വാരാണസി: തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധി പ്രസംഗിക്കാൻ പഠിച്ചെന്ന് പറഞ്ഞാണ് മോദിയുടെ മറുപടി. രാഹുൽ സംസാരിച്ചപ്പോൾ ഭൂകമ്പം ഉണ്ടായില്ലെന്നും മോദി പരിഹസിച്ചു. യു.പിയിലെ വാരാണസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അവർക്കൊരു യുവ നേതാവുണ്ട്. അയാൾ ഇപ്പോൾ പ്രസംഗിക്കാൻ പഠിച്ചുവരികയാണ്. അദ്ദേഹം പ്രസംഗിക്കാൻ പഠിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം സംസാരിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഭൂമികുലുക്കം ഉണ്ടാകുമായിരുന്നു. അടുത്ത പത്തുവർഷത്തേക്ക് ജനങ്ങൾ നേരിടേണ്ട ഒരു ഭൂമികുലുക്കം' - മോദി പറഞ്ഞു.

വലിയൊരു ശുദ്ധീകരണ പ്രവർത്തനമാണ് ഇപ്പോൾ നടന്നുവരുന്നത്. ഡോക്ടറുടെ ജോലി പതിയെ പതിയെ കുറഞ്ഞുവരികയാണ്. സാങ്കേതികവിദ്യയുടെ ജോലി വർധിച്ചുവരികയാണ്. പ്രതിപക്ഷം കള്ളപ്പണക്കാരെ സഹായിക്കുകയാണ്. അഴിമതിക്കാരോടൊപ്പം നിൽക്കുന്ന തരത്തിൽ ചില രാഷ്ട്രീയപാർട്ടികളും നേതാക്കളും തരംതാഴുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ത്യൻ സൈന്യം നമുക്ക് അഭിമാനമാണ്. എന്നാൽ അവരുടെ ധീരതയെ പോലും ചിലർ ചോദ്യം ചെയ്യുന്നു. അങ്ങനെയൊരു വ്യവസ്ഥ നിലനിൽക്കുന്നത് നല്ലതാണോ എന്നും മോദി ചോദിച്ചു.

ഒരു ദശാബ്ദത്തിലധികം സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച മന്മോഹൻ സിങ് ഒന്നും ചെയ്തില്ലെന്നും മോദി വിമർശിച്ചു. രാജ്യത്തെ 125 കോടി ഇന്ത്യക്കാരിൽ എനിക്ക് വിശ്വാസമുണ്ട്. നിസ്വാർഥരായ ജനങ്ങളാണ് ഇന്ത്യയിലുള്ളത്. അവരുടെ അനുഗ്രഹം ലഭിക്കുകയെന്നു പറയുന്നത് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നതു പോലെയാണ്. സർക്കാർ നടത്തുന്ന ശുചിയാക്കൽ യജ്ഞമാണ് നോട്ട് അസാധുവാക്കലിലൂടെയുള്ള കള്ളപ്പണം തടയൽ.

രാജ്യത്തെ യുവാക്കളോട് ഓൺലൈൻ ബാങ്കിങ്ങിലേക്ക് നീങ്ങാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ മൊബൈൽ ഫോണിന് ബാങ്കും വാലറ്റുമാകാൻ സാധിക്കും. നമ്മുടെ സൈനികർ നമ്മെ അഭിമാനമുള്ളവരാക്കുകയാണ്. എന്നിട്ടും ചിലർ അവരുടെ ധൈര്യത്തെ ചോദ്യം ചെയ്യുകയാണെന്നും മോദി പറഞ്ഞു. മോദിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ചത് ആംആദ്മി നേതാക്കളായ അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും വർഷങ്ങൾക്കുമുമ്പ് പുറത്തുവിട്ട ആരോപണങ്ങളായിരുന്നു.

മോദിക്കെതിരെ ഉന്നയിച്ച അഴിമതിയിൽ തെളിവുകൾ വെറും സീറോ ആണെന്ന് വിലയിരുത്തി സുപ്രീംകോടതി ഡിവിഷൻ ബെഞ്ചുപോലും തള്ളിക്കളഞ്ഞ ആക്ഷേപങ്ങളായിരുന്നു ഇത്. പ്രശാന്ത് ഭൂഷണൻ സുപ്രീംകോടതിയിൽ നൽകിയ ഒരു പൊതുതാൽപര്യ ഹർജിയിലാണ് സഹാറയിൽ നിന്നും മറ്റും മോദി കോടികൾ വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത്. തെളിവുകൾ 'പൂജ്യം' ആണെന്നും കേസ് വ്യാജമാണെന്നും ഒട്ടും വിശ്വാസയോഗ്യമല്ലെന്നും വിലയിരുത്തിയാണ് പൊതുതാൽപര്യ ഹർജിക്കൊപ്പം പ്രശാന്ത് ഭൂഷൺ നൽകിയ രേഖകളെ കോടതി തള്ളിക്കളഞ്ഞത്. നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാർ കോടികൾ വാങ്ങിയെന്നായിരുന്നു ആരോപണം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പണം വാങ്ങിയെന്ന ആക്ഷേപം ജസ്റ്റിസുമാരായ ജെഎസ് ഖെഹാറും അരുൺ മിശ്രയുമുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് തള്ളിക്കളഞ്ഞത്.