ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി രാജ്യം. നീരജിന്റേത് ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യത്തിനായി സ്വർണ മെഡൽ സമ്മാനിച്ച നീരജിന്റെ പ്രകടനം എക്കാലവും ഓർക്കപ്പെടുമെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു.

 

നീരജിന്റെ മെഡൽ നേട്ടം രാജ്യത്തെ യുവാക്കൾക്ക് വലിയ പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. നീരജിന്റെ ജാവലിൻ തടസ്സങ്ങൾ തകർത്ത് രാജ്യത്തിനായി ചരിത്രം സൃഷ്ടിച്ചു. പങ്കെടുത്ത ആദ്യ ഒളിമ്പിക്സിൽ തന്നെ അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടാൻ നീരജിന് സാധിച്ചു. രാജ്യം വലിയ ആഹ്ലാദത്തിലാണെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

 

കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് നീരജ് രാജ്യത്തിന് നൽകിയ നേട്ടത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നീരജിനെ ഇന്ത്യയുടെ ഗോൾഡൻ ബോയ് എന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ വിശേഷിപ്പിച്ചത്. നീരജിന്റെ പേര് ചരിത്ര പുസ്തകങ്ങളിൽ സുവർണ ലിപികളിൽ എഴുതപ്പെടുമെന്നും അനുരാഗ് ഠാക്കൂർ ട്വീറ്റ് ചെയ്തു.

 

രാജ്യത്തിന്റെ സ്വപ്നം നീരജ് യാഥാർഥ്യമാക്കിയെന്ന് ഒളിമ്പിക്സ് വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ നേടിയ അഭിനവ് ബിന്ദ്ര ട്വീറ്റ് ചെയ്തു. നീരജിന്റെ നേട്ടത്തിൽ ഏറെ അഭിമാനമെന്ന് പറഞ്ഞ അഭിനവ് ബിന്ദ്ര അദ്ദേഹത്തെ ഒളിമ്പിക്സ് സ്വർണ മെഡൽ ക്ലബിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

നീരജിന്റെ നേട്ടത്തോടെ ഇന്ത്യ കൂടുതൽ തിളങ്ങുന്നുവെന്നും എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നോട്ടമാണിതെന്നും മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ ട്വീറ്റ് ചെയ്തു. 

ജാവലിൻ ത്രോയിലെ നീരജ് ചോപ്രയുടെ സ്വർണ നേട്ടം ഇന്ത്യൻ അത്ലറ്റിക്സിന് ഒരു പുത്തൻ ഉണർവാകട്ടെയെന്ന് അഞ്ജു ബോബി ജോർജ് പ്രതികരിച്ചു. ''ഇന്ത്യൻ അത്ലറ്റിക്സിലെ ചരിത്രമാണിത്. ഇതിനായി കുറേ വർഷങ്ങളായി നാം കാത്തിരിക്കുന്നു. നിരവധി തവണ നേരിയ വ്യത്യാസത്തിന് നഷ്ടമായ ഒരു നേട്ടമാണിത്. ഇത്തവണ സ്വർണ നേട്ടം കൊണ്ടു തന്നെ അതിനെല്ലാം ഒരു പരിഹാരമായിരിക്കുന്നു.'' - അഞ്ജു പറഞ്ഞു.

സർക്കാരിന് ഇതിന്റെ ക്രെഡിറ്റ് കൊടുക്കാതിരിക്കാനാകില്ലെന്നും അഞ്ജു പറഞ്ഞു. പ്രത്യേകിച്ച് സായി. അത്ലറ്റ്സിന് മികച്ച പിന്തുണയാണ് ഇത്തവണ നൽകിയത്. പരിശീലനത്തിനും മറ്റും മികച്ച പിന്തുണയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് താരങ്ങൾക്ക് കിട്ടയത്. അത് ഫപ്രദമാകുകയും ചെയ്തു. അഞ്ജു പറഞ്ഞു.

ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേട്ടത്തിലൂടെ ചരിത്രമെഴുതിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് ഹരിയാണ സർക്കാർ ആറു കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഹരിയാണയിലെ പാനിപതിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കാന്ദ്രയാണ് നീരജിന്റെ സ്വദേശം.

87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് സ്വർണം കഴുത്തിലണിഞ്ഞത്. രണ്ടാം റൗണ്ടിലായിരുന്നു ഈ സ്വർണ പ്രകടനം. അത്ലറ്റിക്സിൽ ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സിൽ സ്വർണം നേടുന്നത്.

ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച ഇംഗ്ലീഷുകാരൻ നോർമൻ പ്രിച്ചാർഡ് മാത്രമാണ് ഇതിന് മുൻപ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയത്. 1900 പാരിസ് ഗെയിംസിൽ. അതിനു ശേഷം മിൽഖാസിങ്ങിനും പി.ടി.ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബോബി ജോർജ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.