ന്യൂഡൽഹി: പതിവ് തെറ്റിക്കാതെ അതിർത്തി കാക്കുന്ന ഭടന്മാർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷിംലയിൽ നിന്ന് 270 കിലോമീറ്റർ അകലെ ഇന്ത്യ- ചൈന അതിർത്തിയിലെ സുംദോയിലായിരുന്നു മോദി ഇത്തവണ ദീപാവലി ദിവസം ചെലവഴിച്ചത്.

നിങ്ങൾ അതിർത്തികാക്കുമ്പോൾ ജനങ്ങൾ പേടി കൂടാതെ ഉറങ്ങുന്നു. നിങ്ങളില്ലെങ്കിൽ അവർക്ക് സുഖമായി ഉറങ്ങാൻ കഴിയുകയുമില്ല., 2001ൽ ഗുജറാത്തിൽ ഭൂചലനമുണ്ടായപ്പോൾ അന്ന് ദീപാവലി ദുരിത ബാധിതർക്കൊപ്പമായിരുന്നു ഞാൻ ആഘോഷിച്ചത്. വേണ്ടപ്പെട്ടവരോടൊത്ത് ദീപാവലി ആഘോഷിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് നങ്ങളുടെ അടുത്ത് ഞാൻ ഇത്തവണ എത്തിയത്-സൈനികരുടെ നിലയ്ക്കാത്ത കൈയടിക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

ജവാന്മാരുടെ ആത്മവീര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി അതിർത്തിയിലെത്തിയത്. ഇതു മൂന്നാം തവണയാണ് മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2014ൽ സിയാച്ചനിലും കഴിഞ്ഞവർഷം പഞ്ചാബ് അതിർത്തിയിലുമായിരുന്നു മോദി. പതിവ് പോലെ സാധാരണക്കാരനായി മാറി സൈനികരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. അവർക്ക് മധുരം നൽകി. തൊ ട്ടടുത്ത ഗ്രാമം സന്ദർശിച്ചു. അങ്ങനെ സൈനികരുടെ ആവേശമാകാൻ തന്നെയാണ് ഇത്തവണത്തെ ദീപാവലിക്കും പ്രധാനമന്ത്രി ശ്രദ്ധിച്ചത്. മാസം തോറും ആകാശവാണിയിലൂടെ നടത്തുന്ന മൻ കീ ബാത്ത് പ്രഭാഷണത്തിൽ ഇത്തവണത്തേത് അദ്ദേഹം ജവാന്മാർക്കു സമർപ്പിച്ചും മോദി നിലപാടുകൾ വിശദീകരിച്ചു.

ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതിക്കായി 5500 കോടി രൂപ വകയിരുത്തിയതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 'സൈന്യത്തിലെയും ഐടിബിപിയിലെയും ധീരന്മാരായ ജവാന്മാർക്കൊപ്പം ഹിമാചൽപ്രദേശിലെ കിനാനൂർ ജില്ലയിലെ സുംദോയിൽ. ജയ് ജവാൻ, ജയ് ഹിന്ദ്' എന്ന് ട്വിറ്റർ സന്ദേശത്തിൽ മോദി കുറിച്ചു. വിമുക്തഭടന്മാരുടെ ദീർഘകാല ആവശ്യമായിരുന്ന ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതിക്കു വേണ്ടി ആദ്യ തവണയായ 5500 കോടി രൂപ വകയിരുത്തിയതോടെ 40 വർഷമായി നടപ്പാകാതെ നിന്ന ഒരു വാഗ്ദാനം നിറവേറ്റുകയാണെന്നു മോദി പറഞ്ഞു. നാലു തവണകളായി മുഴുവൻ പണവും വകയിരുത്തും. മൻ കീ ബാത്ത് പരിപാടിയിൽ വിഘടനപ്രവണതകളെയും മനോഭാവത്തെയും തോൽപ്പിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

വൈവിധ്യങ്ങളിലെ ഏകത്വമാണ് നമ്മുടെ ശക്തി. രാജ്യത്തു നിന്നു വിഘടനവാദ പ്രവണതകളെ ഇല്ലാതാക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. നമ്മുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി ധീരജവാന്മാർ അവരുടെ ജീവൻ ത്യജിക്കുകയാണ്. ചിലർ മരുഭൂമിയിലും ചിലർ ഹിമാലയത്തിലും മറ്റു ചിലർ വ്യവസായ മേഖലയുടെ സുരക്ഷയ്ക്കു വേണ്ടിയും അവരുടെ ജീവിതം മാറ്റിവയ്ക്കുന്നു. അതിനാൽ ഇത്തവണത്തെ ദീപാവലി അവർക്കു വേണ്ടി സമർപ്പിക്കാം - മോദി പറഞ്ഞു. അതിർത്തിയിലുള്ള സൈനികരുടെ ആത്മവീര്യം വർധിപ്പിക്കാനായി സന്ദേശം അയയ്ക്കുന്ന 'സന്ദേശ് ടു സോൾജിയേഴ്‌സ്' ക്യാംപയിനിൽ പങ്കെടുക്കാൻ എല്ലാവരെയും താൻ ക്ഷണിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ബി.എസ്.എഫ്. ജവാന്മാർക്കൊപ്പം ദീപാവലി ആഘോഷിച്ച് ബിജെപി. നേതാക്കളും മോദിയുടെ വഴിയേ സഞ്ചിരിച്ചു. യെലഹങ്കയിലെ ബി.എസ്.എഫ്. കേന്ദ്രത്തിൽ നടന്ന ആഘോഷച്ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, എച്ച്.എൻ. അനന്ത്കുമാർ, ബിജെപി. സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ തുടങ്ങിയവർ പങ്കെടുത്തു. നേതാക്കൾ ജവാന്മാർക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമാണ് ജവാന്മാർക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയതെന്നും രാജ്യത്തെ ദീവ്രവാദികളിൽ നിന്ന് രക്ഷിക്കുന്നതിൽ ബി.എസ്.എഫ്. ജവാന്മാർ പ്രധാന പങ്കുവഹിക്കുന്നതായും കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത് കുമാർ പറഞ്ഞു.



സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ പറഞ്ഞു. ജവാന്മാരെ അഭിനന്ദിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഇവിടെ െവച്ച് ദീപാവലി ആഘോഷിക്കുന്നതെന്നും ജവാന്മാരുടെ സാന്നിധ്യം കൊണ്ടാണ് രാജ്യം സുരക്ഷിതമായിരിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. ജനങ്ങൾ മുഴുവൻ ജവാന്മാരുടെ കുടുംബത്തോടൊപ്പമുണ്ട്. വിമുക്തഭടന്മാരുടെ ആവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകണമെന്നും ബിജെപി. അധികാരത്തിൽ വന്നാൽ വിമുക്തഭടന്മാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.