ന്യൂഡൽഹി: പരീക്ഷകൾ ഭയപ്പെടാനുള്ളതല്ല, ജീവിതത്തെ അറിയാനുള്ള അവസരമാണെന്ന് വിദ്യാർത്ഥികളുമായുള്ള വെർച്വൽ പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതാണ് പ്രധാനം. ലിംഗസമത്വം കുട്ടികൾ പഠിക്കേണ്ടത് രക്ഷിതാക്കളിൽ നിന്നാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

പരീക്ഷാ പേടിയെ മറിടക്കാനും ജീവിത മൂല്യങ്ങൾ തിരിച്ചറിയാനും ലിംഗ സമത്വം ഉറപ്പാക്കാനുമൊക്കെയുള്ള സന്ദേശങ്ങളായിരുന്നു വിദ്യാർത്ഥികളുമായുള്ള വെർച്വൽ സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്.

പുതിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികൾ ആശയക്കുഴപ്പത്തിലാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ആൺ - പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുപോലെ കാണമെന്നും രക്ഷിതാക്കൾ മാതൃകയാകണമെന്നും മോദി പറഞ്ഞു. കോവിഡ് കാലത്തുണ്ടായ അനുഭവങ്ങൾ ജീവിതത്തിലെ വലിയ പാഠമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്തെ ജീവിതത്തെ കുറിച്ച് പഠിക്കണം, കോവിഡ് കാലത്തുകൊണ്ടുവന്ന നിയന്ത്രണങ്ങളും മുൻകരുതലുകളും മുമ്പേ ശീലിച്ചിരുന്നെങ്കിൽ മഹാമാരിയുടെ ആഘാതം കുറയുമായിരുന്നുവെന്നാണ് മോദിയുടെ അഭിപ്രായം.

രാജ്യത്തിനകത്തുപുറത്തുമായി 14 ലക്ഷത്തിലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമാണ് മോദിയുടെ പരീക്ഷാ പേ ചർച്ചയ്ക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ചോദ്യങ്ങൾക്കാണ് മോദി മറുപടി നൽകിയത്.