- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് വൈകില്ല; മണ്ഡല പുനർനിർണയം നടക്കും; ഉചിതമായ സമയത്ത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും ഉറപ്പ് നൽകി കേന്ദ്രസർക്കാർ; 'പ്രത്യേക പദവി'ക്ക് മറുപടിയില്ല; ഡൽഹിയുടെ ദൂരവും ഹൃദയത്തിന്റെ ദൂരവും ഇല്ലാതാക്കുമെന്ന് കശ്മീരി നേതാക്കളോട് പ്രധാനമന്ത്രി
ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ താൻ പ്രതിജ്ഞബദ്ധനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയതായി സർവകക്ഷിയോഗത്തിന് ശേഷം ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ. ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയത്തിനു ശേഷം നിയമസഭ തിരഞ്ഞെടുപ്പ് വൈകാതെ നടക്കും. ഉചിതമായ സമയത്ത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് സർവകക്ഷിയോഗത്തിൽ അമിത് ഷാ പറഞ്ഞു. പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കണമെന്ന് കശ്മീരിലെ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമുണ്ടായില്ല.
നിർണായക യോഗത്തിൽ ഡൽഹിയിൽ നിന്നും ഹൃദയത്തിൽ നിന്നുമുള്ള ദൂരം വേഗത്തിൽ ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനന്ത്രി കശ്മീർ നേതാക്കളോട് പറഞ്ഞു. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയ കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടു. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നാല് മുഖ്യമന്ത്രിമാർ ഉൾപ്പടെ എട്ട് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 14 നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിലുണ്ടായിരുന്നു. 2018ൽ മെഹബൂബ മുഫ്തി സർക്കാരിനു ബിജെപി പിന്തുണ പിൻവലിച്ചതിനു ശേഷം രാഷ്ട്രപതി ഭരണത്തിൽ കീഴിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ധാരണയിലെത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
സർവകക്ഷി യോഗത്തിൽ പങ്കെടുത്ത എല്ലാവരും ജനാധിപത്യത്തെ കുറിച്ചും ഭരണഘടനയെ കുറിച്ചമുള്ള പ്രതിബന്ധത അറിയിച്ചു. ജമ്മു കശ്മീരിലെ ജനാധിപത്യ പ്രക്രിയകൾ ശക്തിപ്പെടുത്താനും നിർദേശിച്ചതായി അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ സമഗ്ര വികസനം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ അറിയിച്ചു.
കശ്മീരിന്റെ പുരോഗതിയും ഭാവിയും ചർച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളിൽ നിന്നും പ്രധാനമന്ത്രി നിർദേശങ്ങൾ കേട്ടു. പങ്കെടുത്ത എല്ലാവരും സത്യസന്ധമായ അഭിപ്രായങ്ങൾ പങ്കുവെച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീർ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതിനു ശേഷം ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി മണ്ഡല പുനർ നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായെന്നാണു സൂചന. കോവിഡ് മഹാമാരിയെ തുടർന്ന് ഭീകരപ്രവർത്തനം മന്ദഗതിയിലായെന്നും രാഷ്ട്രീയ പ്രക്രിയ ആരംഭിക്കാനുള്ള സമയമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും പുനഃസ്ഥാപിക്കണമെന്ന ആവശ്യം യോഗത്തിൽ ആവർത്തിച്ചുവെന്ന് മെഹബൂബ മുഫ്തിയുടെയും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെയും നേതൃത്വത്തിൽ ഏഴ് പാർട്ടികൾ ഉൾപ്പെടുന്ന ഗുപ്കർ സഖ്യം പറഞ്ഞു. കോൺഗ്രസും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനു നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക, ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുക, എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കുക എന്നീ ആവശ്യങ്ങൾക്കൊപ്പം സ്ഥിരവാസം സംബന്ധിച്ചും കോൺഗ്രസ് യോഗത്തിൽ പറഞ്ഞു.
2019ൽ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രം മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കളെ തടവിലാക്കിയിരുന്നു. തുടർന്ന് ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുപ്കർ സഖ്യം നൂറിലേറെ സീറ്റ് നേടി. 74 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തു.
ന്യൂസ് ഡെസ്ക്