ന്യൂഡൽഹി: തീവ്രനിലപാട് വച്ചുപുലർത്തുന്ന ഒരു വിഭാഗം സംഘപരിവാർ അനുഭാവികൾ കേന്ദ്രസർക്കാറിന് നിരന്തരം തലവേദന ഉണ്ടാക്കുന്ന സാഹചര്യത്തിൽ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ആമിർ ഖാനെതിരെ അടക്കം പ്രതികരിച്ച വിഷയത്തിൽ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയതോടെയാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

അക്രമത്തിന്റേതായ ഏതു സംഭവവും സമൂഹത്തിനും രാജ്യത്തിനുമെതിരായ കളങ്കമാണെന്നും അതെല്ലാവരിലും വേദനയുളവാക്കുമെന്നു പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതായുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാർലമെന്റിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കവെയാണ് മോദി നിലപാട് വ്യക്തമാക്കിയത്. ഒരുമയും ഐക്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ട് വളരാൻ സഹായിക്കുന്ന ഘടകങ്ങളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തെ 125 കോടിയിൽപ്പരം ആളുകളുടെ രാജ്യസ്‌നേഹത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും രാജ്യസ്‌നേഹം ഉണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആരും ഒരിടത്തും ഹാജരാക്കേണ്ട കാര്യമില്ലെന്നും മോദി വ്യക്തമാക്കി. രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നു എന്ന തരത്തിൽ പ്രസ്താവന നടത്തുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അത്തരക്കാർക്ക് പാക്കിസ്ഥാനിലേക്ക് പോകാം എന്ന പ്രസ്താവന പതിവാകുകയും ചെയ്യുന്നതിനിടെയാണ് ഇക്കാര്യത്തിൽ തന്റെ നയം പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ദേശീയോദ്‌ഗ്രഥനത്തിനെതിരെ ഇന്ത്യ പോലൊരു രാജ്യത്ത് നമുക്കു നൂറുകൂട്ടം കാര്യങ്ങൾ ഉദാഹരണമായി എടുത്തു കാണിക്കാൻ ഉണ്ടാകുമെങ്കിലും രാജ്യത്തെ ഒന്നിപ്പിച്ചു നിർത്തുന്ന ഘടകങ്ങളെ തേടിക്കണ്ടുപിടിക്കുന്നതാണ് എപ്പോഴും ഉചിതമെന്നും മോദി ചൂണ്ടിക്കാട്ടി. ഒരുമയുടെ മന്ത്രത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ടായിരുന്നു മോദിയുടെ മറുപടി.

പാർലമെന്റിലെ പ്രസംഗത്തിന് പിന്നാലെ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളോട് പ്രതികരിച്ച് അബദ്ധങ്ങളിൽ വീഴരുതെന്ന് ബിജെപി എംപിമാർക്ക് നിർദ്ദേശവും പ്രധാനവും പാർട്ടി നൽകി. ഇന്നലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് എംപിമാർക്ക് നിർദ്ദേശംനൽകിയത്. കേരളത്തിൽ അദ്ധ്യാപകൻ കുട്ടികളുടെ മുന്നിൽ വച്ച് നിർദാക്ഷിണ്യം കൊല്ലപ്പെട്ടപ്പോഴും കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയപ്പോഴും ആരും അസഹിഷ്ണുത ആരോപിച്ചിരുന്നില്ലെന്ന് യോഗത്തിൽ നായിഡു ചൂണ്ടിക്കാട്ടി.

അസഹിഷ്ണുതാ വിവാദങ്ങൾ ഉയർന്നപ്പോൾ ചില ബിജെപി നേതാക്കൾ നടത്തിയ പ്രസ്താവനകൾ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് എംപിമാർക്ക് മുന്നറിയിപ്പ് നൽകിയത്. കേന്ദ്ര മന്ത്രി വി.കെ.സിങ്, എംപിമാരായ യോഗി ആദിത്യ നാഥ്, സാക്ഷി മഹാരാജ് എന്നിവരുടെ പ്രസ്താവനകൾ ലോക്‌സഭയിൽ ഇന്നലെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആയുധമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷാംഗങ്ങൾ എത്ര പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും നിയന്ത്രണം കൈവിടരുതെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം. ഇന്നലെ രാഹുൽ ഗാന്ധി വിമർശിപ്പോൾ സാക്ഷി മഹാരാജ് പ്രതികരിച്ചിരുന്നില്ല. തന്റെ പേരെടുത്ത് പറയുന്നത് രേഖയിൽ നിന്ന് നീക്കണമെന്ന് സ്പീക്കറോട് പരാതിപ്പെടുക മാത്രമാണ് ചെയ്തത്.

അസഹിഷ്ണുതാ വാദികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് ലക്ഷ്യമിടുന്നതെന്ന് നായിഡു യോഗത്തിൽ ചൂണ്ടിക്കാട്ടി. ചില കോൺഗ്രസ് നേതാക്കൾ പാക്കിസ്ഥാനിൽ ചെന്ന് കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തുന്നു. കുട്ടികളുടെ മുന്നിലിട്ട് കെ. ടി. ജയകൃഷ്ണനെ വധിച്ചപ്പോഴും പ്രൊഫ.ടി.ജെ ജോസഫ് എന്ന അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയപ്പോഴും തസ്‌ളിമ നസ്രിനെ ഹൈദ്രാബാദ് പ്രസ്‌ക്ലബിൽ അക്രമിച്ചപ്പോഴും ആരും മിണ്ടിയില്ലെന്നും നായിഡു പറഞ്ഞു.