- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാർ തെരഞ്ഞെടുപ്പ് തോൽവി ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ വൻ വാർത്ത; മോദിയെ സ്വീകരിക്കുന്നവരുടെ ആവേശം കുറഞ്ഞു; പ്രതിഷേധക്കാരുടെ ആവേശം ഇരട്ടിച്ചു; ബ്രിട്ടീഷ് സന്ദർശനത്തിന്റെ പ്രഭ മങ്ങിയ ഭയത്തിൽ മോദി ക്യാമ്പ്; മോദി വിരുദ്ധരുടെ എണ്ണം അനുദിനം പെരുകുന്നു
ലണ്ടൻ: രാഷ്ട്രീയത്തിൽ കാര്യങ്ങൾ തകിടം മറിയാൻ ഒരൊറ്റ ദിവസം ധാരാളം. ഇന്നലെ ബീഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ഉടൻ ആഗോള തലത്തിൽ തന്നെ പ്രഭാവം മങ്ങിയ മോദിയുടെ രാഷ്ട്രീയമാണ് വിദേശ മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. സ്വാഭാവികമായും ഈ ചർച്ചകൾക്ക് ബ്രിട്ടണിൽ പ്രത്യേക ശ്രദ്ധ കിട്ടുകയാണ്, കാരണം മോദിയുടെ ലണ്ടൻ സന്ദർശനം മണിക്കൂറുകൾ മാത്രം അ
ലണ്ടൻ: രാഷ്ട്രീയത്തിൽ കാര്യങ്ങൾ തകിടം മറിയാൻ ഒരൊറ്റ ദിവസം ധാരാളം. ഇന്നലെ ബീഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ഉടൻ ആഗോള തലത്തിൽ തന്നെ പ്രഭാവം മങ്ങിയ മോദിയുടെ രാഷ്ട്രീയമാണ് വിദേശ മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. സ്വാഭാവികമായും ഈ ചർച്ചകൾക്ക് ബ്രിട്ടണിൽ പ്രത്യേക ശ്രദ്ധ കിട്ടുകയാണ്, കാരണം മോദിയുടെ ലണ്ടൻ സന്ദർശനം മണിക്കൂറുകൾ മാത്രം അരികെ നിൽക്കുമ്പോൾ എത്തിയ രാഷ്ട്രീയ പരാജയം മോദി വിരുദ്ധ ക്യാമ്പുകൾ ശരിക്കും ആഘോഷിക്കുകയാണ്. ബിബിസി ഉൾപ്പെടെ ബ്രിട്ടീഷ് മാദ്ധ്യമങ്ങളും അവസരം ശരിക്കും പ്രയോജനപ്പെടുത്തുന്നു.
അസാമാന്യ കരുത്തോടെ ഒരു വിദേശ രാഷ്ട്രത്തലവൻ എത്തുന്നതിൽ നില നിന്ന, പുറത്തു പ്രകടിപ്പിക്കാത്ത അസന്തുഷ്ടിക്ക് ഉണർവ് നൽകിയാണ് ബീഹാർ തിരഞ്ഞെടുപ്പ് ഫലം ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാത്രമല്ല അധികാരം ഏറ്റ ശേഷം ഇതാദ്യമായാണ് പ്രശ്‌നം സങ്കീർണ്ണമായ അവസ്ഥയിൽ മോദിക്ക് ഒരു വിദേശ സന്ദർശനം നടത്തേണ്ടി വരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇക്കാരണത്താൽ തന്നെ ലണ്ടൻ സന്ദർശനം പ്രതീക്ഷിച്ചതിനേക്കാൾ വെല്ലുവിളി നിറഞ്ഞത് ആയി മാറാൻ സാധ്യതയുണ്ട്. പ്രസരിപ്പിന്റെയും ഊർജ്ജ്വ സ്വലതയുടെയും പ്രതീകമായി ലോക രാഷ്ട്രങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരുന്ന മോദിയുടെ ചിത്രങ്ങൾക്ക് പകരം ഇന്നലെ മ്ലാന വദനനായി കാണപ്പെടുന്ന മോദിയെ ആണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ അവതരിപ്പിച്ചത്. ഇതിന്റെ പ്രതിഫലനം വ്യക്തമായും മോദിയുടെ സ്വീകരണ ചടങ്ങുകളുടെ ആവേശത്തെയും ബാധിച്ചേക്കും എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇതിനു അടിവരയിട്ടു ഇന്നലെ ഇന്ത്യൻ വംശജരുടെ ശക്തി കേന്ദ്രം ആയ ബർമിങ്ഹാമിൽ പ്രചാരണ പരിപാടിയുടെ ഭാഗമായി മോദി എക്സ്‌പ്രസ് എത്തിയിട്ടും വേണ്ടത്ര ആവേശ പ്രകടനം ഉണ്ടായില്ല എന്നതാണ് വസ്തുത.
നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള അനേകം ഇന്ത്യൻ വംശജർ ജോലി ചെയ്യുന്ന ജഗ്വാർ ലാന്റ് റോവറിലും മോദി സന്ദർശിക്കുന്നത് പ്രമാണിച്ച് പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇവിടെയും തണുപ്പൻ പ്രതികരണമാണ് ഇന്നലെ ദൃശ്യമായത്. അതേ സമയം അടുത്ത കാലത്തായി ഇന്ത്യയിൽ രൂപം കൊണ്ട അസഹിഷ്ണുതയിൽ വലിയൊരു വിഭാഗം ജനത എതിർപ്പ് ഉയർത്തുമ്പോൾ മോദിയുടെ വരവ് ഇന്ത്യൻ ദേശീയതയുടെ ഉണർത്തു പാട്ടായി ബ്രിട്ടണിൽ അവതരിപ്പിക്കപ്പെടണം എന്ന ഇന്ത്യൻ സമൂഹത്തിന്റെ സ്വപ്നങ്ങൾക്കും കരി നിഴൽ വീഴ്‌ത്തുകയാണ്. ഇതോടെ വെംബ്ലി സ്വീകരണത്തെ കുറിച്ചും ആശങ്ക ഉയർന്നിരിക്കുന്നു. അതേ സമയം ബീഹാറിൽ നേരിട്ട തിരിച്ചടി മോദിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തയ്യാറെടുപ്പ് നടത്തിയവരുടെ ആവേശം ഇരട്ടിയാക്കുകയാണ്. ഇത് തിരിച്ചറിഞ്ഞു സ്‌കോട്ട്‌ലന്റ് യാർഡ് കനത്ത സുരക്ഷ സജ്ജീകരണങ്ങൾ ഒരുക്കുകയാണ്.
മോദിയുടെ സ്വീകാര്യതയെ ഇന്ത്യൻ ജനത എങ്ങനെ കാണുന്നു എന്നതിലേക്ക് കൂടി നടന്ന വിധി എഴുത്താണ് ബീഹാറിൽ സംഭവിച്ചതെന്ന് ബ്രിട്ടീഷ് മാദ്ധ്യമ ലോകം വിലയിരുത്തുന്നു. സ്വന്തം ജനത തള്ളിക്കളഞ്ഞ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മോദി എന്ന് വരെ വിശേഷണങ്ങൾ പുറത്തു വന്നു. അനവധി ലോക രാഷ്ട്രങ്ങൾ സന്ദർശിച്ചു, പോയിടത്തൊക്കെ തരംഗം ഉയർത്തിയ മോദിക്ക് ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ സ്വീകരണം ആയിരിക്കണം ബ്രിട്ടണിൽ ലഭിക്കേണ്ടത് എന്ന് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച പരിപാടിയാണ് വെംബ്ലിയിൽ അരങ്ങേറുന്നത്. ഒരുക്കങ്ങൾ മോദിയുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ തന്നെയാണ് എന്നുറപ്പിച്ചു കഴിഞ്ഞ മാസം ലണ്ടനിൽ മേയർ ബോറിസ് ജോൺസൺ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ ഒരുങ്ങിയ ഇന്ത്യൻ ഹൈകമ്മീഷണർ രഞ്ജൻ മത്തായിയെ അടിയന്തിരമായി ഡൽഹിയിലേക്കു വിളിപ്പിച്ചാണ് വിശദാംശങ്ങൾ ചർച്ച ചെയ്തത്. തന്റെ കാലാവധി അവസാനിക്കാൻ ഇരിക്കെ ലണ്ടനിലെ പരിപാടിയിൽ പങ്കെടുക്കാൻ വ്യക്തിപരമായി താൽപ്പര്യം ഉണ്ടായിട്ടും ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് രഞ്ജൻ മത്തായി പ്രധാനമന്ത്രിയുടെ ഓഫീസ് സംഘടിപ്പിച്ച കൂടിക്കാഴ്ചയ്ക്ക് പുറപ്പെട്ടത്.
അതിനിടെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുൻപ് തന്നെ ഇന്ത്യയിൽ തീവ്ര ഹിന്ദു നേതാക്കൾ നടത്തുന്ന അപക്വ പ്രസ്താവനകൾക്കും മത സഹോദര്യത്തിന് കളങ്കം സൃഷ്ടിക്കുന്ന നടപടികൾക്കും തടയിടാൻ മോദി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടി സാഹിത്യകാരന്മാരുടെയും മറ്റും പ്രതിഷേധവും ആഗോള തലത്തിൽ മോദിയുടെ ഇമേജിന് കളങ്കം സൃഷ്ടിച്ചിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിന് പിന്നാലെ ബീഹാറും നഷ്ടമായപ്പോൾ ഇന്ത്യൻ നേതാവ് എന്ന വിശേഷണവും അധികപ്പറ്റായി മാറുന്നു എന്നാണ് മോദി വിമർശകരുടെ പ്രധാന ആക്ഷേപം. കാരണം ബീഹാറിൽ മോദി നേരിട്ട് നയിച്ച പ്രചാരണ പരിപാടികളാണ് ജനം തള്ളിക്കളഞ്ഞത്. 30 ലേറെ പൊതു യോഗങ്ങളെ അഭിസംബോധന ചെയ്ത മോദി ഉത്തരേന്ത്യയിൽ ഹിന്ദുത്വത്തിന്റെ പേരിൽ നടന്ന അഴിഞ്ഞാട്ടത്തിന് നേരെ പുലർത്തിയ മൗനവും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യൻ ജനതയെ ഒരു കണ്ണിയായി കോർത്തിണക്കുന്ന, എല്ലാവരുടെയും പ്രധാന മന്ത്രിയായി മോദിയെ കാണുവാൻ കഴിയില്ല എന്ന വിമർശനത്തിന് വിദേശ മാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റാനായി. പ്രതികൂല ഘടകങ്ങൾ ഉയർത്തിയ തിരിച്ചടികൾ ലണ്ടൻ സന്ദർശന വേളയിൽ മോദിയെ വ്യക്തിപരമായി സ്വാധീനിക്കുമോ എന്നത് മാത്രമാണ് ഇനി കണ്ടറിയുവാൻ ബാക്കിയുള്ളത്.
