- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ചായക്കടക്കാരനായ തനിക്ക് സാധിക്കുമെങ്കിൽ ആർക്കും ഇത് സാധിക്കും; ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം പി ആർ പണിയല്ല, കഠിനാധ്വാനം;വിമർശകരെ ബഹുമാനിക്കുന്നുവെന്നും പ്രധാനമന്ത്രി; യുവാക്കൾക്ക് സ്വയം പര്യാപ്തതയ്ക്കുള്ള പിന്തുണ നൽകണമെന്നും നരേന്ദ്ര മോദി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പരിഷ്കരണ നടപടികളോട് പ്രതിപക്ഷം കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങളിൽ സർക്കാർ ഇനിയും ചർച്ചകൾക്ക് തയാറാണ്. നെഗറ്റീവ് പ്രചാരണങ്ങൾക്കിടയിലും ഇന്ത്യ കോവിഡിനെ വികസിത രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നും നരേന്ദ്ര മോദി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കോവിഡ് വാക്സിൻ രാജ്യത്ത് ഉത്പാദിപ്പിക്കാത്ത സാഹചര്യം സങ്കൽപ്പിക്കൂ. എന്തായിരിക്കും അവസ്ഥ. ലോകത്തെ വലിയൊരു വിഭാഗം ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമല്ല എന്നകാര്യം എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ ഇന്ത്യ സ്വയം പര്യാപ്തമായതുകൊണ്ടാണ് വാക്സിനേഷൻ ദൗത്യം വിജയിച്ചത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയ സേവന രംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ ഓപ്പൺ മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം അടക്കമുള്ള കാര്യങ്ങൾ അദ്ദേഹം വെളുപ്പെടുത്തി. പിആർ പണിയല്ല, കഠിനാധ്വാനമാണ് ജനങ്ങൾക്കു തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞു. ദാരിദ്ര്യത്തിൽ നിന്നാണ് വന്നത്, അധികാരത്തിന്റെ ഇടനാഴിയിൽ നിന്നല്ലെന്നും മോദി പറഞ്ഞു.
അതുകൊണ്ട് ജനങ്ങളുടെ ആശകളും പ്രശ്നങ്ങളും അറിയാം. ആത്മീയ വഴിയിലൂടെ പോകാനാണ് ആഗ്രഹിച്ചത്. സുഹൃത്തുക്കളുടെയും സാഹചര്യങ്ങളുടെയും സമ്മർദം മൂലം രാഷ്ട്രീയത്തിലെത്തി. ഏഴു വർഷത്തെ ഭരണനേട്ടങ്ങൾക്ക് അടിസ്ഥാനം ജനങ്ങളും സർക്കാരും തമ്മിലെ പരസ്പര വിശ്വാസമാണെന്നും മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരാൻ താൽപര്യമുള്ള ആളായിരുന്നില്ല ആദ്യ കാലങ്ങളിൽ ഞാൻ. അവിടെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നു കരുതിയിരുന്നു. എന്റെ ആശയം ചെറുപ്പകാലം മുതൽ തന്നെ ആത്മീയതയായിരുന്നു. ആളുകളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ് എന്ന തത്വം തിരിച്ചറിഞ്ഞാണ് ഞാൻ ഇന്നത്തെ നിലയിലേക്കെത്തിയത്. അതിന് രാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും എന്നെ എപ്പോഴും പ്രചോദനമായിരുന്നു. അവരാണ് എനിക്ക് പ്രേരക ശക്തിയായി വർത്തിച്ചത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഒരു ഭരണാധികാരിയായി തികച്ചും അനിയന്ത്രിതമായ ഒരു ലോകത്തേക്ക് പ്രവേശിക്കേണ്ട സാഹചര്യങ്ങൾ ഉരുത്തിരിയുകയായിരുന്നു.
ഒരു ചായക്കടക്കാരനായ തനിക്ക് ഇത് സാധിക്കുമെങ്കിൽ ആർക്കും ഇത് സാധിക്കും. എനിക്ക് ഉള്ള അതേ കഴിവുകൾ ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും ഉണ്ടെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ ഞാൻ നേടിയത് ആർക്കും നേടാം.കഴിവുള്ള 130 കോടി ജനങ്ങളുള്ള ഒരു രാജ്യം. നമ്മുടെ രാജ്യത്തിന് മനുഷ്യരാശിക്കായി നൽകാൻ കഴിയുന്ന സംഭാവന വളരെ വലുതാണ്. അതുകൊണ്ടാണ് മുകളിലേക്കുള്ള യാത്രയിൽ ആളുകളെ ശാക്തീകരിക്കുന്നതും പ്രചോദനം നൽകുന്നതും എന്റെ അടിസ്ഥാനപരമായ വാസനയായി മാറിയത്.
