- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
'ആ രാത്രി ഗുലാംനബി എന്നെ വിളിച്ചു...'; പ്രസംഗത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി; കശ്മീരിൽ കുടുങ്ങിയ ഗുജറാത്തികളെ കോൺഗ്രസ് നേതാവ് സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിഗണിച്ചു എന്നും അനുസ്മരണം; രാജ്യസഭാ പ്രതിപക്ഷ നേതാവിന് ഉചിതമായ യാത്രയയപ്പ് നൽകി നരേന്ദ്ര മോദി
ന്യൂഡൽഹി: പാർലമെന്റിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിനെ കുറിച്ച് പ്രസംഗിക്കവെ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭാംഗമായി കാലാവധി അവസാനിക്കുന്ന ഗുലാംനബി ആസാദിനുള്ള യാത്രയയപ്പിനിടെയാണ് അദ്ദേഹവുമായി തനിക്കുണ്ടായിരുന്ന സൗഹൃദം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വിതുമ്പിയത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാംനബി ആസാദ് ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു നരേന്ദ്ര മോദി.
"ശ്രീ ഗുലാം നബി ആസാദ് പാർലമെന്റിൽ വ്യത്യസ്തനാണ്. തന്റെ പാർട്ടിയെക്കുറിച്ച് മാത്രമല്ല, സഭയുടെ സുഗമമായ നടത്തിപ്പിനോടും ഇന്ത്യയുടെ വികസനത്തോടും സമാനമായ അഭിനിവേശമുണ്ടായിരുന്നു," പ്രധാനമന്ത്രി മോദി രാജ്യസഭയിൽ പറഞ്ഞു. "ഞാൻ നിങ്ങളെ വിരമിക്കാൻ അനുവദിക്കില്ല, നിങ്ങളുടെ ഉപദേശം സ്വീകരിക്കുന്നത് തുടരും. എന്റെ വാതിലുകൾ എല്ലായ്പ്പോഴും നിങ്ങൾക്കായി തുറന്നിരിക്കും," പ്രധാനമന്ത്രി പറഞ്ഞു.
മോദി ഗുജറാത്തിലേയും ഗുലാംനബി ആസാദ് ജമ്മുകശ്മീരിന്റേയും മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവം ഓർത്തുകൊണ്ടാണ് പ്രധാനമന്ത്രി വികാരാധീതനായത്. മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയേയും പ്രധാനമന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ളവർ കശ്മീരിൽ കുടുങ്ങിയപ്പോൾ ആസാദും പ്രണബ് മുഖർജിയും നടത്തിയ ശ്രമങ്ങളെ താൻ ഒരിക്കലും മറക്കില്ലെന്ന് മോദി പറഞ്ഞു. 'ആ രാത്രി ഗുലാംനബി എന്നെ വിളിച്ചു...'പ്രസംഗത്തിനിടെ പ്രധാനമന്ത്രി വിതുമ്പി.
ഗുലാംനബി ആസാദ് കശ്മീരിൽ കുടുങ്ങിയ ഗുജറാത്തികളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിഗണിച്ചു. അധികാരം വരും പോകും. എന്നാൽ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ്...മോദി ഗുലാംനബി ആസാദിനെ അഭിവാദനം ചെയ്തു. തന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരിക നിമിഷങ്ങളായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ യഥാർത്ഥ സുഹൃത്താണ് ഗുലാംനബി എന്ന് പറഞ്ഞ മോദി അദ്ദേഹത്തെ പിന്തുടരുക വളരെ പ്രയാസകരമാണെന്നും വ്യക്തമാക്കി. 'പദവികൾ വരുന്നു, ഉയർന്ന ഓഫീസ് വരുന്നു, അധികാരം വരുന്നു, ഇവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദ്ജിയിൽ നിന്ന് പഠിക്കണം. ഞാൻ അദ്ദേഹത്തെ ഒരു യഥാർത്ഥ സുഹൃത്തായി കണക്കാക്കും,' പ്രധാനമന്ത്രി മോദി പറഞ്ഞു.
