- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കൃത്യമായി പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കൂ; കുട്ടികളെപ്പോലെ പരിഗണിക്കാനാകില്ല; അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും'; എംപിമാർക്ക് മുന്നറിയിപ്പുമായി നരേന്ദ്ര മോദി
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ തുടർച്ചയായി പങ്കെടുക്കാതിരിക്കുന്ന ബിജെപി എംപിമാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി എംപിമാരെ വിമർശിച്ചത്.
'ദയവായി കൃത്യമായി പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കൂ. ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായി സമ്മർദം ചെലുത്തുന്നത് നല്ലതല്ല. കുട്ടികളെപ്പോലെ പരിഗണിക്കാനാകില്ല. നിങ്ങൾ മാറാൻ തയാറായില്ലെങ്കിൽ അതുമൂലം പല മാറ്റങ്ങളും സംഭവിക്കും' നരേന്ദ്ര മോദി പറഞ്ഞു.
ബിജെപി സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. നാഗാലാൻഡിൽ സൈന്യം നടത്തിയ വെടിവയ്‌പ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതുൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാർ പ്രതിരോധത്തിലായി. 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിലും പ്രതിഷേധം രൂക്ഷമാണ്. നവംബർ 29നാണ് പാർലമെന്റ് ശീതകാല സമ്മേളനം ആരംഭിച്ചത്.
ഡിസംബർ 23 വരെയാണ് സമ്മേളനം. എന്നാൽ ഇരു സഭകളും പ്രതിപക്ഷ പ്രതിഷേധം മൂലം മൂന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
അതേ സമയം രാജ്യസഭയിൽനിന്നു 12 എംപിമാരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ ഇന്നും പാർലമെന്റിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ നടപടിയിൽ വിട്ടുവീഴ്ചയില്ലെന്നു വ്യക്തമാക്കിയ പാർലമെന്ററികാര്യമന്ത്രി, സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ രണ്ടു മണി വരെ നിർത്തിവച്ചു.
അതേസമയം, കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടിയന്തരപ്രമേയ നോട്ടിസ് നൽകി. കായിക സർവകലാശാല ആരംഭിക്കാൻ കേരളം അപേക്ഷ നൽകിയിട്ടില്ലെന്നും അപേക്ഷിച്ചാൽ അനുഭാവപൂർവം പരിഗണിക്കാമെന്നും കേന്ദ്ര കായിക സഹമന്ത്രി നിശിത് പ്രാമാണിക് ബെന്നി ബഹനാന്റെ ചോദ്യത്തിന് മറുപടി നൽകി.
ന്യൂസ് ഡെസ്ക്