ന്യുഡൽഹി: കോവിഡ് 19 മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ വാക്സിൻ ഉത്പാദനം നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. രാജ്യത്തെ പ്രശസ്തമായ മൂന്ന് മരുന്ന് ഉത്പാദന കമ്പനികളിലാണ് മോദി സന്ദർശനം നടത്തുന്നത്. രാവിലെ അഹമ്മദാബാദിലെ Zydus Cadila ൽ മോദിയെത്തും. ZyCoV-Dവാക്സിൻ ഉത്പാദനത്തിലുള്ള പരിശ്രമമാണ് ഇവിടെ നടക്കുന്നത്.

ആസ്ട്ര സിനെക- ഓക്സ്ഫോർഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന പൂണെയിലെ സിറം ഇൻസ്റ്റിറ്റിയുട്ടിലും കൊവാക്സിൻ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്കിലും അദ്ദേഹം സന്ദർശനം നടത്തും. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തിയാർജിച്ചതോടെയാണ് വാക്സിൻ ഉത്പാദന പരീക്ഷണം വിലയിരുത്താൻ പ്രധാനമന്ത്രി എത്തുന്നതും. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി സംസാരിച്ച മോദി, കൊവിഡിനെതിരായ ഒരുമിച്ചുള്ള പോരാട്ടവും വാക്സിൻ ഉത്പാദനവും ചർച്ച ചെയ്തു.

രാവിലെ ഒമ്പത് മണിയോടെ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ മോദി ആദ്യം Zydus Cadila പ്ലാന്റിൽ സന്ദർശനം നടത്തുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൽ പട്ടേൽ പറഞ്ഞു. ZyCoV-Dവാക്സിൻ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തിയെന്നും രണ്ടംഘട്ട പരീക്ഷണം ഓഗസ്റ്റിൽ ആരംഭിച്ചതായും Zydus Cadila വ്യക്തമാക്കിയിരുന്നു.