എന്നാൽ മോദി വരുമ്പോൾ ഗുജറാത്ത് കലാപം, സിഖ് കൂട്ടക്കൊല, ഇന്ത്യയിൽ മോദി ഭരണത്തിൽ വളരുന്ന മത അസഹിഷ്ണുത എന്നിവയൊക്കെ ചൂണ്ടിക്കാട്ടി ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കുവാൻ അണിയറയിൽ ഒരുക്കം നടക്കുകയാണ്. പ്രധാനമന്ത്രി കാമറോണിന്റെ വസതിക്കു മുന്നിലും പാർലമെന്റ് സ്‌ക്വയറിലും മോദിക്ക് സ്വീകരണം ഒരുക്കുന്ന വെംബ്ലി സ്റ്റേഡിയത്തിന് മുന്നിലും ഒക്കെ പ്രതിഷേധക്കാർ അണി നിരക്കും. എന്നാൽ പ്രതിഷേധം തടയാൻ ഉള്ള നീക്കം നടത്തില്ലെന്നും അക്രമാസക്തം ആകാതിരിക്കാൻ ഉള്ള എല്ലാ മുൻ കരുതലും സ്വീകരിക്കുമെന്നും സ്‌കോട്ട്‌ലന്റ് യാർഡ് വ്യക്തമാക്കുന്നു. ലണ്ടൻ നഗരത്തിലടക്കം എവിടെയും റോഡുകൾ അടയ്ക്കാനും പൊലീസ് ഉദ്ദേശിക്കുന്നില്ല. അതേ സമയം സുരക്ഷ ഒരുക്കങ്ങളിൽ പാളിച്ചകൾ സംഭാവിക്കാതിരിക്കാൻ പൊലീസ് നീക്കം സംബന്ധിച്ച വിശദമായ പ്ലാൻ പുറത്തു വിടാനും സ്‌കോട്ട്‌ലന്റ് യാർഡ് തയ്യാറല്ല. പിന്നോക്ക വിഭാഗ സംരക്ഷണ വിഭാഗമായ കാസ്റ്റ് വാച് യുകെ, ആവാസ് ഹുമൻ റൈറ്റ് നെറ്റ്‌വർക്ക്, സൗത്ത് ഏഷ്യ സോളിഡാരിറ്റി എന്നിവയൊക്കെയാണ് പ്രതിഷേധം സംഘടിപ്പിക്കാൻ മുന്നിൽ നിൽക്കുന്നത്. ശനിയാഴ്ച നോർത്ത് ലണ്ടനിൽ അംബേദ്കർ മെമോറിയൽ ഉദ്ഘാടനത്തിന് മോദി എത്തുമ്പോൾ തങ്ങൾ പ്രതിഷേധിക്കാൻ അവിടെ ഉണ്ടാകുമെന്ന് കാസ്റ്റ് വാച് യുകെ അറിയിക്കുന്നു. ''നോട് ഇൻ അവർ നേം'' എന്ന പേരിലാണ് ആവാസ് നെറ്റ്‌വർക്ക് പ്രതിഷേധം.
അതിനിടെ ഇന്ത്യയിൽ വളരുന്ന മത അസഹിഷ്ണുതയിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ അനിഷ്ടം പ്രകടിപ്പിച്ചതിന് പിന്നാലെ വെള്ളിയാഴ്ച ലണ്ടനിൽ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ ജേതാവുമായ അമർത്യ സെനും അമർഷം പ്രകടിപ്പിച്ചു. താൻ മോദിയെ എക്കാലവും എതിർത്തിട്ടുണ്ടെങ്കിലും ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തരത്തിൽ കാര്യങ്ങൾ വഷളാകും എന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് തന്റെ പുസ്തകം ദി കണ്ട്രി ഓഫ് ഫസ്റ്റ് ബോയ്‌സ് പ്രകാശിപ്പിക്കുന്ന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. മോദിയെ ലണ്ടനിൽ ലഭിക്കുമ്പോൾ ഈ ആശങ്കകൾ ചോദ്യം ആയി ഉയർത്തണം എന്നും അദേഹം സദസ്സിനോട് അഭ്യർത്ഥിച്ചു. കാര്യങ്ങൾ ഈ നിലയിൽ മുന്നോട് പോയാൽ രാജ്യത്തിന്റെ വളർച്ചയിൽ കൂടുതൽ ആശങ്കപ്പെടേണ്ടി വരും എന്ന് റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജനും മോദിക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.