ന്യൂഡൽഹി: പൂച്ചയ്ക്കാര് മണികെട്ടും എന്ന് കാതോർത്തിരുന്നവർക്ക് ഒരു ഉത്തരം കിട്ടി. സുബ്രഹ്മണ്യം സ്വാമിയെന്ന ശല്യക്കാരനെ മെരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് രംഗത്തെത്തിയത്. റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനെതിരെ നിരന്തരം വിമർശനം ചൊരിഞ്ഞ രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമിക്ക് താക്കീരുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. സുബ്രഹ്മണ്യൻ സ്വാമിയെ പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ വിമർശനം.

രഘുറാം രാജനെതിരെ നടത്തിയ പരാമർശം ഉചിതമായില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വിമർശനം ഉന്നയിച്ചയാൾ തന്റെ പാർട്ടി അംഗമാണോ അല്ലയോ എന്നതല്ല മറിച്ച് ഇത്തരം പരാമർശങ്ങൾ അനുചിതമാണ്. അവ രാജ്യത്ത് ഗുണം ചെയ്യുന്നതല്ല. രഘുറാം രാജൻ തനിക്ക് തന്ന അനുഭവം നല്ലതാണ്. അദ്ദഹം ഇന്ത്യയെ സ്നേഹിക്കുന്നുണ്ട് മാത്രമല്ല രാജ്യസ്നേഹിയുമാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പാർട്ടിക്കാരനായ എംപിയുടെ രഘുറാം രാജൻ വിരുദ്ധ പരാമർശങ്ങളെ കുറിച്ച് മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി.

രഘുറാം രാജനെ ആർബിഐ തലപ്പത്ത് രണ്ടാം ടേം കൂടി കൊടുക്കുമെന്ന പ്രതീതിയുണ്ടായപ്പോഴാണ് അദ്ദേഹത്തെ പുറത്താക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടത്. അമേരിക്കൻ ഗ്രീൻ കാർഡ് കൈവശമുള്ള രഘുറാം രാജന്റെ ഇന്ത്യയോടുള്ള കൂറ് ചോദ്യം ചെയ്താരുന്നു സ്വാമിയുടെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാമി കത്തയക്കുകയും ചെയതു. സമാന ആരോപണമാണ് അരവിന്ദ് സുബ്രഹ്ണ്യത്തിനെതിരെയും സ്വാമി ഉന്നയിച്ചത്. അച്ചടക്കം പാലിക്കുന്നതിന് സ്വാമിക്ക് നിർദ്ദേശം നൽകണണെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നപ്പോഴും ഇതിനെ പരിഹസിച്ച് സ്വാമി ട്വീറ്റ് ചെയ്യുകയുണ്ടായി.

റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെ വിമർശിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ ധനകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്ണ്യത്തിനെതിരെയും കഴിഞ്ഞ ദിവസം സുബ്രഹ്മണ്യൻ സ്വാമി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രിയെ കൂടി പരോക്ഷമായി വിമർശിക്കുന്ന വിധത്തിലായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശനങ്ങൾ. ഇതിനെതിരെ രംഗത്ത് വന്ന ധനമന്ത്രി ജെയ്റ്റ്ലി സുബ്രഹ്മണ്യൻ സ്വാമിയോട് സ്വയം അച്ചടക്കം പരിശീലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അരുൺ ജയ്റ്റിലിക്കെതിരെ വാചകക്കസർത്തുമായി രംഗത്തിറങ്ങിയതോടെയാണ് മോദി സ്വാമിക്കെതിരെ രംഗത്തിറങ്ങിയത്. ധനമന്ത്രിയെ ലക്ഷ്യമിട്ടും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നിരന്തരം പ്രസ്താവനകൾ നടത്തുന്ന സ്വാമി തലവേദനയായെന്ന് മുതിർന്ന ബിജെപി നേതാക്കൾതന്നെ വ്യക്തമാക്കിയിരുന്നു. ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി തൊടുക്കുന്ന ആരോപണങ്ങൾ യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് ധനമന്ത്രിയെ തന്നെയാണെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആർഎസ്എസ് പ്രത്യേക താൽപര്യം എടുത്താണ് സുബ്ഹ്മണ്യൻ സ്വാമിയെ ബിജെപിയിൽ എത്തിച്ചത്. 2013ൽ സ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആർ.എസ്.എസിനും തലവേദനയായി മാറി. സ്വാമിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിയെ പരിഹസിച്ച് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും രംഗത്തെത്തി. അതിനിടെ മ്ന്ത്രിപദവി ലക്ഷ്യമിട്ടു നീങ്ങുന്ന സ്വാമി എൻഎസ്ജി അംഗത്വക്കാര്യത്തിൽ നടത്തിയ പ്രസ്താവനയും ബിജെപി നേതൃത്വത്തിന് സുഖിച്ചിട്ടില്ല. ഇന്ത്യയുടെ എൻ.എസ്.ജി. അംഗത്വത്തിന് ചൈനയെ അനുകൂലമാക്കാൻ താൻ തയ്യാറാണെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ ഈ ചുമതലയേറ്റെടുക്കാൻ താൻ ഒരുക്കമാണ്.

ചൈനയുടെ അതിഥിയായി താൻ ഈയിടെ പോയിരുന്നു. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലം മുതൽ ചൈനയിലെ മുതിർന്ന നേതാക്കളുമായി തനിക്കു ബന്ധമുണ്ട്. തന്റെ ആവശ്യപ്രകാരമാണ് കൈലാസ്മാനസസരോവർ പാത തുറന്നുകൊടുത്തത്.- ഇങ്ങനെ പോയി സ്വാമിയുടെ പ്രസ്താവനകൾ.