ഓരോ ചെറുപ്പക്കാർക്കും അവസരങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ അവസരങ്ങളെക്കുറിച്ച് പറയുമ്പോൾ, അവരെ ആശ്രയിക്കുന്ന സഹായത്തെ മാത്രമല്ല, അവരുടെ അഭിലാഷങ്ങൾ അന്തസ്സോടെ നിറവേറ്റാൻ അവരെ സ്വയം പര്യാപ്തമാക്കുന്ന പിന്തുണയെക്കുറിച്ചാണ് ഞാൻ പറയുന്നത്. അതാണ് ഇന്ത്യയിലെ 130 കോടി ജനതയക്കും കൊടുക്കാൻ ശ്രമിക്കുന്നത്. നമ്മുടെ രാജ്യം കഴിഞ്ഞ കാലങ്ങളിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു. എനിക്ക് ഏറ്റവും തൃപ്തിയുണ്ടായ സമയം വളരെ കുറവാണ്.
എന്നാൽ അടുത്തിടെ ഒളിമ്പിക്സ് താരങ്ങൾ മെഡലുമായി എത്തി സംവദിച്ചപ്പോൾ ഞാൻ അവസരങ്ങളെ കുറിച്ചോർത്തു. മുമ്പ് അവർ പരാതികൾ പറഞ്ഞിരുന്നത് സൗകര്യങ്ങളുടെ അഭാവത്തെകുറച്ചാണ്. എന്നാൽ ഇന്ന് അവർ പറയുന്നത് മെഡൽ നേടാനാകാത്ത മറ്റ് കാരണങ്ങളെ കുറിച്ചാണ്. രാജ്യം നൽകുന്ന സൗകര്യങ്ങളെ കുറിച്ച് അവർക്ക് പരാതിയില്ല. അത് വലിയ മാറ്റമാണ്. ഇത് വരും നാളുകളിൽ രാജ്യത്തിലേക്ക് കൂടുതൽ മെഡലുകൾ കൊണ്ടുവരാൻ കാരണമാകുമെന്നും കായികതാരങ്ങൾ പറയുന്നു. അവർ നിസഹായരായി നിന്ന കാര്യങ്ങളിൽ രാജ്യം ശ്രദ്ധ പുലർത്തുന്നുണ്ട്. മെഡലുകൾ നേടാൻ അവർ സജ്ജമായിക്കൊണ്ടിരിക്കുന്നതായും അവർ പറയുന്നു. ഇത്, ഈ പ്രതീക്ഷയുള്ള മാറ്റം തൃപ്തികരമായ ഒന്നാണെന്നും മോദി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
കാർഷിക നിയമങ്ങൾ, ജിഎസ്ടി, ആധാർ വിഷയങ്ങളിൽ പ്രതിപക്ഷം സ്വീകരിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് അഭിമുഖത്തിൽ പ്രധാനമന്ത്രി വിമർശിച്ചു. കാർഷികരംഗത്ത് പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷം വാഗ്ദാനം ചെയ്തിരുന്നു. ചില മുഖ്യമന്ത്രിമാർ കത്ത് അയയ്ക്കുകയും ചെയ്തു.
എന്നാൽ തന്റെ സർക്കാർ അത് നടപ്പാക്കിയപ്പോൾ വ്യാപകമായി വ്യാജപ്രചാരണം നടത്തി. കാർഷിക നിയമങ്ങളിൽ വരുത്തേണ്ട മാറ്റമെന്താണെന്ന് കൃത്യമായി ആരും ഇതുവരെ ചൂണ്ടിക്കാട്ടിയില്ല. സൈന്യത്തിന് നേരെ പോലും പ്രതിപക്ഷം വാളോങ്ങി. വൻകിട മുതലാളിമാർക്ക് വായ്പ നൽകി ബാങ്കുകളെ കിട്ടാക്കടത്തിലേയ്ക്ക് തള്ളിവിട്ടവർ, തന്റെ സർക്കാർ ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിനെ പരിഹസിക്കുകയാണ്.
കാര്യങ്ങൾ വിശദമായി പഠിക്കാൻ സമയം കണ്ടെത്താൻ കഴിയാത്തവരാണ് വിമർശം ഉന്നയിക്കുന്നത്. ശരിയായ പഠനം നടത്തിയിട്ടുവേണം വിമർശം ഉന്നയിക്കാൻ. കോവിഡ് മറ്റുരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇന്ത്യയിലെ പ്രതിരോധ നടപടികളുടെ ആസൂത്രണം തുടങ്ങി.
