ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയനിറം നൽകുന്നതു നമ്മുടെ രാജ്യത്തിന്റെ ദുര്യോഗമാണെന്നു മോദി പറഞ്ഞു. അഗ്‌നിപഥിനെതിരായ സമരം കൂടുതൽ അക്രമാസക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'സദുദ്ദേശ്യത്തോടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങൾക്കു രാഷ്ട്രീയനിറം പകരുന്നതാണു നമ്മുടെ രാജ്യത്തിന്റെ ദുര്യോഗം' മോദി പറഞ്ഞു. അഗ്‌നിപഥ് വിഷയത്തെ യുവാക്കൾക്കിടയിൽ തെറ്റിദ്ധാരണയോടെ പ്രചരിപ്പിച്ച് അക്രമത്തിലേയ്ക്ക് നയിക്കപ്പെട്ടതിനെ പേരെടുത്ത് പറയാതെയാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത്. ന്യൂഡൽഹി പ്രഗതി മൈതാനിലെ ഇടനാഴിയും സാംസ്‌കാരിക മതിലും പ്രതിരോധ വകുപ്പിന്റെ കെട്ടിട സമുച്ചയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.

അഗ്‌നിപഥ് സമരം നേരിട്ടു പരാമർശിക്കാതെയായിരുന്നു മോദിയുടെ വാക്കുകൾ. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഈ പ്രസ്താവന പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ 8 വർഷത്തിനിടെ ഡൽഹി മെട്രോ സർവീസിന്റെ ദൈർഘ്യം 193 കിലോമീറ്ററിൽനിന്ന് 400 കിലോമീറ്ററാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അഗ്‌നിപഥിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും പ്രക്ഷോഭങ്ങളും ഏറെ വേദനയോടെയാണ് നരേന്ദ്ര മോദി വിമർശിച്ചത്. ഇത് നമ്മുടെ നാടിന്റെ മാത്രം നിർഭാഗ്യമാണ്. എന്ത് നല്ലകാര്യം നല്ല ഉദ്ദേശ്യശുദ്ധിയോടെ നടപ്പാക്കിയാലും എല്ലാത്തിലും രാഷ്ട്രീയ നിറം ചാർത്തപ്പെടുന്നു.

കേന്ദ്രസർക്കാർ ഡൽഹിയുടെ വികസനത്തിനായി നിരവധി കാര്യങ്ങളാണ് ചെയ്തത്. മെട്രോ സേവനം 194 കിലോമീറ്ററിൽ നിന്ന് 400 കിലോമീറ്ററിലേയ്ക്കാണ് വർദ്ധിപ്പിച്ചത്. ഇതിനൊപ്പമാണ് ഡൽഹിയുടെ മുഖഛായ മാറ്റുന്ന മറ്റ് നിർമ്മാണങ്ങൾ നടക്കുന്നത്. പതിറ്റാണ്ടുകളായി ഒരേ മുഖച്ഛായയിൽ നിന്നിരുന്ന പ്രഗതി മൈതാനത്തിന് ആധുനിക മുഖമാണ് കൈവന്നിരിക്കുന്നത്. മാത്രമല്ല ഇന്ത്യയുടെ എല്ലാ സാംസ്‌കാരിക തനിമയും വെളിപ്പെടുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

രാവിലെ 10.30-ന് ആണ് പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് പുതിയ ഇന്ത്യയാണ്. പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ പ്രതിജ്ഞകളെടുക്കാനും അത് നിറവേറ്റാനും പുതിയ ഇന്ത്യയ്ക്ക് സാധിക്കും, അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, ഹർദീപ് സിങ് പുരി, സോം പ്രകാശ്, അനുപ്രിയ പട്ടേൽ എന്നിവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

പ്രക്ഷോഭം രാജ്യത്തു കത്തിപ്പടരുന്നതിനിടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്നു സേനാധിപന്മാരുടെയും യോഗം വിളിച്ചു. അഗ്‌നിപഥുമായി മുന്നോട്ടു പോകുമെന്നു കേന്ദ്രം വ്യക്തമാക്കി. രണ്ടു വർഷത്തെ പഠനത്തിനു ശേഷമാണ് അഗ്‌നിപഥ് നടപ്പാക്കുന്നതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഏറെക്കാലമായി പരിഗണനയിലുള്ള വിഷയമാണ് അഗ്‌നിപഥ് പദ്ധതിയെന്നും സൈന്യത്തിനു കൂടുതൽ യുവത്വം നൽകാൻ ഈ പദ്ധതി ആവശ്യമാണെന്നും സൈനിക വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി പറഞ്ഞു.

