ന്യൂഡൽഹി: രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രതിരോധിച്ചവരെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകർത്തുവെന്നും കോൺഗ്രസിനെ ലക്ഷ്യം വച്ചു മോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാൽപതാം വർഷികത്തിലാണു മോദിയുടെ ട്വിറ്റർ സന്ദേശം.

വിപുലമായ പരിപാടികളാണ് അടിയന്തരാവസ്ഥയുടെ നാൽപതാം വാർഷിക ദിനത്തിൽ കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. അടിയന്തരാവസ്ഥയുടെ നാളുകൾ തിരിച്ചുവരികയാണെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അദ്വാനി കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഒളിയമ്പുകൾ എയ്യാനും അന്നു അദ്വാനി തയ്യാറായി. ഇതിനു പിന്നാലെയാണ് നരേന്ദ്ര മോദിയുടെയും പ്രതികരണം.

1975 ജൂൺ 25ന് അർധരാത്രിയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പുറപ്പെടുവിച്ച് ഒപ്പുവച്ചു. 21 മാസം നീണ്ട ആഭ്യന്തര അടിയന്തരാവസ്ഥ 1977 മാർച്ച് 21നാണ് പിൻവലിച്ചത്. ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുകയും. മാദ്ധ്യമങ്ങൾക്കെതിരെ കർശനനിയന്ത്രണം കൊണ്ടു വരികയും ചെയ്തിരുന്നു.

രാജ്യമെങ്ങും നിരവധി സ്ത്രീകളും പുരുഷന്മാരുമാണ് ജയപ്രകാശ് നാരായണന്റെ ആഹ്വാനം ഏറ്റെടുത്തു ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി സ്വയമിറങ്ങിയതെന്ന് മോദി പറഞ്ഞു. നിരവധി പ്രതിപക്ഷ നേതാക്കളോടൊപ്പം ജയപ്രകാശ് നാരായണനും സർക്കാരിനെതിരെ പ്രതിഷേധം നടത്തി. തുടർന്നാണ് മുതിർന്ന നേതാക്കൾക്കൊപ്പം ബിജെപി രൂപീകരിച്ചത്. അടിയന്തരാവസ്ഥയുടെ സമയത്ത് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോൺഗ്രസ് സർക്കാർ നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കി. മാദ്ധ്യമങ്ങളെയും നിയന്ത്രിച്ചു.

തന്റെ യൗവന കാലഘട്ടത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനെതിരായ പ്രതിഷേധങ്ങളിലൂടെ നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. നിരവധി നേതാക്കളുടെയും സംഘടനകളുടെയുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചതായും മോദി പറഞ്ഞു.