- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യാന്തര യാത്രകൾ പ്രോത്സാഹിപ്പിക്കണം; മറ്റു രാജ്യങ്ങളുടെ വാക്സീൻ സർട്ടിഫിക്കറ്റ് അംഗീകരിക്കണം; 150ൽ അധികം രാജ്യങ്ങൾക്ക് ഇന്ത്യ കോവിഡ് വാക്സീൻ എത്തിച്ചു നൽകി; അടുത്ത വർഷത്തോടെ 500 കോടിയിലധികം വാക്സിൻ നിർമ്മിക്കുമെന്നും ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി
റോം: ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണവും വാക്സീൻ സർട്ടിഫിക്കറ്റിനുള്ള പരസ്പര അംഗീകാരവും ജി20 ഉച്ചകോടിയിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെ ഇന്ത്യ നടത്തിയ പോരാട്ടങ്ങളിൽ ഊന്നിയാണ് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി സംസാരിച്ചത്.
ലോക രാഷ്ട്രങ്ങളുടെ ഉപയോഗത്തിനായി അടുത്ത വർഷം 5 ബില്യനിൽ അധികം ഡോസ് കോവിഡ് വാക്സീൻ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്നു മോദി പറഞ്ഞു.
'രാജ്യാന്തര യാത്രകൾ കൂടുതലായി പ്രോത്സാഹിപ്പിക്കണം. ഇതിനായി മറ്റു രാജ്യങ്ങളിൽനിന്നുള്ള വാക്സീൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാനും ലോക രാഷ്ട്രങ്ങൾ തയാറാകണം.' മോദി പറഞ്ഞു.
ഭാവിയിലെ ഏതു തരത്തിലുള്ള വെല്ലുവിളികൾ നേരിടാനും ഇത്തരത്തിലുള്ള കാഴ്ചപ്പാടാണു നമുക്കു വേണ്ടത്. 150ൽ അധികം രാജ്യങ്ങൾക്ക് കോവിഡ് വാക്സീൻ എത്തിച്ചു നൽകി ഇന്ത്യ ലോകത്തിന്റെ ഫാർമസി ആയ കാര്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
'ആഗോള ജനസംഖ്യയുടെ ആറിൽ ഒന്ന് എന്നായി കോവിഡ് വ്യാപനം കുറയ്ക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. ഇതിലൂടെ ആഗോള സുരക്ഷ ഉറപ്പാക്കാനും വൈറസിനു കൂടുതൽ ജനിതക വ്യതിയാനങ്ങൾ ഉണ്ടാകുന്നതു തടയാനും സാധിച്ചു' മോദി പറഞ്ഞു.
രാജ്യം അടുത്ത വർഷത്തോടെ അഞ്ച് ബില്യണിൽ അധികം ഡോസ് വാക്സിൻ നിർമ്മിക്കും. ലോകരാഷ്ട്രങ്ങളുടെ ഉപയോഗത്തിനായാണ് വാക്സിൻ നിർമ്മാണം രാജ്യം ഉയർത്തുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യമെന്നും മോദി പറഞ്ഞു.
ഇന്ത്യ ലോകവ്യാപകമായി വാക്സിൻ വിതരണം ചെയ്യും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സഹായം ആവശ്യമായി വന്ന എല്ലാ രാജ്യങ്ങൾക്കും വാക്സിനെത്തിക്കാനായതോടെ ഇന്ത്യ ലോകത്തിന്റെ തന്നെ ഫാർമസിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിത്തമാണ് വഹിച്ചത്. ഇന്ത്യ ആഗോള സുരക്ഷ ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം, കോവിഡ്, സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് എന്നീ വിഷയങ്ങളാണു പ്രമേയം. 'ഒരേ ഭൂമി, ഒരേ ആരോഗ്യം' എന്ന കാഴ്ചപ്പാടാണു പ്രസംഗത്തിൽ മോദി പങ്കുവച്ചത്.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി വ്യാഴാഴ്ച്ചയാണ് പ്രധാനമന്ത്രി റോമിലെത്തിയത്. ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി സംവദിച്ചിരുന്നു.
12 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാമന്ത്രി റോമിലെത്തുന്നത്. അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനവുമാണിത്. റോം സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യുകെയിലേക്ക് മടങ്ങും. യുകെയിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കോപ്പ്26 സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ന്യൂസ് ഡെസ്ക്