർദിനാൾമാർ പ്രധാനമന്ത്രിയെ കാണാനായി പുറപ്പെട്ടത്. ചർച്ചയ്ക്കായി കർദിനാൾമാർ തിങ്കളാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയിരുന്നു.ന്യൂനപക്ഷ അവകാശങ്ങൾ ലഭ്യമാകുന്നതിലെ വിവേചനങ്ങളും ക്രൈസ്തവ സഭകൾ നേരിടുന്ന പ്രശ്നങ്ങളും സഭാ തലവന്മാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. സാമ്പത്തിക സംവരണവും ന്യൂനപക്ഷ സ്കോളർഷിപ്പുകളും സ്വാഗതാർഹമെങ്കിലും ഇതിന്റെ ആനുകൂല്യങ്ങൾ അർഹരായ ക്രൈസ്തവർക്കു കിട്ടാതെ പോകുന്നുണ്ട്.വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്രം ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാ തലവന്മാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