- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്ര സംഘപരിവാറുകാരുടെ പ്രസ്താവനകൾ കേന്ദ്രസർക്കാരിനു തലവേദന; മതവിദ്വേഷം വളർത്തുന്നവർ തനിക്കു ശത്രുക്കളെന്നു സംഘപരിവാറിനോടു മോദി
ന്യൂഡൽഹി: ഹൈന്ദവ രാഷ്ട്രീയത്തിനൊപ്പം വികസനമെന്ന് മുദ്രാവാക്യവും കൂട്ടിച്ചേർത്ത് അധികാരത്തിലെത്തി നരേന്ദ്ര മോദിക്ക് അടുത്തകാലത്തായി ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചത് സംഘപരിവാർ നേതാക്കളുടെ വിവാദ പ്രസ്താവനകളായിരുന്നു. വർഗീയ വിഷം ചീറ്റുന്ന പ്രസ്താവനകൾ മോദിക്കും കേന്ദ്രസർക്കാറിനും ശരിക്കും ക്ഷീണമായി. ഇന്ത്യയിൽ മതേതരത്വം ഇല്

ന്യൂഡൽഹി: ഹൈന്ദവ രാഷ്ട്രീയത്തിനൊപ്പം വികസനമെന്ന് മുദ്രാവാക്യവും കൂട്ടിച്ചേർത്ത് അധികാരത്തിലെത്തി നരേന്ദ്ര മോദിക്ക് അടുത്തകാലത്തായി ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചത് സംഘപരിവാർ നേതാക്കളുടെ വിവാദ പ്രസ്താവനകളായിരുന്നു. വർഗീയ വിഷം ചീറ്റുന്ന പ്രസ്താവനകൾ മോദിക്കും കേന്ദ്രസർക്കാറിനും ശരിക്കും ക്ഷീണമായി. ഇന്ത്യയിൽ മതേതരത്വം ഇല്ലാതാകുന്നുവെന്ന വിമർശനം പാശ്ചാത്യ മാദ്ധ്യമങ്ങൾ ഉയർത്തുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ പോലും മോദിക്കെതിരെ ഒളിയമ്പെയ്തപ്പോൾ സംഘപരിവാർ നേതാക്കൾക്ക് ശക്തമായ താക്കീത് നൽകി മോദി രംഗത്തെത്തി. പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലാണ് നരേന്ദ്ര മോദി സംഘപരിവാറുകാരെ വിമർശിച്ചത്.
മതത്തിന്റെ പേരിൽ സ്പർധ വളർത്തുന്നവർ തനിക്കു ശത്രുക്കളാണെന്ന് പ്രസ്താവനയാണ് പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയത്. തന്റെ സർക്കാരിന്റെ മതം ദേശീയ പതാകയാണ്. ലക്ഷ്യം പാവപ്പെട്ടവന്റെ പാദപൂജയാണ് താൽപര്യം കർഷക ക്ഷേമമാണ്. അല്ലാതെ വിവാദ പ്രസ്താനകൾ അനവസരത്തിൽ നടത്തുന്നത് തെറ്റാണെന്നും മോദി പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥ കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. സംഘപരിവാർ നേതാക്കൾക്കുള്ള മുന്നറിയിപ്പായാണ് മോദി ഇങ്ങനെ പറഞ്ഞത്.
ഈ രാജ്യം പിറന്നത് 1947ൽ അല്ല, നമ്മുടെ പാരമ്പര്യം സഹസ്രാബ്ദങ്ങളുടേത്. ഭരണഘടനാ തത്വങ്ങളിലാണു രാജ്യത്തിന്റെ നിലനിൽപ്. സാമുദായിക സ്പർധ വളർത്തുന്നവർ രാജ്യതാൽപര്യങ്ങൾക്കുവേണ്ടിയല്ല നിലകൊള്ളുന്നത്. ഹിന്ദുവും മുസ്‌ലിമും പോരടിക്കേണ്ടത് അന്യോന്യമല്ല, ദാരിദ്ര്യത്തിനെതിരെയാണ്. സത്യം ഒന്നാണ്, നാം അതിനെ പല കോണുകളിൽനിന്നു കാണുന്നു. എല്ലാവരിലും നിറയുന്നത് ഒരു ദൈവം - നരേന്ദ്ര മോദി വ്യക്തമാക്കി.
കേന്ദ്രമന്ത്രി സദ്വി നിരജ്ഞൻ ജ്യോതി നടത്തിയ പ്രസംഗമായിരുന്നു മോദി സർക്കാറിന് ആദ്യം തലവേദന സൃഷ്ടിച്ചിരുന്നത്. ഏറ്റവും ഒടുവിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് നടത്തിയ പ്രസംഗവും വിവാദത്തിലായിരുന്നു. മദർ തെരേസയുടെ ലക്ഷ്യം മതംമാറ്റമായിരുന്നു എന്ന പരാമർശമാണ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചത്. അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ യാതൊരു പുതുമ ഇല്ലെന്നും വാക്കുകൾ കൊണ്ടുള്ള കസർത്ത് മാത്രമാണ് ഇതെന്നുമാണ് കോൺഗ്രസ് പ്രതികരിച്ചത്.

