ന്യൂഡൽഹി: ഇന്ത്യ എന്നും രാജ്യത്തെ പൗരന്മാർക്ക് ഒപ്പമുണ്ടെന്നും ലോകത്തിന്റെ ഏത് കോണിൽ ഇന്ത്യക്കാർ പ്രതിസന്ധി നേരിട്ടാലും അവരെ രക്ഷിക്കാനുള്ള കരുത്ത് രാജ്യത്തിന് കൈവശമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

അഫ്ഗാനിസ്താനിലെ സാഹചര്യമായാലും കോവിഡ് പ്രതിസന്ധിയായാലും ഇന്ത്യയുടെ ഇടപെടൽ ലോകത്തിന് മുന്നിൽ തെളിവായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ജാലിയൻ വാലാ ബാഗിന്റെ നവീകരച്ച സ്മാരകം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ നൂറ്കണക്കിന് ഇന്ത്യക്കാരെ ഓപ്പറേഷൻ ദേവി ശക്തിയിലൂടെ നാട്ടിലേക്ക് തിരികെയെത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജാലിയൻവാലാ ബാഗ് സാമാരകത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

ഒരു രാജ്യത്തിനും അതിന്റെ ചരിത്രം മറക്കാൻ കഴിയുന്ന ഒന്നല്ല. വിഭജനകാലത്ത് രാജ്യം ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും നോക്കിയാൽ നമുക്ക് കാണാൻ കഴിയും പ്രത്യേകിച്ച് പഞ്ചാബിൽ-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ചരിത്രത്തിൽ ജാലിയൻവാലാ ബാഗിന്റെ പ്രസക്തി വളരെ വലുതാണെന്നും ഭഗത് സിങ്ങിനെപ്പോലെയുള്ളവർക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ ഊർജ്ജം പകർന്ന സ്മാരകമാണ് അതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ നടുക്കുന്ന ചരിത്രം നമുക്ക് മറക്കാൻ കഴിയുന്ന ഒന്നല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഗോത്ര വർഗ സമൂഹത്തേയും മോദി പ്രശംസിച്ചു. ചരിത്ര പുസ്തകങ്ങളിൽ അവരുടെ സംഭാവനകൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.