''സത്യസന്ധമായി ഞാൻ പറയട്ടെ, വിമർശകരെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്നാൽ ദൗർഭാഗ്യമെന്ന് പറയട്ടെ വിമർശകരുടെ എണ്ണം വളരെ കുറവാണ്. മിക്കപ്പോഴും ആളുകൾ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്. ഓരോ ധാരണകളുടെ അടിസ്ഥാനത്തിൽ നാടകം കളിക്കുന്നവരാണ് അധികവും. അതിന്റെ കാരണം എന്താണെന്നുവച്ചാൽ വിമർശം ഉന്നയിക്കുന്നതിനു മുമ്പ് ഒരാൾ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വിമർശം ഉന്നയിക്കുന്ന വിഷയത്തിൽ ധാരാണം ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, അതിവേഗം മുന്നോട്ടു നീങ്ങുന്ന ഇന്നത്തെ ലോകത്തിൽ പലർക്കും അതിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും എനിക്ക് വിമർശകരെ നഷ്ടപ്പൈറുണ്ട്.
വാക്സിനേഷൻ ദൗത്യത്തെപ്പറ്റി മനസിലാക്കുന്നതിന് അതുസംബന്ധിച്ച ആസൂത്രണം, ഓരോ സ്ഥലത്തും എത്തിക്കൽ, മറ്റുപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. രാജ്യത്ത് വാക്സിനേഷൻ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ആളുകളുടെ ഏകോപനം ശ്രമകരമാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യം വൻ വിജയമാക്കിയവരുടെ പരിശ്രമങ്ങൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങൾക്ക് ഇനിയും സമയം വേണ്ടിവരും'' - അദ്ദേഹം പറഞ്ഞു.
ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ എന്ന മുദ്രാവാക്യത്തിൽനിന്ന് വീണ്ടും മുന്നോട്ടു പോകേണ്ട സമയമായി. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ (ഗവേഷണം) എന്നതാവണം പുതിയ മുദ്രാവാക്യം. ഗവേഷണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. 2020 മെയ് മാസത്തിലാണ് വാക്സിനേഷൻ ദൗത്യം സംബന്ധിച്ച ആലോചനകൾ ആദ്യമായി രാജ്യത്ത് തുടങ്ങിയത്. ആ സമയത്ത് ലോകത്ത് ഒരിടത്തും കോവിഡ് വാക്സിൻ അന്തിമ അനുമതി ലഭിക്കുന്ന ഘട്ടത്തിന് അടുത്തെത്തിയിട്ടില്ല. ജനങ്ങൾക്ക് മുഴുവൻ വാക്സിൻ കുത്തിവെക്കാൻ ദശാബ്ദങ്ങളെടുക്കുന്ന പഴയ ശൈലി സ്വീകരിക്കാനാവില്ലെന്ന് ആദ്യം തന്നെ തീരുമാനമെടുത്തു.
വാക്സിനേഷൻ അതിവേഗം, വിവേചനരഹിതമായി, സമയ ബന്ധിതമായി നടപ്പാക്കണമെന്ന തീരുമാനമെടുത്തു. സർക്കാർ സേവനങ്ങൾക്കായി പാവപ്പെട്ടവർക്ക് ഇപ്പോൾ ദീർഘകാലം കാത്തിരിക്കുകയോ കൈക്കൂലി നൽകുകയോ ചെയ്യേണ്ട ആവശ്യമില്ല. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്സിൻ സ്വന്തം ഗ്രാമത്തിൽനിന്ന് എടുത്താലും അടുത്ത ഡോസ് അദ്ദേഹം ജോലി ചെയ്യുന്ന നഗരത്തിൽനിന്ന് കുത്തിവെക്കാനാവും.
എല്ലാവർക്കും ശരിയായ സമയത്ത് ശരിയായ വാക്സിൻ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ലോകത്തെ മുഴുവൻ സാഹചര്യം കണക്കിലെടുക്കാൽ, പല വികസ്വര രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ വാക്സിനേഷൻ ദൗത്യം ദൗത്യം നടപ്പാക്കാൻ നമുക്ക് കഴിഞ്ഞുവെന്ന് കാണാൻ കഴിയും. എന്നാൽ രാജ്യത്തിന് സത്പേര് മോശമാക്കുക എന്നതാണ് ചില സ്ഥാപിത താത്പര്യക്കാരുടെ ലക്ഷ്യം. കോവിഡ് മഹാമാരി എല്ലാ രാജ്യങ്ങളെയും ഒരേ രീതിയിലാണ് ബാധിച്ചത്. എന്നാൽ പല വികസ്വര രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട രീതിയിൽ നമുക്ക് കോവിഡിനെ നേരിടാൻ കഴിഞ്ഞു. വിമർശനങ്ങളെയെല്ലാം അതിജീവിക്കാൻ കഴിഞ്ഞു.
2014 ൽ ആറ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 22 എണ്ണത്തിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. 2014 ൽ 380 മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത്. 560 എണ്ണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്