ന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പിൽ ഫൈനൽ വരെയെത്തിയ ഇന്ത്യൻ ടീമിന് വൻസ്വീകരണമാണ് ആരാധകരും അധികൃതരും ഒരുക്കിയിരുന്നത്. എല്ലായിടത്തു പ്രശംസകൾ ഇന്ത്യൻ വനിതാ ടീമിനെ തേടിയെത്തി. മുംബൈ വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പവും മിതാലിയും സംഘവും സമയം ചെലവഴിച്ചു.

മോദിയും ഇന്ത്യൻ സംഘവും തമ്മിൽ 12 മിനിറ്റുള്ള കൂടിക്കാഴ്‌ച്ചയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മോദിയെ ഇന്ത്യൻ പെൺപുലികൾ ചോദ്യം കൊണ്ട് മൂടിയപ്പോൾ കൂടിക്കാഴ്‌ച്ച ഒന്നര മണിക്കൂർ നീണ്ടു. മിതാലിയുടെയും സംഘത്തിന്റെയും എല്ലാ ചോദ്യങ്ങൾക്കും മോദിയുടെ കൈയിൽ ഉത്തരമുണ്ടായിരുന്നു. ഒപ്പം ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല. ഫൈനലിൽ തോറ്റെങ്കിലും രാജ്യത്തിന്റെ അഭിമാനമായാണ് ടീം തിരിച്ചുവന്നതെന്ന് ചൂണ്ടിക്കാട്ടിയ മോദി വിജയത്തിന് അടുത്തെത്തുമ്പോൾ എന്തിനാണ് ഇത്രയും സമ്മർദത്തിന് അടിപ്പെടുന്നത് ജുലൻ ഗോസ്വാമിയോട് അന്വേഷിച്ചു.

കരഘോഷത്തോടെയാണ് പ്രധാനമന്ത്രി ടീമിനെ റൂമിലേക്ക് സ്വീകരിച്ചത്. ഫൈനലിൽ 86 റൺസുമായി തിളങ്ങിയ പൂനം റാവത്തിന് ചോദിക്കാനുണ്ടായിരുന്നത് മോദി എങ്ങനെയാണ് സമ്മർദങ്ങളെ അതിജീവിക്കുന്നത് എന്നായിരുന്നു. യോഗ, ധ്യാനം എന്നിവയിലൂടെയാണ് താൻ സമ്മർദത്തെ അതിജീവിക്കുന്നത് എന്നായിരുന്നു മോദി നൽകിയ മറുപടി. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ സമ്മർദത്തിന് അടിപ്പെട്ട് വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഇന്ത്യക്ക് മോദിയുടെ ഈ ഉപദേശം ഗുണകരമായേക്കും.

മോദി എങ്ങനെയാണ് സമയം ചെലവഴിക്കുന്നത് എന്നറിയാനായിരുന്നു ക്യാപ്റ്റൻ മിതാലി രാജിന് അറിയേണ്ടിയിരുന്നത്. ഇത്രയും തിരക്കുകളിലൂടെ ഓടി നടന്നിട്ടും ഒട്ടും ഊർജം നഷ്ടപ്പെടാതെ പെരുമാറുന്നത് എങ്ങനെയാണെന്നും ഇന്ത്യൻ ടീം അന്വേഷിച്ചു. യോഗ ഒരിക്കലും മുടക്കാറില്ലെന്ന് വ്യക്തമാക്കിയ മോദി യോഗ ചെയ്യാൻ ഇന്ത്യൻ ടീമിന് ഉപദേശം നൽകുകയും ചെയ്തു. താൻ മുടങ്ങാതെ ചെസ്സ് കളിക്കാറുണ്ടെന്നും മോദി വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സൂപ്പർ സ്റ്റാർ ഹർമൻപ്രീതിന്റെ ചോദ്യം മോദിയെ ചിരിപ്പിച്ചു. പ്രധാനമന്ത്രിക്ക് പ്രത്യേക ഡിസൈനർ ഉണ്ടോ എന്നായിരുന്നു പഞ്ചാബി താരത്തിന് അറിയേണ്ടിയിരുന്നത്. അഹമ്മദാബാദിലെ ഒരു തയ്യൽക്കാരാനാണ് വർഷങ്ങളായി തന്റെ വസ്ത്രം തയ്ക്കുന്നതെന്ന് ഹർമനോട് മോദിയുടെ മറുപടി. പണ്ട് തന്റെ തയ്യൽക്കാരന് ഒരു ദിവസം 2025 രൂപയാണ് ലഭിച്ചിരുന്നതെന്നും ഇന്ന് അയാളുടെ കൂലി എത്രയോ മടങ്ങ് വർധിച്ചെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ള തന്റെ കഷ്ടപ്പാടുകളെ കുറിച്ചും മോദി വിശദീകരിച്ചു. തന്റെ വസ്ത്രം താൻ തന്നെയാണ് കഴുകിയിരുന്നത്. നീണ്ട കൈയുള്ള കുർത്ത അലക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് അത് വെട്ടി ചെറുതാക്കിയത്. മറ്റൊരു ഇന്ത്യൻ താരം രാഷ്ട്രീയത്തിലിറങ്ങണമെന്നും മുഖ്യമന്ത്രിയാകണമെന്നുമാണ് ആഗ്രഹം പ്രകടിപ്പിച്ചത്. ക്രിക്കറ്റിൽ നിന്നു വിരമിക്കുന്ന കാര്യം തീരുമാനിച്ചിരുന്നെങ്കിൽ പാർട്ടിയുടെ പ്രതിനിധിയെ വീട്ടിലേക്ക് അയക്കാമായിരുന്നല്ലോ എന്നായിരുന്നു മോദിയുടെ രസകരമായ മറുപടി.