'വർഷങ്ങളായി ഗുലാം നബി ആസാദിനെ അറിയാം. ഞങ്ങൾ ഒരുമിച്ച് മുഖ്യമന്ത്രിമാരായിരുന്നു. ഞാൻ മുഖ്യമന്ത്രിയാകുന്നതിനു മുമ്പുതന്നെ ഞങ്ങൾ തമ്മിൽ ആശയവിനിമയം ഉണ്ടായിരുന്നു, ആസാദ് സാഹബ് സജീവ രാഷ്ട്രീയത്തിൽ ആയിരുന്നപ്പോൾ. പലർക്കും അറിയാത്ത ഒരു അഭിനിവേശം അദ്ദേഹത്തിനുണ്ട് പൂന്തോട്ടപരിപാലനം, പ്രധാനമന്ത്രി പാർലമെന്റിൽ പങ്കുവെച്ചു.പ്രധാനമന്ത്രിക്ക് പുറമെ മറ്റു എൻഡിഎ അംഗങ്ങളും ഗുലാം നബി ആസാദിനെ പുകഴ്ത്തി സംസാരിച്ചു. ഗുലാം നബി ആസാദ് സഭയിൽ തിരിച്ചെത്തണമെന്നും കോൺഗ്രസ് അതു ചെയ്തില്ലെങ്കിൽ തങ്ങൾ അത് ചെയ്യുമെന്നും ആർപിഐ നേതാവ് രാംദാസ് അഠാവലേ വ്യക്തമാക്കി.
ഫെബ്രുവരി 15 ന് ഗുലം നബി ആസാദ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പടി ഇറങ്ങും. രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഗുലാം നബി ആസാദിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ശ്രമം എന്നാൽ ഇനിയും പൂർത്തിയായിട്ടില്ല. ഒന്നിലധികം നേതാക്കൾ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതാണ് സാഹചര്യത്തെ സങ്കീർണമാക്കിയത്.
പി. ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിങ് എന്നിവർ താത്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ ഇവരിൽ ആരെങ്കിലും രാജ്യസഭാ അധ്യക്ഷനാകുന്നതിൽ കോൺഗ്രസ് അധ്യക്ഷയ്ക്ക് താത്പര്യം ഇല്ല. ലോക്സഭയിലെ മുൻ സഭാനേതാവ് കൂടിയായിട്ടുള്ള മല്ലികാർജുൻ ഖാർഗേയെ ആണ് കോൺഗ്രസ് അധ്യക്ഷ പിന്തുണയ്ക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷ കൈക്കൊണ്ടിട്ടില്ലെന്നാണ് കോൺഗ്രസ് വക്താക്കൾ പറയുന്നത്. പാർട്ടിയിൽ വിശദമായ ചർച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നും കോൺഗ്രസ് വക്താക്കൾ വ്യക്തമാക്കി.
പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് 23 തിരുത്തൽവാദി നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. ഇതിൽ പ്രധാനിയാണ് ഗുലാം നബി ആസാദ്. അതുകൊണ്ടു തന്നെ ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിൽ ചില തർക്കങ്ങളുമുണ്ട്. അതേസമയം ആസാദിന് വീണ്ടും അവസരം നൽകണമെന്ന് ഉന്നയിക്കുന്നവരുമുണ്ട്. 1980 മുതൽ തുടർച്ചയായി പാർലമെന്റ് അംഗമായിരുന്നു ഗുലാം നബി ആസാദ്. രണ്ടു തവണ ലോക്സഭയിലും അഞ്ചുതവണ രാജ്യസഭയിലും എത്തിയിട്ടുണ്ട്. നിലവിൽ കശ്മീരിൽനിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം. എന്നാൽ ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവിടുത്തെ നിയമസഭ ഇല്ലാതായി. ഇതോടെയാണ് മറ്റൊരു സംസ്ഥാനത്തുനിന്ന് ആസാദിനെ രാജ്യസഭയിൽ എത്തിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് ആലോചിക്കുന്നത്.
ഏപ്രിൽ 21-നാണ് കേരളത്തിൽ മൂന്ന് രാജ്യസഭാ സീറ്റുകൾ ഒഴിവു വരുന്നത്. ഒരു സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസാദിനെ രാജ്യസഭയിലെത്തിക്കാൻ ഹൈക്കമാൻഡ് പദ്ധതിയിടുന്നത്. വയലാർ രവിയുടെ രാജ്യസഭാ അംഗത്വ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നത്.രാജ്യസഭ കക്ഷി നേതാവ് ആയതിനാൽ തന്നെ ആസാദിനെ വീണ്ടും രാജ്യസഭയിൽ എത്തിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.