പ്രഗതി മൈതാൻ സംയോജിത ഗതാഗത ഇടനാഴി പദ്ധതി രാജ്യത്തിന് സമർപ്പിച്ചതിന് ശേഷം ഇടനാഴി നോക്കിക്കാണുന്നതിനിടെ മാലിന്യങ്ങൾ നീക്കംചെയ്യുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ടണൽ സന്ദർശനത്തിനിടെ നിലത്തു കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പിയും മറ്റു മാലിന്യങ്ങളും നീക്കംചെയ്യുന്ന പ്രധാനമന്ത്രിയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. സ്വച്ഛഭാരത് പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നതാണ് ഇതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രഗതി മൈതാൻ പുനർവികസന പദ്ധതിയുടെ അവിഭാജ്യഘടകമാണ് സംയോജിത ഗതാഗത ഇടനാഴി. 920 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇടനാഴി പദ്ധതി പൂർത്തിയാക്കിയത്. പൂർണചെലവും കേന്ദ്രസർക്കാരിന്റേതാണ്. ഇടനാഴി പദ്ധതി വന്നതോടെ പ്രഗതി മൈതാനത്തു പണികഴിപ്പിക്കുന്ന പുതിയ പ്രദർശന-സമ്മേളന കേന്ദ്രത്തിലേക്കു സുഗമമായ പ്രവേശനം ലഭിക്കും. മൈതാനത്തു നടക്കുന്ന പരിപാടികളിൽ പ്രദർശകർക്കും സന്ദർശകർക്കും എളുപ്പത്തിൽ പങ്കെടുക്കാനും സൗകര്യമൊരുങ്ങും.

പ്രഗതി മൈതാനത്തിനു മാത്രമല്ല, പദ്ധതി ഗുണം ചെയ്യുന്നത്. ഗതാഗതക്കുരുക്ക് കുറച്ച് വാഹനഗതാഗതം ഉറപ്പാക്കുകയും യാത്രക്കാരുടെ സമയവും ചെലവും ലാഭിക്കാൻ സഹായിക്കുകയും ചെയ്യും. പ്രധാന തുരങ്കം റിങ് റോഡിനെ ഇന്ത്യാ ഗേറ്റുമായി ബന്ധിപ്പിക്കുന്നു. പുരാനാ കില റോഡുവഴി പ്രഗതി മൈതാനത്തിലൂടെയാണ് ഇത് കടന്നുപോകുന്നത്. ആറുവരിയായി വിഭജിച്ചിരിക്കുന്ന തുരങ്കത്തിൽനിന്ന് പ്രഗതി മൈതാനത്തിന്റെ ബേസ്‌മെന്റ് പാർക്കിങ്ങിലേക്കും പോകാനാകും. പാർക്കിങ് മേഖലയുടെ ഇരുവശത്തുനിന്നും ഗതാഗതം സുഗമമാക്കുന്നതിന് പ്രധാന ടണൽ റോഡിനു താഴെ രണ്ടു ക്രോസ് ടണലുകൾ നിർമ്മിച്ചിട്ടുണ്ട്.

തുരങ്കത്തിനൊപ്പം ആറ് അടിപ്പാതകളും ഉണ്ടാകും. ഇതിൽ നാലെണ്ണം മഥുര റോഡിലും ഒന്ന് ഭൈറോൺ മാർഗിലും മറ്റൊന്ന് റിങ് റോഡും ഭൈറോൺ മാർഗും ചേരുന്ന സ്ഥലത്തുമാണുള്ളത്. ഫലത്തിൽ തുരങ്കം ഭൈറോൺ മാർഗിലേക്കുള്ള ബദൽ പാതയാകും. അതോടെ ഭൈറോൺ മാർഗിലെ ഗതാഗതം പകുതിയിലധികം കുറയ്ക്കാനാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.