ആന്ധ്രാപ്രദേശ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാകോണ്ടയോട് ഉപമിച്ച് ആന്ധ്രാ പ്രദേശ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി രംഗത്തെത്തി. മന്ത്രി യനമല രാമ കൃഷ്ണുഡുവാണ് പ്രധാനമന്ത്രിയെ പരിഹസിച്ചത്. ആർബിഐയെയും സിബിഐയെയും വിഴുങ്ങുന്ന മോദിയെക്കാൾ വലിയ അനാക്കോണ്ടയുണ്ടോ എന്ന് കൃഷ്ണഗുഡു ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മോദിയെ പരിഹസിച്ചത്.

'നരേന്ദ്ര മോദിയെക്കാൾ വലിയ അനാക്കോണ്ടയുണ്ടോ?. എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങുന്ന അനാക്കോണ്ട തന്നെയാണ് അദ്ദേഹം. സിബിഐ ആർബിഐ മുതലായ സ്ഥാപനങ്ങളെ അദ്ദേഹം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്'- കൃഷ്ണുഡു ട്വീറ്റ് ചെയ്തു.

ഇതാദ്യമായല്ല നരേന്ദ്ര മോദിയെ രാഷ്ട്രീയ നേതാക്കൾ മറ്റ് പേരുകളോട് ഉപമിക്കുന്നത്. കോൺഗ്രസ് നേതാവ് ശശി തരൂർ എംപി കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ശിവലിംഗത്തിലിരിക്കുന്ന തേളായി താരതമ്യപ്പെടുത്തിയത്. കൈകൊണ്ട് അതിനെ നീക്കം ചെയ്യാൻ കഴിയില്ലെന്നും ചെരുപ്പെടുത്ത് അടിക്കാനെ കഴിയുകയുള്ളുവെന്നും തരൂർ പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ ബിജെപി നേതാവിന്റെ പരാതിയിൽ തരൂരിനെതിരെ അപകീർത്തി കേസ് എടുത്തിരുന്നു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു കോൺഗ്രസ് എംഎൽഎ മോദിയെ ഡെങ്കിപ്പനി പരത്തുന്ന കൊതുകായും ഉപമിച്ചിരുന്നു. കൊതുകിനെ കീടനാശിനി ഉപയോഗിച്ചു നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ നരേന്ദ്ര മോദിയെ മറ്റ് പേരുകൾ വിളിച്ച് അധിക്ഷേപിക്കുന്നതിനെതിരെ കേന്ദ്ര മന്ത്രി മുക്തർ അബ്ബാസ് രംഗത്തു വന്നിരുന്നു. മോദി ജിയെ അധിക്ഷേപിക്കുക എന്നുള്ളത് ഇപ്പോൾ ഒരു മത്സരമായിരിക്കുകയാണെന്നും എന്നാൽ ഈ പരിഹാസങ്ങളെല്ലാം അദ്ദേഹത്തെ കൂടുതൽ ശക്തനാക്കുകയാണെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്.